മഞ്ചേശ്വരം: മഞ്ചേശ്വരത്തെ വാടക വീട്ടിലെ ഹഫീസ ബാനുവിനും കുടുംബത്തിനും വനിതാശിശു വികസന വകുപ്പിന്റെ കരുതല്‍. ലോക്ക്ഡൗണില്‍ കുടുങ്ങിയ ഹഫീസ വനിതാ ശിശു വികസന വകുപ്പിന്റെ തണലില്‍ ജില്ലാ ആസ്പത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി. ഭര്‍ത്താവുമൊത്ത് വാടക വീട്ടില്‍ കഴിയുന്ന പൂര്‍ണ ഗര്‍ഭിണിയായ ഹഫീസക്ക് ലോക്ക്ഡൗണിനെ തുടര്‍ന്ന് ഉഡുപ്പിയിലെ സ്വന്തം വീട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല.
മെയ് അഞ്ചിനായിരുന്നു ഡോക്ടര്‍ പ്രസവ തിയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഏപ്രില്‍ 24ന് തന്നെ പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ അധികൃതരുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ എത്തിച്ചു.
പ്രസവശേഷം ആംബുലന്‍സില്‍ ഇവരെ വാടക വീട്ടിലേക്ക് തിരികെ എത്തിച്ചു. പ്രസവ ശേഷമുള്ള പരിചരണങ്ങളും ശുശ്രൂഷകളും നല്‍കാനായി ഭാര്യയുടെ വീട്ടില്‍ എത്തിക്കണമെന്ന ആവശ്യവുമായി വകുപ്പുമായി യുവതിയുടെ ഭര്‍ത്താവ് വീണ്ടും ബന്ധപ്പെട്ടു.
പ്രസവ ശേഷമുള്ള സ്ത്രീകളുടെ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ് വിവിധ വകുപ്പുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനത്താല്‍ ഹഫീസ ബാനുവിനെ ഉഡുപ്പിയിലുള്ള അവരുടെ വീട്ടില്‍ സുരക്ഷിതമായി എത്തിച്ചു.