മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കുകൂടി കോവിഡ് 19

8

രോഗബാധിതര്‍ മുംബൈയില്‍ നിന്നെത്തിയ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശികള്‍

മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്കുകൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാകലക്ടര്‍ ജാഫല്‍ മലിക് അറിയിച്ചു. മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശികളായ യഥാക്രമം 49 ഉം 51 ഉം വയസ്സുള്ളവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളായ ഇരുവരും ഒരുമിച്ചാണ് മുംബൈയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയത്. ഇവരെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
മുംബൈയിലെ കൊളാബയില്‍ ഇളനീര്‍ വില്‍പ്പനക്കാരായ ഇരുവരും കൊളാബയിലെ ചേരിയിലാണ് താമസം. മെയ് 12 ന് രാവിലെ 11 മണിക്ക് മറ്റ് ആറ് പേര്‍ക്കൊപ്പം ഇവര്‍ സര്‍ക്കാര്‍ അനുമതിയോടെ സ്വകാര്യ വാഹനത്തില്‍ യാത്ര ആരംഭിച്ചു. മെയ് 13ന് ഉച്ചയ്ക്ക് 1.30ന് മുത്തങ്ങയിലെത്തി. ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ക്കു ശേഷം സാമ്പിള്‍ നല്‍കി വൈകുന്നേരം ഏഴ് മണിക്ക് മുത്തങ്ങയില്‍ നിന്ന് യാത്ര തുടര്‍ന്നു. രാത്രി 11ന് എടപ്പാള്‍ പൊല്‍പ്പാക്കരയിലും രാത്രി 12ന് ചമ്രവട്ടത്തും മെയ് 14 ന് പുലര്‍ച്ചെ 12.30ന് പൊന്നാനി കള്ളപ്പുറത്തുമെത്തി കൂടെയുണ്ടായിരുന്ന ഓരോ യാത്രക്കാരെ ഇറക്കിയശേഷം പുലര്‍ച്ചെ 1.45 ന് മാറഞ്ചേരി കാഞ്ഞിരമുക്കിലെ വീട്ടിലെത്തി.
ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച ഇരുവരും 49 കാരന്റെ വീട്ടില്‍ വീട്ടുകാരുള്‍പ്പെടെ ആരുമായും സമ്പര്‍ക്കമില്ലാതെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശപ്രകാരം നിരീക്ഷണം ആരംഭിച്ചു. വീട്ടുകാരെയെല്ലാം മറ്റൊരു വീട്ടിലേക്ക് മാറ്റിയാണ് ഇരുവരും കഴിഞ്ഞത്. സാമ്പിള്‍ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്നലെ 108 ആംബുലന്‍സിലെത്തി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിച്ചു.
ഇതോടെ മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 39 ആയി. 17 പേരാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. മുംബൈയില്‍ നിന്നെത്തിയവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ സ്വന്തം വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആസ്പത്രികളില്‍ പോകരുത്. ജില്ലാ തല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാ തല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മഞ്ചേരി കോവിഡ് ലാബില്‍
ഇതുവരെ പരിശോധിച്ചത് 1,500 സാമ്പിളുകള്‍
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിലെ കോവിഡ് ലാബില്‍ ഇതുവരെ പരിശോധിച്ചത് 1,500 സാമ്പിളുകള്‍. ഇതില്‍ പതിനേഴ് പോസിറ്റീവ് കേസുകളും ഉള്‍പ്പെടും. ദിവസവും 100 മുതല്‍ 150 വരെ സാമ്പിളുകള്‍ ഇവിടെ പരിശോധിക്കുന്നുണ്ട്. രണ്ട് ഷിഫ്റ്റുകളായാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. വിദേശ രാജ്യങ്ങള്‍, അയല്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ആളുകള്‍ തിരിച്ചെത്തുന്നതോടെ കോവിഡ്‌ലാബ് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി പുതിയജീവനക്കാരെ നിയമിക്കാന്‍ എന്‍.എച്ച്.എം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഡോക്ടര്‍മാരെ കൂടാതെ എട്ട് ലാബ് ടെക്നീഷ്യന്‍മാരും മൂന്ന് ഡാറ്റാ എന്‍ട്രി ഓപറേറ്റേര്‍മാരും രണ്ട് ക്ലീനിങ് സ്റ്റാഫുകളുമാണ് ലാബില്‍ ജോലി ചെയ്യുന്നത്.