മലപ്പുറം: ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര് ഒരു കുടുംബത്തിലുള്ളവരാണ്. മുംബൈയില്‍ നിന്ന് മെയ് 21 ന് വീട്ടിലെത്തിയ പരപ്പനങ്ങാടി സ്വദേശി 60 കാരന്, ഇദ്ദേഹത്തിന്റെ മരുമകള്‍ 30 വയസുകാരി, ഇവരുടെ മക്കളായ മൂന്ന് വയസുകാരി, മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞ്, മുംബൈയില്‍ നിന്ന് മെയ് 16 ന് എത്തിയ തെന്നല തറയില്‍ സ്വദേശി 41 കാരന്, മുംബൈയില്‍ നിന്നുതന്നെ മെയ് 22 ന് എത്തിയ വെളിയങ്കോട് വടക്കേപ്പുറം സ്വദേശി, മസ്കറ്റില്‍ നിന്ന് കണ്ണൂര്‍ വഴി മെയ് 23 ന് ജില്ലയിലെത്തിയ ചേളാരി പാടാത്താലുങ്ങല്‍ സ്വദേശി 43 കാരന്, ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ നിന്ന് മെയ് എട്ടിന് എത്തിയ വള്ളിക്കുന്ന് ആലിന്‍ചുവട് കൊടക്കാട് സ്വദേശി 37 കാരന് എന്നിവര്‍ക്കാണ് രോഗബാധ. ഇവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. ഇവരില്‍ പരപ്പനങ്ങാടി സ്വദേശി 60 കാരന്റെ ഭാര്യക്കും മകനും മെയ് 26 ന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആസ്പത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ചികിത്സയിലുള്ളത് 52 പേര്
മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 52 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഒരാള്‍ പാലക്കാട് സ്വദേശിയാണ്. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 87 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 31 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. രണ്ട് പേര് രോഗം ഭേദമായ ശേഷം തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 3,576 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 250 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
അതേസമയം ഇന്നലെ കണ്ട്രോള് സെല്ലുമായി 163 പേര് ഫോണില്‍ ബന്ധപ്പെട്ടു. നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്ന് 2,194 ദ്രുത കര്‍മ്മ സംഘങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുകയും ചെയ്തു. മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ 851 പേര് വിദഗ്ധ സംഘത്തിന്റെ സേവനം ഉപയോഗപ്പെടുത്തി. 12 പേര്‍ക്ക് കൗണ്‍സലിങ് നല്‍കുകയും ചെയ്തു.
രോഗമുക്തരായ ആറുപേര്‍ കൂടി മെഡിക്കല്‍ കോളജ് വിട്ടു
മലപ്പുറം: കോവിഡ് 19 രോഗമുക്തരായി മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ നിന്നും ആറ് പേര് കൂടി ഇന്നലെ വീടുകളിലേക്ക് മടങ്ങി. മെയ് 10 ന് രോഗബാധ സ്ഥിരീകരിച്ച അങ്ങാടിപ്പുറം തയ്യില്‍ ഷാഹുല്‍ (34 ), മെയ് 14ന് രോഗബാധ കണ്ടെത്തിയ തൃപ്രങ്ങോട് ആനപ്പടി സ്വദേശി കൂത്തുപറമ്പില്‍ കെ.പി മുഹമ്മദ്റിഫാസ്(27), മൂന്നിയൂര്‍ വെളിമുക്ക് സൗത്ത് മൈത്രി റോഡ് പുളിക്കന്‍വീട്ടില്‍ പാലത്തുപടി പി.വി പ്രസാദ് (44), മാറഞ്ചേരി കാഞ്ഞിരമുക്ക് പഞ്ഞിക്കര ഹൗസ് ധര്‍മ്മരാജ്(49), മെയ് 17 ന് ചികിത്സയിലായ വളാഞ്ചേരി വടക്കുംപുറം വെള്ളത്തൂര്‍ സിദ്ദീഖ് (61), താനാളൂര്‍ വെള്ളിയത്ത് സൈഫുദ്ദീന് (33) എന്നിവരാണ് രോഗം ഭേദമായി ആസ്പത്രി വിട്ടത്. അങ്ങാടിപ്പുറം സ്വദേശി അബുദബിയില്‍ നിന്നാണ് എത്തിയത്. തൃപ്രങ്ങോട് ആനപ്പടി സ്വദേശിയും മൂന്നിയൂര്‍ വെളിമുക്ക് സൗത്ത് മൈത്രി റോഡ് സ്വദേശിയും ദുബായില്‍ നിന്നും എത്തിയവരാണ്. മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിയും വളാഞ്ചേരി വടക്കുംപുറം സ്വദേശിയും മുംബൈയില്‍ നിന്നും താനാളൂര്‍ സ്വദേശി കോയമ്പത്തൂരില്‍ നിന്നുമാണ് എത്തിയിരുന്നത്. അധികൃതരുടെ നിര്‍ദേശ പ്രകാരം ഇവര്‍ 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.
594 പേര് കൂടി നിരീക്ഷണത്തില്‍ ആകെ 12,362 പേര്
മലപ്പുറം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ 594 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം. മെഹറലി അറിയിച്ചു. 12,362 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 153 പേര് വിവിധ ആസ്പത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ 150 പേരും നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ ഒരാളും, തിരൂര്‍ ജില്ലാ ആസ്പത്രിയില്‍ രണ്ട് പേരുമാണ് ഐസൊലേഷനിലുള്ളത്. 10,937 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,272 പേര് കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.
ബംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍
73 യാത്രക്കാര്‍ കരിപ്പൂരിലെത്തി
മലപ്പുറം: ബംഗളൂരുവില്‍ നിന്ന് 73 യാത്രക്കാരുമായി 6 ഇ 1729 ഇന്‍ഡിഗോ പ്രത്യേക വിമാനം ഇന്നലെ വൈകുന്നേരം 4.15 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. ഏഴ് ജില്ലകളില്‍ നിന്നുള്ള 48 പുരുഷന്മാരും 25 സ്ത്രീകളുമാണ് വിമാനത്തിലുണ്ടായിരുന്നത്. മലപ്പുറം സ്വദേശികളായ 20 പേര് , കണ്ണൂര്‍ നാല്, കാസര്‍കോട് നാല്, കോഴിക്കോട് 39, പാലക്കാട് നാല്, വയനാട് ഒന്ന് , തൃശൂര്‍ ഒന്ന് എന്നിങ്ങനെയാണ് തിരിച്ചെത്തിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരിച്ചെത്തിയവരില്‍ ഒരു മലപ്പുറം സ്വദേശി സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലും പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത ശേഷിക്കുന്ന 72 പേര് സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാണ് കഴിയുന്നത്.