കെ.എസ്.ആര്‍.ടി.സി ബസ് ഇന്ന് സര്‍വീസ് ആരംഭിക്കും

20
കരുതലോടെ/ ഇന്ന് സര്‍വീസ് പുനരാരംഭിക്കുംമുമ്പ് മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ബസ് ശുചീകരിക്കുന്ന ജീവനക്കാരന്‍.

ലോക്ക് ഡൗണില്‍ നഷ്ടം 12 കോടി

രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ
ജില്ലക്കകത്ത് മാത്രമായിരിക്കും സര്‍വീസ്

മലപ്പുറം: കോവിഡ് ലോക്ക് ഡൗണില്‍ ജില്ലക്കകത്തുള്ള പൊതുഗതാഗതത്തിന് അനുമതി ലഭിച്ചതോടെ ഇന്ന് മുതല്‍ കെ.എസ്.ആര്‍.ടി.സി ഭാഗികമായി സര്‍വീസുകള്‍ ആരംഭിക്കും. ആദ്യത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് 57 ദിവസത്തിന് ശേഷമാണ് ഭാഗികമായി സര്‍വീസ് ആരംഭിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ് നടത്തുക. രാവിലെ ഏഴ് മണിക്ക് തുടങ്ങി ഏഴ് മണിക്ക് അവസാനിപ്പിക്കുന്ന രീതിയിലാണ് സര്‍വീസ് നടത്തുക. ബസ്സില്‍ 24 ഓളം പേര്‍ക്ക് മാത്രമായിരിക്കും യാത്ര ചെയ്യാനാവുക. നിന്നുകൊണ്ട് യാത്ര ചെയ്യാന്‍ അനുവാദമില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നിരക്കിലായിരിക്കും ടിക്കറ്റിന് ഈടാക്കുക. രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെയും നാല് മണി മുതല്‍ ഏഴ് മണിവരെയുള്ള സമയത്തുമായിരിക്കും അധിക സര്‍വീസുകളും. വരും ദിവസങ്ങളില്‍ പൊതുജനങ്ങളുടെ സൗകര്യാര്‍ഥം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ് അനുവദിക്കുമെന്ന് കെ.എസ്.ആര്‍. ടി.സി അധികൃതര്‍ വ്യക്തമാക്കി. അടച്ചിടലിന് ശേഷം അതിഥി തൊഴിലാളികളെ റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കുന്നതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയുമുള്ള സര്‍വീസുകള്‍ മാത്രമാണ് നടത്തിക്കൊണ്ടിരിന്നു. ലോക്ക് ഡൗണില്‍ സര്‍വീസ് നിര്‍ത്തിയതോടെ കെ.എസ്.ആര്‍.ടി.സിക്ക് ഏകദേശം 12 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

മലപ്പുറത്ത് നിന്നും പത്ത് സര്‍വീസുകള്‍
ജില്ലാ ആസ്ഥാനത്തുള്ള മലപ്പുറം ഡിപ്പോയില്‍ നിന്നും തിരൂര്‍ – മഞ്ചേരി റൂട്ടില്‍ മൂന്നോളം സര്‍വീസും മലപ്പുറം ഡിപ്പോയില്‍ നിന്നും അന്തര്‍ ജില്ലാ സര്‍വീസുണ്ടായിരുന്ന പാലക്കോട്-കോഴിക്കോട് റൂട്ടില്‍ പെരിന്തല്‍മണ്ണ- കൊണ്ടോട്ടിവരെ മാത്രവും സര്‍വീസ് നടത്തും. ഏഴോളം ബസുകളാണ് ഇന്ന് സര്‍വീസുണ്ടായിരിക്കുക. അടുത്ത ദിവസങ്ങളില്‍ യാത്രക്കാരുടെ ആവശ്യാനുസരണം കൂടുതല്‍ ക്രമീകരണങ്ങള്‍ വരുത്തും. സാധാരണഗതിയില്‍ 38 ഓളം സര്‍വീസുകള്‍ ഇവിടെ നിന്നുണ്ടായിരുന്നു. ലോക്ക് ഡൗണില്‍ 3.42 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വരും ദിവസങ്ങളില്‍ കൃത്യമായ ഷെഡ്യൂളുകളുണ്ടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിലമ്പൂരില്‍ നിന്ന് ഒമ്പത് സര്‍വീസുകള്‍
ഇന്ന് നിലമ്പൂര്‍ ഡിപ്പോയില്‍ നിന്ന് ഒമ്പത് സര്‍വീസുകളാണ് ഉണ്ടായിരിക്കുക. ഇതില്‍ ആറെണ്ണം വഴിക്കടവ് മഞ്ചേരി-കൊണ്ടോട്ടി റൂട്ടിലും മൂന്നെണ്ണം നിലമ്പൂര്‍-പെരിന്തല്‍മണ്ണ റൂട്ടിലുമാണ് സര്‍വീസ് നടത്തുക. ശരാശരി 38 ഓളം സര്‍വീസുകളാണ് ഈ ഡിപ്പോയില്‍ നിന്നും സാധരണഗതിയിലുണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ ആവശ്യാനുസരണം ജില്ലക്കകത്ത് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ഉദ്യോഗസ്ഥര്‍ക്കായി കാളികാവ്- മഞ്ചേരി, വഴിക്കടവ്-നിലമ്പൂര്‍ മഞ്ചേരി റൂട്ടിലും ദിനേന രണ്ട് സര്‍വീസ് വീതം നടത്തുന്നുണ്ട്. ഇതിന് പുറമെ വിവിധ ദിവസങ്ങളിലായി അതിഥി തൊഴിലാളികളെ റെയില്‍വെ സ്റ്റേഷനിലെത്തിക്കാന്‍ 19 സര്‍വീസും നടത്തി. ഒരു ബാംഗ്ലൂര്‍ സര്‍വീസും നാല് ഗൂഡല്ലൂര്‍ സര്‍വീസും ഉള്‍പ്പടെ മുടങ്ങിക്കിടക്കുകയാണ്. ഇതോടെ മൂന്ന് കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് നിലമ്പൂര്‍ ഡിപ്പോക്ക് ഉണ്ടായിട്ടുള്ളത്.

