മഹ്‌റൂഫിന്റെ ബന്ധുക്കള്‍ക്ക് നീതി ലഭ്യമാക്കണം

പി മഹറൂഫിന്റെ കുടുംബത്തോട് കാണിക്കുന്ന അനീതിക്കെതിരെ അസീസ് ഹാജി നടത്തിയ ഒറ്റയാള്‍ പ്രതിഷേധം

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട മാഹി സ്വദേശി മഹറൂഫിന്റെ ബന്ധുക്കള്‍ക്ക് നീതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും നടപടി സ്വീകരിക്കണമെന്ന് മാഹി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രമേശ് പറമ്പത്ത് ആവശ്യപ്പെട്ടു. മഹ്റൂഫിനെ കോവിഡ് രോഗ ലക്ഷണങ്ങളുമായി മാഹി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം പരിയാരത്തേക്ക് വിദഗ്ധ ചികില്‍സക്കായി മാറ്റിയതല്ല. അദ്ദേഹം നേരത്തെ ചികിത്സ തേടിയിരുന്നത് തലശേരിയിലെയും കണ്ണൂരിലെയും സ്വകാര്യ ആസ്പത്രികളിലായിരുന്നു.
മഹ്റൂഫിന്റെ മരണം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുതുച്ചേരിയില്‍ രേഖപ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി പറയുന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ച അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്തത് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ്. മരണത്തിന് മുമ്പ് അദ്ദേഹത്തിന്റെ ചികിത്സാ രേഖകളും ആരോഗ്യ വിവരങ്ങള്‍ അടങ്ങിയ ഡാറ്റകളുമെല്ലാമുള്ളത് തലശേരിയിലെയും കണ്ണൂരിലെയും സ്വകാര്യ ആസ്പത്രിയിലും പരിയാരം ഗവ. മെഡിക്കല്‍ കോളജിലുമാണ്. എന്നാല്‍ മരണത്തിന്റെ കണക്ക് പുതുച്ചേരി സര്‍ക്കാരിന്റെ ലിസ്റ്റില്‍പ്പെടുത്തണമെന്ന ആവശ്യം ബാലിശമാണെന്നും അദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ സത്യന്‍ കേളോത്ത്, കെ മോഹനന്‍, ഷാജിത്ത് പാറക്കല്‍ പങ്കെടുത്തു.
മാഹി: പി മഹറൂഫിന്റെ മരണം കേരളത്തിന്റെയോ പുതുച്ചേരിയുടേയോ മരണ പട്ടികയില്‍ ഉള്‍പ്പെടുത്താതെ പരേതന്റെ കുടുംബത്തോട് കാണിക്കുന്ന അനീതിക്കെതിരെ ഒറ്റയാള്‍ പ്രതിഷേധം. സാമൂഹ്യ പ്രവര്‍ത്തകനായ ഇടയില്‍ പീടിക അസീസ് ഹാജിയാണ് ഒറ്റയാള്‍ സമരം നടത്തിയത്.