മാലിന്യ നീക്കത്തിന്റെ മറവില്‍ മണല്‍ക്കൊള്ള???

8
മാലിന്യ നീക്കത്തിന്റെ മറവില്‍ മണല്‍ക്കൊള്ള???

ശ്രീകണ്ഠപുരം: പ്രളയത്തെ തുടര്‍ന്ന് പുഴകളില്‍ അടിഞ്ഞ മാലിന്യം നീക്കം ചെയ്യുന്ന മറവില്‍ മണല്‍ക്കൊള്ള പാടില്ലെന്ന ആവശ്യം ഉയരുന്നു. ജില്ലയില്‍ കേരള സിറാമിക് എന്ന കമ്പനിക്കാണ് ഇതിന്റെ ചുമതല നല്‍കിയിട്ടുള്ളത്. ഇതിന്റെ ജില്ലാ തല ഉദ്ഘാടനം ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീകണ്ഠപുരം കോട്ടുര്‍ പുഴയില്‍ നടന്നിരുന്നു.
ഇതിന്റെ ഭാഗമായി പുഴയോരത്തെ മാലിന്യവും അടിഞ്ഞ് കൂടിയ മണലും മാറ്റലാണ് പ്രവൃത്തി. നേരത്തെ അടിഞ്ഞ മാലിന്യവും മണലും മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇത് വഴി പുഴയുടെ ആഴവും വര്‍ധിക്കും. പല സ്ഥലങ്ങളിലും പ്രളയത്തിന് കാരണം അടിഞ്ഞുകൂടിയ മണലാണെന്ന വിലയിരുത്തലും ഉണ്ടായിട്ടുണ്ട്.
നിലവില്‍ ഈ പദ്ധതി വഴി വാരുന്ന മണല്‍ വില്‍പന നടത്തുകയാണ് ചെയ്യുന്നത്. ഇതില്‍ സുതാര്യത വേണമെന്ന ആവശ്യമാണ് ഉയരുന്നത്. നിലവില്‍ ത്രിതല പഞ്ചായത്ത് മെമ്പര്‍മാരുടെ സാക്ഷ്യ പത്രം ഹാജരാക്കിയാല്‍ മണല്‍ ലഭിക്കും. പിഎംഎ വൈ ഗുണഭോക്താക്കള്‍ക്ക് നാല്‍പത് ശതമാനം ഡിസ്‌കൗണ്ടും ഉണ്ട്. എന്നാല്‍ നേരത്തെ കലക്ടറേറ്റില്‍ നിന്ന് നല്‍കുന്ന പാസ് വഴി മണല്‍ വിതരണം നടന്നപ്പോള്‍ സര്‍ക്കാരിനൊപ്പം ത്രിതല പഞ്ചായത്തിനും വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഈ കമ്പനിക്ക് മാത്രമായി ചുരുങ്ങും.
കൂടാതെ മെമ്പര്‍മാരുടെ സാക്ഷ്യപത്രത്തോടൊപ്പം പെര്‍മിറ്റോ ഒരു പെര്‍മിറ്റിന് നിശ്ചിത ടണ്ണോ എന്ന നിബന്ധനയൊന്നും ഇല്ലെന്നാണ് വിവരം. ഇത് സുതാര്യതക്കുറവിനും വിവാദങ്ങള്‍ക്കുമിടയാക്കിയേക്കും. ഈ സാഹചര്യത്തില്‍ മാലിന്യ നീക്കത്തോടൊപ്പം നടക്കുന്ന മണലെടുപ്പ് സുതാര്യമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പുഴകളില്‍ ജെസിബി ഉപയോഗിച്ചാണ് മണലെടുക്കുന്നത്. മിക്കവാറും പുഴകളിലെ അക്കരെ ഭാഗത്താണ് പൂഴി കുന്ന് കൂടിയിരിക്കുന്നത്. ഇതിനാല്‍ വാഹനം ഉപയോഗിച്ചുള്ള മണല്‍ നീക്കം വളരെ ദുഷ്‌കരവുമാവും. ഇവിടെ തൊഴിലാളികളെ ഉപയോഗിച്ച് നീക്കം ചെയ്യേണ്ടി വരും. കാലവര്‍ഷം അടുത്തെത്തിയ സാഹചര്യത്തില്‍ ഇത് നീക്കലും പ്രതിസന്ധി സൃഷ്ടിക്കും.