പെരിന്തല്‍മണ്ണയില്‍ നിന്ന് അഞ്ച് സര്‍വീസ്
പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്ന് കൊണ്ടോട്ടി, വഴിക്കടവ്, അരീക്കോട്, വളാഞ്ചേരി, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസ് വീതമാണ് ഇന്നുണ്ടാവുക. ആറോളം അന്തര്‍ സംസ്ഥാന സര്‍വീസ് ഉള്‍പ്പടെ 42 സര്‍വീസുകളാണ് ഇവിടെ നിന്നും സാധാരണ ഗതിയുലുണ്ടായിരുന്നത്. പെരിന്തല്‍മണ്ണ ഡിപ്പോക്ക് ലോക്ക് ഡൗണില്‍ മൂന്ന് കോടിരൂപയുടെ വരുമാന നഷ്ടമുണ്ടായിട്ടുണ്ട്.

പൊന്നാനിയില്‍ എടപ്പാളിലേക്കും തിരൂരിലേക്കും സര്‍വീസുകള്‍
പൊന്നാനി ഡിപ്പോയില്‍ നിന്ന് ഇന്നു മുതല്‍ തിരൂരിലേക്ക് നാലും എടപ്പാളിലേക്ക് മൂന്നും സര്‍വീസുകളുണ്ടാവും. ഇവിടെ നിന്നും രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയായിരിക്കും ബസ്സുകളുണ്ടാവുക. അടിച്ചിടലിനിടയിലും ദിവസേന ഉദ്യോഗസ്ഥര്‍ക്കായി രണ്ട് സര്‍വീസും അതിഥി തൊഴിലാളികളെ റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കുന്നതിന് 50 സര്‍വീസും നടത്തി. അടച്ചിടലില്‍ 2.56 കോടി രൂപയോളമാണ് വരുമാന നഷ്ടമാണുണ്ടായത്.

സ്വകാര്യ ബസ് സര്‍വീസ്: തീരുമാനമായില്ല
മലപ്പുറം: ലോക്ക് ഡൗണ്‍ നിയന്ത്രണത്തെ തുടര്‍ന്ന് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇതനുസരിച്ച് സര്‍വീസ് നടത്തിയാല്‍ നഷ്ടം നേരിടുമെന്ന് ബസുടമകള്‍. സ്വകാര്യബസുകള്‍ അധികവും ഇന്ന് സര്‍വീസ് നടത്തിയേക്കില്ലെന്ന് വിവിധ സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. അറുപതോളം ദിവസമായി നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍ ബസുകള്‍ അറ്റകുറ്റപ്പണികൂടി പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ സര്‍വീസ് പുനരാരംഭിക്കാന്‍ സാധിക്കുകയുള്ളു. ജി ഫോം നല്‍കിയിരിക്കുന്നതിനാല്‍ ബസുകള്‍ അറ്റകുറ്റുപ്പണികളൊന്നും പൂര്‍ത്തിയാക്കിയിട്ടില്ല. നഷ്ടമില്ലാതെ സര്‍വീസ് നടത്താനുള്ള സാഹചര്യമുണ്ടായാലേ സര്‍വീസ് പുനരാരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് സംബന്ധിച്ച് ഇന്ന് ഗതാഗത മന്ത്രിയുമായി ചര്‍ച്ചനടത്തുമെന്നും ബസുടമകള്‍ പറയുന്നു. നിലവില്‍ ജില്ലക്കകത്ത് മാത്രമാണ് പൊതുഗതാഗതത്തിന് അനുമതിയുള്ളത്.