കോവിഡ് പ്രതിസന്ധി താല്‍ക്കാലികം, ‘ഈ സമയവും കടന്നു പോകും’: എം.എ യൂസുഫലി

  366

   

  ജലീല്‍ പട്ടാമ്പി
  ദുബൈ: കോവിഡ്19മായി ബന്ധപ്പെട്ട് ഇന്ന് ലോകമെങ്ങുമുണ്ടായിരിക്കുന്ന പ്രതിസന്ധി താല്‍ക്കാലികം മാത്രമെന്നും അക്ബര്‍ ചക്രവര്‍ത്തിയോട് ബീര്‍ബല്‍ പറഞ്ഞ ‘ഈ സമയവും കടന്നു പോകും’ എന്ന പ്രതീക്ഷയുടെ ഉദ്ധരണിയാണ് ഒരു സന്ദേശമായി തനിക്ക് മുന്നോട്ടു വെക്കാനുള്ളതെന്നും ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും എംഡിയുമായ എം.എ യൂസുഫലി. ഓണ്‍ലൈനില്‍ ചേര്‍ന്ന റമദാന്‍ മീഡിയ മജ്‌ലിസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
  കോവിഡ് മൂലം ഞാനടക്കമുള്ള റീടെയില്‍ മേഖല വലിയ ബുദ്ധിമുട്ടിലാണ്. എന്നാല്‍, മനുഷ്യന്‍ ജീവിക്കുന്നത് ഹോപ്പിലൂടെയാണ്. ലോക ജനത മുഴുവന്‍ നേരിടുന്ന പരീക്ഷണമാണിത്. ആരോഗ്യ രംഗത്ത് ഏറെ മുന്നിലെന്ന് നമ്മള്‍ ധരിച്ച വികസിത രാജ്യങ്ങള്‍ പോലും പ്രയാസപ്പെടുന്നു. അവരുടെ മെഡിക്കല്‍ സൗകര്യങ്ങള്‍ അമ്പേ പരാജയപ്പെട്ടുവെന്നല്ല. എന്നാല്‍, സ്വന്തം പൗരന്മാരെ രക്ഷിച്ചെടുക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നു.
  എനിക്ക് വ്യക്തിപരമായി അടുത്ത ബന്ധമുണ്ടായിരുന്ന അനവധി പേര്‍ കോവിഡ് ബാധിച്ച് മരിച്ചു പോയി. മറ്റു പലരും ആശുപത്രികളിലാണ്. നമുക്ക് മുന്നില്‍
  പ്രാര്‍ത്ഥനയല്ലാതെ ഇപ്പോള്‍ മറ്റൊന്നുമില്ല. വാക്‌സിനോ മരുന്നോ കണ്ടുപിടിക്കുന്നത് വരെ ആരും സുരക്ഷിതരെന്ന് പറയാനാവില്ല. ആയതിനാല്‍, സാമൂഹിക അകലം പാലിച്ചും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചും നാം മുന്നോട്ടു പോവുക. നമുക്ക് ഈ പ്രതിഭാസത്തെ നേരിട്ടു കൊണ്ട് ജീവിക്കേണ്ടി വന്നിരിക്കുന്നു -അദ്ദേഹം പറഞ്ഞു.
  കോവിഡുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ടും മറ്റു പല കാരണങ്ങളാലും ഇവിടെ നിന്നും ധാരാളം പേര്‍ നാട്ടിലേക്ക് മടങ്ങിപ്പോകുന്ന അവസരമാണിത്. അവിടെ ചെന്ന് എന്തു ചെയ്യുമെന്ന് പലരും ചോദിക്കുന്നു. 30 വര്‍ഷം മുന്‍പ് ഗള്‍ഫ് യുദ്ധത്തിന് സമാനമായ അളവില്‍ ആളുകള്‍ മടങ്ങിപ്പോകാന്‍ തയാറാണ്. എന്നാല്‍, ജോലിയും വരുമാനവുമില്ലാത്തവര്‍ക്ക് മടങ്ങിപ്പോകാതിരിക്കാനുമാവില്ല. ഇതിന്റെ അനന്തര ഫലം എന്താകുമെന്ന് ആളുകള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. എണ്ണ വില ഇപ്പോള്‍ ഏറ്റവും കുറഞ്ഞാണുള്ളത്. എന്നാല്‍, ഇതിലൊക്കെ മാറ്റം വരും. മുന്‍പും ഇത്തരം പ്രതിസന്ധികളെ മറികടന്നിട്ടുണ്ട്. യുഎഇക്കും സഊദിക്കും സോവറീന്‍ ഫണ്ട് ഉണ്ട്. മുന്‍പ് 7 ബില്യനായിരുന്ന ഫണ്ട് ഇപ്പോള്‍ 45 ബില്യന്‍ ഡോളറാണ്. ഈ ക്രൈസിസ് നേരിടാന്‍ ഈ രാജ്യങ്ങള്‍ക്ക് കപ്പാസിറ്റിയുണ്ട്. അതിനാല്‍, സ്വദേശികളും വിദേശികളും ഭയപ്പെടേണ്ട, അവര്‍ക്കാവശ്യമായ ഭക്ഷണവും മരുന്നും ഇവിടെയുണ്ടാകുമെന്ന് ഭരണാധികാരികളായ ശൈഖ് മുഹമ്മദ് ബിന്‍ സായിദും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദും പറഞ്ഞിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്ക്ഡൗണില്‍ സൂപര്‍ മാര്‍ക്കറ്റുകള്‍ പൂട്ടിയപ്പോള്‍ ഗള്‍ഫിലെ ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരികള്‍ അങ്ങനെ ചെയ്തില്ല. ഭക്ഷണവുമായി ബന്ധപ്പെട്ട കടകള്‍ തുറക്കാന്‍ അനുമതി നല്‍കുകയാണ് ചെയ്തത്. അതിനാല്‍, ജനങ്ങള്‍ക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല.
