തൊഴിലാളികള്‍ക്ക് 2 മില്യന്‍ മാസ്കുകള്‍ വിതരണം ചെയ്തു
ദുബൈ: ഭക്ഷണവും താമസയിടവുമില്ലാതെ ദുബൈയില്‍ ഒരു തൊഴിലാളി പോലുമില്ലെന്ന് തൊഴില്‍ കാര്യങ്ങളുടെ സ്ഥിരം സമിതി (പിസിഎല്‍എ) ചെയര്‍മാനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്സ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലുമായ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.
ലേബര്‍ ക്യാമ്പുകളിലെ എല്ലാ തൊഴിലാളികള്‍ക്കും ഏറ്റവും മികച്ച രീതിയില്‍ വൈദ്യ സഹായവും ലഭ്യമാക്കുന്നുണ്ട്. തൊഴിലാളികളുടെ സുരക്ഷ, മികച്ച ജീവിത നിലവാരം എന്നിവ ലക്ഷ്യമിട്ട് ദുബൈ ഹെല്‍ത്ത് അഥോറിറ്റി, കോവിഡ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍, ദുബൈ പൊലീസ് എന്നിവയെല്ലാം സംയോജിച്ചുള്ള പ്രവര്‍ത്തനമാണ് മുന്നോട്ടു നീങ്ങുന്നത്. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് ദുബൈ പൊലീസ് നല്‍കിയത് 20 ലക്ഷത്തിലേറെ ഫേസ് മാസ്കുകളാണ്. 30 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് പൊലീസ് മേല്‍നോട്ടത്തില്‍ ബോധവത്കരണവും നടന്നു. വിവിധ ഭാഷകളിലായാണ് കോവിഡ് ബോധവത്കരണ ക്ളാസുകള്‍ നടന്നത്. തൊഴിലാളികള്‍ക്ക് സൗജന്യമായി സാനിറ്റൈസറുകള്‍, മുഖാവരണം, കൈയുറകള്‍ എന്നിവയും വിതരണം ചെയ്തു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ട 10 മില്യന്‍ മീല്‍സ് കാമ്പയിന് വഴി തൊഴിലാളികള്‍ക്ക് അവരുടെ ക്യാമ്പുകളില്‍ ഭക്ഷണ വിതരണം നടത്തിയതായും മേജര്‍ ജനറല്‍ ഉബൈദ് വ്യക്തമാക്കി.