കോവിഡ് 19: മലപ്പുറം ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

9

കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിക്കും കോവിഡ് ബാധ

മലപ്പുറം: മലപ്പുറം ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ തെന്നല തറയില്‍ സ്വദേശി 36 കാരന്‍, ചെന്നൈയില്‍ നിന്നെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി 37കാരന്‍, മാലിദ്വീപില്‍ നിന്നെത്തിയവരായ ഇരിമ്പിളിയം മങ്കേരി സ്വദേശി 36 കാരന്‍, ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി 46 കാരന്‍, സിങ്കപ്പൂരില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി 23 കാരന്‍, അബൂദബിയില്‍ നിന്നെത്തിയ വെളിയങ്കോട് ഗ്രാമം സ്വദേശി 35കാരന്‍, കുവൈത്തില്‍ നിന്നെത്തിയവരായ പാലക്കാട് നല്ലായ സ്വദേശി 39 കാരന്‍, തിരൂരങ്ങാടി പി.പി റോഡ് സ്വദേശി 29കാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഡല്‍ഹിയില്‍ നിന്നെത്തിയ രണ്ടത്താണി പൂവന്‍ചിന സ്വദേശി 20കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു.
തെന്നല തറയില്‍ സ്വദേശി മുബൈയില്‍ നിന്ന് 14നാണ് വീട്ടിലെത്തിയത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാളെ 20ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയില്‍ നിന്ന് 14നാണ് പൊന്നാനി ഈശ്വമംഗലം സ്വദേശിയും വീട്ടിലെത്തിയത്. ഇയാളെയും 20ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മാലിദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗമാണ് ഇരിമ്പിളിയം മങ്കേരി സ്വദേശിയും ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശിയും നാട്ടിലെത്തിയത്. 12ന് കൊച്ചിയില്‍ എത്തിയ ശേഷം കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 20ന് ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി.
കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി 12ന് സിങ്കപ്പൂരില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തി. എടപ്പാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. ഏഴിനാണ് വെളിയങ്കോട് ഗ്രാമം സ്വദേശി പ്രത്യേക വിമാനത്തില്‍ അബൂദബിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയത്. കോഴിക്കോട് സര്‍വകലാശാല കോവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. പാലക്കാട് നെല്ലായ സ്വദേശിയും തിരൂരങ്ങാടി പി.പി റോഡ് സ്വദേശിയും കുവൈത്തില്‍ നിന്ന് 13നുള്ള പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ പരിശോധനകള്‍ക്ക് ശേഷം കീഴാറ്റൂരിലെ കോവിഡ് കെയര്‍ സെന്ററിലാക്കി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന രണ്ടത്താണി പൂവന്‍ചിന സ്വദേശി ഡല്‍ഹിയില്‍ നിന്ന് 20ന് പ്രത്യേക തീവണ്ടിയിലാണ് എത്തിയത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാളെ മലപ്പുറം ജില്ലയില്‍ പ്രവേശിപ്പിക്കാതെ കോഴിക്കോട് ഐസൊലേഷനിലാക്കുകയായിരുന്നു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 69 ആയി. 46 പേര്‍ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലും ഒരാള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലും ചികിത്സയില്‍ കഴിയുന്നു. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ സ്വന്തം വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആസ്പത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ 2,450 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍;
ആകെ നിരീക്ഷണത്തിലുള്ളത് 11,278 പേര്‍

മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ 2,450 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹ്‌റലി അറിയിച്ചു. 11,278 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 112 പേര്‍ വിവിധ ആസ്പത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ 109 പേരും തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ ഒരാളും നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ രണ്ട് പേരുമാണ് ഐസൊലേഷനിലുള്ളത്. 10,004 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,270 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.