  തന്റെ സ്റ്റാഫിന് ഇതു വരെയും പൂര്‍ണമായും ശമ്പളം നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ യൂസുഫലി തുടര്‍ന്നും ശമ്പളം നല്‍കുമെന്ന് വ്യക്തമാക്കി. കുടുംബം പോറ്റാന്‍ വന്ന അവര്‍ക്ക് ശമ്പളം നല്‍കല്‍ കടമയാണ്. ഡിപാര്‍ട്‌മെന്റ് സ്‌റ്റോറില്‍ ബിസിനസില്ല. ഉള്ള ബിസിനസാണെങ്കില്‍ 50 ശതമാനം കുറയുകയും ചെയ്തു. എന്നിട്ടും, ഓഫറുകളോടെ ലുലു ജനങ്ങളിലേക്കെത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമ്പത് മുതല്‍ 12 മാസം വരെയുള്ള കാലയളവിലേക്ക് തങ്ങള്‍ ഫുഡ് സ്റ്റഫ് സ്‌റ്റോക്ക് ചെയ്തിട്ടുണ്ടെന്നും കോവിഡ് കാലത്ത് ഡോക്ടര്‍മാരും നഴ്‌സുമാരും ചെയ്യുന്ന അതേ പ്രാധാന്യത്തിലാണ് തങ്ങളും ഭക്ഷണ സാധനങ്ങള്‍ ഔട്‌ലെറ്റുകളിലെത്തിച്ച് ജനങ്ങളെ സേവിക്കുന്നതെന്നും യൂസുഫലി വിശദീകരിച്ചു.


  കോവിഡ് കാലത്ത് താന്‍ പുസ്തക വായനയിലും ശ്രദ്ധിക്കുന്നുണ്ടെന്ന് പറഞ്ഞ യൂസുഫലി, ആറാം ഖലീഫയായിരുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ചരിത്രം അടിസ്ഥാനമാക്കിയുള്ള ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയാണിപ്പോഴെന്നും സൂചിപ്പിച്ചു. പെരുന്നാളിന് മക്കള്‍ക്ക് വസ്ത്രമെടുക്കാന്‍ ഭാര്യ പറഞ്ഞപ്പോള്‍, താന്‍ രാജാവാണെങ്കിലും കയ്യില്‍ ഒന്നുമില്ലെന്നാണ് ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് മറുപടി കൊടുത്തത്. തുടര്‍ന്ന്, ഒരു മാസത്തെ ശമ്പളം മുന്‍കൂറായി ‘ബയ്ത് അല്‍ മാലി’ല്‍ നിന്ന് തനിക്ക് നല്‍കണമെന്ന് അദ്ദേഹം ധനകാര്യ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, അടുത്ത ഒരു മാസക്കാലം അങ്ങ് ജീവിച്ചിരിക്കുമെന്നതിന് ഗ്യാരണ്ടി വേണമെന്നായിരുന്നു മന്ത്രി ആവശ്യപ്പെട്ടത്. അങ്ങനെ, ആ പണം അദ്ദേഹം വാങ്ങിയില്ലെന്നാണ് ചരിത്രം.
  ലോകപ്രസിദ്ധ പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവും ചരിത്ര വിശാരദനുമായിരുന്ന ഇബ്‌നു കഥീര്‍ എഴുതിയ ‘അല്‍ ബിദായ വന്നിഹായ’ എന്ന ഗ്രന്ഥത്തില്‍ ഹിജ്‌റ വര്‍ഷം 281ല്‍ പേര്‍ഷ്യയില്‍ ഒരു മഹാമാരിയുണ്ടായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈജിപ്തിലും ഇത്തരമൊന്ന് സംഭവിച്ചുവെന്ന് പറയുന്നു. ശവശരീരങ്ങള്‍ വെട്ടിത്തിന്നുന്ന സ്ഥിതിയുണ്ടായി എന്നും സ്വന്തം കുട്ടികളെ ചുട്ടു തിന്നുന്ന സാഹചര്യമായിരുന്നു ജനങ്ങള്‍ക്കെന്നും ഗ്രന്ഥത്തിന്റെ 13-ാം വാള്യം, 32-ാം പേജില്‍ പരാമര്‍ശിച്ചിരിക്കുന്നു. ആ സാഹചര്യങ്ങളൊക്കെ ജനപഥങ്ങള്‍ താണ്ടിക്കടന്നു. അതുകൊണ്ട്, നാം പ്രതീക്ഷയുള്ളവരാവുക.
