മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

16

മലപ്പുറം: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു.
മുംബൈയില്‍ നിന്ന് 21 ന് സ്വകാര്യ വാഹനത്തില്‍ വീട്ടില്‍ എത്തിയവരായ പരപ്പനങ്ങാടി സ്വദേശി 33 കാരന്‍, ഇദ്ദേഹത്തിന്റെ മാതാവ് 60 കാരി, 14 ന് സ്വകാര്യ ബസില്‍ മുംബൈയില്‍ നിന്ന് വീട്ടിലെത്തിയ മുന്നിയൂര്‍ ആലുങ്ങല്‍ വെളിമുക്ക് സ്വദേശി 50 കാരന്‍, ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക തീവണ്ടിയില്‍ യാത്ര തിരിച്ച് 20 ന് വീട്ടിലെത്തിയ മേലാറ്റൂര്‍ ചെമ്മാണിയോട് സ്വദേശി 24 കാരന്‍, 20 ന് ദുബായില്‍ നിന്ന് വീട്ടിലെത്തിയ പൊന്നാനി പുളിക്കല്‍കടവ് സ്വദേശി 25 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധ. ഇവര്‍ അഞ്ചുപേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77 ആയി. 49 പേര്‍ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലുണ്ട്. ഇതില്‍ ഒരാള്‍ ആലപ്പുഴ സ്വദേശിനിയും മറ്റൊരാള്‍ പാലക്കാട് സ്വദേശിയുമാണ്. മലപ്പുറം സ്വദേശികളായി 47 പേരാണ് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്. മലപ്പുറം സ്വദേശിയായ ഒരു രോഗബാധിതന്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.
ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ സ്വന്തം വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആസ്പത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി
മലപ്പുറം: വിദഗ്ധ ചികിത്സക്ക് ശേഷം കോവിഡ് 19 രോഗം ഭേദമായി രണ്ട് പേര്‍ ഇന്നലെ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി. പുലാമന്തോള്‍ കുരുവമ്പലം സ്വദേശി അബ്ദുല്‍ നാസര്‍ (42), മാറഞ്ചേരി പനമ്പാട് സ്വദേശി തെക്കേത്തറ ഗോപി (50) എന്നിവരാണ് രോഗം ഭേദമായി ആസ്പത്രി വിട്ടത്. ആസ്പത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം ഇവര്‍ 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും. രോഗമുക്തി നേടിയതില്‍ ആരോഗ്യപ്രവര്‍ത്തകരോട് നന്ദിയും കടപ്പാടും അറിയിച്ചാണ് അബ്ദുല്‍ നാസറും ഗോപിയും ആസ്പത്രിയില്‍ നിന്ന് യാത്രയായത്.
മെയ് ഏഴിന് ദുബൈയില്‍ നിന്നെത്തിയ പ്രത്യേക വിമാനത്തിലാണ് പുലാമന്തോള്‍ കുരുവമ്പലം സ്വദേശി അബ്ദുല്‍ നാസര്‍ തിരിച്ചെത്തിയിരുന്നത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെയ് 12ന് ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാറഞ്ചേരി പനമ്പാട് സ്വദേശി തെക്കേത്തറ ഗോപി മെയ് ഏഴിനാണ് പ്രത്യേക വിമാനത്തില്‍ അബുദബിയില്‍ നിന്ന് എത്തിയത്. മെയ് 13ന് ഇദ്ദേഹത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
മഞ്ചേരി മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിറിയക് ജോബ്, സൂപ്രണ്ടും കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. പി. ഷിനാസ് ബാബു, ആര്‍.എം.ഒമാരായ സഹീര്‍ നെല്ലിപ്പറമ്പന്‍, ഡോ. ജലീല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.വി വിശ്വജിത്ത് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇവരെ യാത്രയാക്കിയത്.