
16,000ത്തിലധികം ഭക്ഷണ പെട്ടികള്‍ ‘റമദാന് ഫുഡ് എയ്ഡ്’ കാമ്പയിനില്‍ വിതരണം ചെയ്യുന്നു
അബുദാബി: കോവിഡ് 19 മഹാമാരി നേരിട്ട് ബാധിച്ചവരുടെ ക്ഷേമത്തിനായി എമിറേറ്റ്സ് ഫൗണ്ടേഷന് ‘റമദാന് ഫുഡ് എയ്ഡ്’ കാമ്പയിന് ആരംഭിച്ചു. യുവ ശാക്തീകരണത്തിനായുള്ള യുഎഇയുടെ ദേശീയ പൊതു-സ്വകാര്യ സാമ്പത്തിക പിന്തുണയിലുള്ള പ്രസ്ഥാനമായ എമിറേറ്റ്സ് ഫൗണ്ടേഷന് രാജ്യത്തെ ആയിരക്കണക്കിന് നിര്‍ധന കുടുംബങ്ങള്‍ക്കായാണ് റമദാന് ഭക്ഷണ പെട്ടികള്‍ വിതരണം ചെയ്യുന്നത്. റമദാനിന്റെ സവിശേഷ മൂല്യമായ ദാനത്തിന് വലിയ പ്രാധാന്യം നല്‍കിയാണ് ആയിരക്കണക്കിന് നിരാലംബ, നിരാശ്രയ കുടുംബങ്ങളുടെ വിശപ്പകറ്റുന്ന ഈ മഹത്തായ കാരുണ്യ സംരംഭത്തിന് എമിറേറ്റ്സ് ഫൗണ്ടേഷന് നേതൃത്വം നല്‍കുന്നത്.
ഫസ്റ്റ് അബുദാബി ബാങ്കുമായി (എഫ്എബി) സഹകരിച്ച് റമദാനിലുടനീളം 16,000ത്തിലധികം ഭക്ഷണ പെട്ടികള്‍ ‘റമദാന് ഫുഡ് എയ്ഡ്’ കാമ്പയിനില്‍ വിതരണം ചെയ്യുന്നത്. കോവിഡ് 19 ബാധിത കുടുംബങ്ങളോടുള്ള പിന്തുണയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചുള്ളതാണ് ഫൗണ്ടേഷന് വളണ്ടിയര്മാരാല് നിര്‍വഹിക്കപ്പെടുന്ന ഈ പദ്ധതി. വെല്ലുവിളികള്‍ നിറഞ്ഞ ഈ സാഹചര്യത്തില്‍ ഇത്തരം കുടുംബങ്ങള്‍ക്ക് അത്താണിയാവുകയാണ് ഇതു വഴി ലക്ഷ്യമിട്ടിരിക്കുന്നത്. കോവിഡ് 19 പ്രതിസന്ധിയില്‍ സമൂഹങ്ങളെ പിന്തുണക്കാന്‍ പൊതു-സ്വകാര്യ മേഖലകളെ ശക്തിപ്പെടുത്തിക്കൊണ്ടുള്ള യജ്ഞമാണ് എമിറേറ്റ്സ് ഫൗണ്ടേഷന് നടത്തുന്നതെന്ന് ചീഫ് ഓഫ് സ്റ്റാഫ് മുഹന്ന അല്‍ മിഹൈറി പറഞ്ഞു.
ഫസ്റ്റ് അബുദാബി ബാങ്ക്, ലുലു എക്സ്ചേഞ്ച്, പങ്കാളിത്ത സാമൂഹ കേന്ദ്രങ്ങള്‍, വളണ്ടിയര്‍മാരുടെ ശൃംഖലകള്‍ എന്നിവ ഈ മഹദ് സംരംഭവുമായി കൈ കോര്‍ത്തതിനെ അവര്‍ മുക്തകണ്ഠം പ്രശംസിച്ചു. ”സമൂഹത്തിന് തിരിച്ചു നല്‍കുക എന്ന മൂല്യം ഒരു രാഷ്ട്രമെന്ന നിലയില്‍ പ്രതിഫലിക്കുന്നതാണ് ഞങ്ങളുടെ അടിത്തറയെന്ന് വിശ്വസിക്കുന്നു” -അല്മിഹൈറി വ്യക്തമാക്കി.
