മലപ്പുറം ജില്ലയില്‍ പതിനൊന്ന് പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധയില്ല

18

മലപ്പുറം: ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 11 പേര്‍ക്ക് കൂടി കോവിഡ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ 2,011 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 91 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
അതേസമയം കോവിഡ് 19 ബാധിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ രണ്ട് പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 22 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 19 പേര്‍ക്ക് വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായി.
ഇതില്‍ തുടര്‍ ചികിത്സയിലിരിക്കെ ഒരാള്‍ മരിച്ചു. 18 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

72 പേര്‍ കൂടി നിരീക്ഷണത്തില്‍
ആകെ നിരീക്ഷണത്തില്‍ 1,610 പേര്‍

മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ മുതല്‍ 73 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,610 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. 28 പേരാണ് വിവിധ ആസ്പത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ 27, നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ ഒരാളുമാണ് ഐസൊലേഷനിലുള്ളത്. 1,532 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 50 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.