കൈവരി തകര്‍ന്നു; യാത്ര അപകട ഭീഷണിയില്‍

ചരക്കുലോറിയിടിച്ചു തകര്‍ന്ന മന്ദംപുള്ളി വളവു പാലം കൈവരിയും ബണ്ടും

കൊല്ലങ്കോട്: ചരക്കു ലോറിയിടിച്ചു തകര്‍ന്ന മന്ദംപുള്ളിപ്പാലം വാഹനയാത്രയ്ക്ക് ഭീതിജനകമായിരിക്കുകയാണ്. രണ്ടു മാസം മുമ്പ് എതിരെ വന്ന ചരക്കുലോറിക്ക് വഴിമാറികൊടുക്കുന്നതിനിടെയാണ് മന്ദംപുള്ളിയില്‍ കനാല്‍ ബണ്ടും കൈവിരിയും നിലം പതിച്ചത്. ഇതിനു സമീപത്താണ് വാഹനാപകടങ്ങള്‍ പതിവായി നടന്നു വരുന്നത്. പാലത്തിനു സമീപത്തെ പോക്കറ്റ് റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പ്രധാന പാതയിലേക്ക് തിരിയാന്‍ ഏറെ വിഷമിക്കേണ്ടതായും വരുന്നുണ്ട്. കൊല്ലങ്കോട്-പുതുനഗരം പ്രധാന പാതയെന്നതിനാല്‍ യാത്ര വാഹനങ്ങളും ചരക്കുവാഹനങ്ങളും നിരന്തരം സഞ്ചരിക്കുന്ന പാതയാണിത്.
ഇരുചക്രവാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുന്നതു റോഡിന്റെ കിഴക്കുഭാഗത്തേക്ക് മറിയുന്നതും പതിവു സംഭവമായിരിക്കുകയാണ്. കൈവിരി തകര്‍ന്ന പാലത്തിനടുത്ത് ബൈക്ക് നിയന്ത്രണം വിട്ടു താഴെയിറക്കിയ സംഭവവും ഇക്കഴിഞ്ഞ ദിവസം നടന്നിരുന്നു ഈ സ്ഥലത്തെ വളവു പാതയില്‍ രണ്ടു സ്വകാര്യ ബസ്സുകളും ഒരു ടാങ്കര്‍ ലോറിയും വയലിലേക്കിറങ്ങി ചരിഞ്ഞ അപകടം നടത്തിരുന്നു. കുടാതെ റോഡിന്റെ പടിഞ്ഞാറു ഭാഗത്തെ വീട്ടുമതിലിലും വാഹനങ്ങള്‍ നിയന്ത്രണംവിട്ട് ഇടിച്ചു തകര്‍ത്ത അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
വടവന്നൂര്‍ ടൗണില്‍ന്നും ആയുര്‍വേദശാല റോഡുവരെയും കുത്തനെയുള്ള വളവു പാതയാണ് മിക്ക അപകടങ്ങള്‍ക്കും കാരണമായിട്ടുള്ളത്. ഈ സ്ഥലത്തുണ്ടായ വാഹന അപകടങ്ങളെല്ലാം മഴക്കാലത്താണ് നടന്നിരിക്കുന്നത്.
അപകട സമയത്തു സ്ഥലത്തെത്തുന്ന പൊലീസ് അധികൃതര്‍ റിപ്പോര്‍ട്ട് ശേഖരിച്ചു മടങ്ങിയാല്‍ പിന്നീട് ഈ വിഷയത്തിലിടപ്പെടുന്നത് മറ്റൊരു അപകടം ഉണ്ടാവുന്ന സമയത്താണ്. അപകടം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവാദപ്പെട്ട പൊതുമരാമത്ത് അധികൃതര്‍ എല്ലാം സ്വാഭാവിക സംഭവമെന്ന മട്ടിലാണ് പെരുമാറുന്നതെന്നും പൊതുജനപരാതിയുമുണ്ട്.