#UAE_Volunteers എന്ന കാമ്പയിനിന്റെ ലക്ഷ്യവും അതാണ്. ദേശീയ തലത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കാമ്പയിന് കൊണ്ട് ഉദ്ദേശിക്കുന്നു. പ്രത്യേകിച്ചും ഇന്നത്തെ മഹാമാരിയുടെ സാഹചര്യത്തില്‍ ആവശ്യക്കാരെ കൃത്യസമയത്ത് സഹായിക്കുകയെന്നതിന് ഊന്നല്‍ നല്‍കാനും അതിന് മറ്റുള്ളവരെ പ്രചോദിപ്പിക്കാനും അതു വഴി സമൂഹത്തിന്റെ സല്‍സ്ഥിതി സാധ്യമാക്കാനും കഴിയുമെന്നും അവര്‍ നിരീക്ഷിച്ചു. ഇത്തരമൊരു നിര്‍ണായകമായ മനുഷ്യ കാരുണ്യ സംരംഭത്തില്‍ സാമൂഹിക സേവനത്തിന് എമിറേറ്റ്സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകുന്നത് തങ്ങളെ വിനയാന്വിതരാക്കുന്നുവെന്ന് എഫ്എബി പേഴ്സനല്‍ ബാങ്കിംഗ് ഡെപ്യൂട്ടി സിഇഒയും ഗ്രൂപ് ഹെഡുമായ ഹന അല്റുസ്തമാനി പറഞ്ഞു. ലുലു എക്സ്ചേഞ്ച് പിന്തുണയിലും ആഭിമുഖ്യത്തിലുമാണ് ഈ സംരംഭം നടപ്പാക്കുന്നത്. എമിറേറ്റ്സ് ഫൗണ്ടേഷന് വളണ്ടിയര്‍മാരുമായി ചേര്‍ന്ന് ഭക്ഷണ പാക്കേജിംഗും പെട്ടികളുടെ വിനിയോഗ മേല്‍നോട്ടവും നിര്‍ദിഷ്ട സമൂഹങ്ങളിലേക്കുള്ള വിതരണ ശൃംഖലകള്‍ക്കുള്ള കൈമാറ്റവും ലുലു എക്സ്ചേഞ്ച് ആണ് നിര്‍വഹിക്കുന്നത്.
എമിറേറ്റ്സ് ഫൗണ്ടേഷന് ആരംഭിച്ച യുഎഇ വളണ്ടിയേഴ്സ് കാമ്പയിനുമായി സഹകരിക്കാന്‍ സാധിച്ചതില്‍ ഏറെ ആഹ്ളാദവും അഭിമാനവുമുണ്ടെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. ഒരു ഇത്തരവാദപ്പെട്ട കോര്‍പറേറ്റ് എന്ന നിലയില്‍ സമൂഹത്തിന് തിരിച്ചു നല്‍കുകയെന്ന ആശയത്തില്‍ എല്ലായ്പ്പോഴും വിശ്വസിക്കുന്നു. വിഷമകരമായ ഈ ഘട്ടത്തില്‍ ഇത് നമ്മുടെ സമൂഹ ഉത്തരവാദിത്തമാണ് -അദ്ദേഹം വ്യക്തമാക്കി.
#UAE _Volunteers എന്ന കാമ്പയിനിന്റെ ഭാഗമായാണ് ‘റമദാന് ഫുഡ് എയ്ഡ്’ കാമ്പയിന് നടക്കുന്നത്.