ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്; നിയമലംഘനം വര്‍ധിക്കുന്നു

31
അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസുകള്‍ നല്‍കി തുടങ്ങിയതോടെ താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ പരിശോധനക്കായി കാത്തുനില്‍ക്കുന്ന വാഹനങ്ങളുടെ നീണ്ട നിര

കോഴിക്കോട്: ലോക്ഡൗണ്‍ ഇളവുകള്‍നിലവില്‍വന്നതോടെ ജില്ലയില്‍ നിയമലംഘനവും വര്‍ധിക്കുന്നു. ഗ്രാമീണമേഖലയിലടക്കം പൊലീസ് പരിശോധന കുറഞ്ഞതോടെ ഇരുചക്രവാഹനങ്ങളില്‍ നിരത്തിലിറങ്ങുന്നവരുടെഎണ്ണം കൂടിവരികയാണ്. കോവിഡ് ജാഗ്രതയുടെ ഭാഗമായി ഒരാള്‍ക്ക് മാത്രം അനുമതി നിലനില്‍ക്കെ ഹൈല്‍മറ്റില്ലാതെയും മൂന്ന്‌പേരുമായുമെല്ലാം യുവാക്കള്‍ നിരത്തിലിറങ്ങുന്നത് അപകടഭീഷണിയുയര്‍ത്തുന്നു.
അതേസമയം, നഗരങ്ങളില്‍ പ്രധാനകേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന തുടരുന്നുണ്ടെങ്കിലും മുന്‍പത്തേപോലെ കര്‍ശനമല്ല. ലോക്ഡൗണ്‍ ലംഘിച്ച് അനാവശ്യമായി ചുറ്റികറങ്ങുന്നവര്‍ ഇതോടെ നിരത്ത് കീഴടക്കി. മോട്ടോര്‍വാഹനവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘവും വിവിധ മേഖലകളിലായി പരിശോധനയ്ക്കുണ്ടെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഹെല്‍മറ്റില്ലാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ പിഴഈടാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുന്നില്ല.
നഗരത്തില്‍ സിഗ്നലുകള്‍ പഴയതുപോലെ പുന:സ്ഥാപിച്ചെങ്കിലും ബൈപ്പാസുകളിലുംമറ്റും വാഹനതിരക്ക് കുറവായതിനാല്‍ ചീറിപായുന്ന സ്ഥിതിയാണ്. രാത്രിയില്‍ തെരുവ് വിളക്കുകള്‍ അണഞ്ഞുകിടക്കുന്നതും അപകടസാധ്യത കൂട്ടുന്നു. പൊലീസ് പട്രോളിംഗ് കുറഞ്ഞതോടെ രാത്രികാലങ്ങളില്‍ കടവരാന്തയിലും മറ്റുമായി ആളുകള്‍ കൂട്ടംകൂടുന്നതും വര്‍ധിച്ചിട്ടുണ്ട്. ജില്ലയില്‍ നിയമലംഘനങ്ങള്‍ കൂടിവരുന്നതോടെ പൊലീസ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചു.

കോവിഡ് 19 ജാഗ്രത: 2803 വാഹന പെര്‍മിറ്റുകള്‍ നല്‍കി
കോഴിക്കോട്: ജില്ലയില്‍ മാര്‍ച്ച് 25 മുതല്‍ മെയ് അഞ്ച് വരെയായി 2803 ചരക്കു വാഹന പെര്‍മിറ്റിനുള്ള അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കി. 2082 അന്തര്‍ജില്ല പെര്‍മിറ്റുകളും 721 അന്തര്‍സംസ്ഥാന പെര്‍മിറ്റുകളുമാണ് അനുവദിച്ചത്. ആകെ 8869 അപേക്ഷകള്‍ ലഭിച്ചിരുന്നു. വാഹന പെര്‍മ്മിറ്റിനുള്ള അപേക്ഷകള്‍ കോവിഡ് 19 ജാഗ്രത പ്രോഗസ്റ്റീവ് വെബ് അപ്ലിക്കേഷന്‍ വഴിയും നേരിട്ട് കണ്‍ട്രോള്‍ റൂമുകളിലുമായാണ് സ്വീകരിച്ചിരുന്നത്. ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ചരക്കുവാഹനങ്ങള്‍ക്ക് ഇപ്പോള്‍ പാസ് ആവശ്യമില്ല.
നിലവില്‍ സംസ്ഥാനത്തിന് പുറത്തേക്ക് യാത്രചെയ്യുന്നവര്‍ ‘കോവിഡ് 19 ജാഗ്രത’ വെബ് പോര്‍ട്ടലില്‍ നിന്നും ‘എമര്‍ജന്‍സി ട്രാവല്‍ പാസ്’ എടുക്കേണ്ടതാണ്. ഇതിനുള്ള അപേക്ഷയോടെപ്പം കോവിഡ് രോഗലക്ഷണങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യണം. ഈ സര്‍ട്ടിഫിക്കറ്റ് ചെക്ക്‌പോസ്റ്റുകളില്‍ കാണിക്കാനായി കൈയ്യില്‍ കരുതണം.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി ്രൈപമറി ഹെല്‍ത്ത് സെന്ററുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ആശുപത്രികളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.