  കൊറോണ അനന്തര കാലം എന്താകുമെന്ന് ഇപ്പോള്‍ പറയാനാവില്ല. കൊറോണക്കെതിരെ ലോകമെങ്ങും 500ലധികം സ്ഥാപനങ്ങളുടെ ഗവേഷണ പരിശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഫലപ്രദമായ വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലെങ്കില്‍ ലോകാരോഗ്യ സംഘടന പറഞ്ഞത് പോലെ, നാം ഈ അവസ്ഥയുമായി താദാത്മ്യപ്പെട്ട് ജീവിക്കേണ്ടി വരും.
  പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കത്തിന് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ഐസിഡബ്‌ള്യുഎഫ്) ഉപയോഗിക്കാന്‍ എംബസിക്ക് കഴിയുമോയെന്ന് താന്‍ അന്വേഷിക്കാമെന്ന് അതുസംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചു. ഒരുപാടു പേര്‍ നാട്ടിലേക്ക് മടങ്ങിപ്പോകുന്നുണ്ട്. പ്രൊഫഷനലുകള്‍ കൂടുതലായി പോകുന്നു. യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളില്‍ 70 ശതമാനം വരെ മലയാളികളാണ്. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിനെ മര്‍മൂമിലെ പാലസില്‍ വെച്ച് മുന്‍പ് മുഖ്യമന്ത്രിയോടൊപ്പം കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, മലയാളി സമൂഹത്തെ തനിക്ക് നന്നായി അറിയാമെന്ന്. തന്റെ പാലസില്‍ ജോലി ചെയ്യുന്നവരില്‍ 80 ശതമാനം പേരും മലയാളികളാണെന്നും ശൈഖ് മുഹമ്മദ് പറയുകയുണ്ടായി. അക്കാര്യത്തില്‍ ശൈഖ് മുഹമ്മദ് സന്തോഷവും രേഖപ്പെടുത്തി. എന്നാല്‍, എന്തുകൊണ്ടാണ് ഇത്രയധികം മലയാളികള്‍ വിദേശ രാജ്യങ്ങളിലുള്ളത് എന്ന് നാം ആലോചിക്കണം. ഭാവി തലമുറക്ക് നാം ജോലി കൊടുത്തേ മതിയാകൂ. 30 വര്‍ഷത്തോളമായി താനിത് പറയുകയാണ്. ജോലി ഇല്ലാത്തതിനാലാണ് അവരിങ്ങോട്ട് കയറി വരുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ കേരളത്തിലുള്ളവര്‍ ദു:ഖിക്കേണ്ടി വരും. ഈ മഹാമാരിയുടെ ചുറ്റുപാടില്‍ ഒരുപാടാളുകള്‍ക്ക് ജോലി ഇല്ലാതായിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പുനര്‍ വികസനത്തെ കുറിച്ച് ഒത്തൊരുമയോടെ ചിന്തിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും. നിക്ഷേപങ്ങള്‍ കൂടുതലായി കേരളത്തില്‍ വരേണ്ടതുണ്ട്. അത് ഗവണ്‍മെന്റുകളുടെ മാത്രം ഉത്തരവാദിത്തമല്ല.
  ഇപ്പോള്‍ നാട്ടിലേക്ക് കുറച്ചാളുകളെ മാത്രമേ കൊണ്ടു പോകാനാകുന്നുള്ളൂവെന്നതിന് ന്യായീകരണമുണ്ട്. ഓരോ എയര്‍പോര്‍ട്ടുകള്‍ക്കും പരിമിതികളുണ്ട്. 5,000 പേര്‍ ഒരുമിച്ചെത്തിയാല്‍ ക്വാറന്റീന്‍ ചെയ്യണം. സര്‍ക്കാര്‍ ക്രമേണയായി വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
  ലുലു ഗ്രൂപ് ആസ്ഥാനമായ വൈ ടവറില്‍ നിന്നാണ് സൂം മീഡിയ മജ്‌ലിസ് ഒരുക്കിയത്. ലുലു ഗ്രൂപ് ചീഫ് കമ്യൂണികേഷന്‍ ഓഫീസര്‍ വി. നന്ദകുമാര്‍ മോഡറേറ്ററായിരുന്നു.