ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ പണം വാങ്ങി ആളുകളെ അതിര്‍ത്തി കടത്തുന്നു

24
നാടുകാണി ചെക്ക് പോസ്റ്റ് കടന്നെത്തുന്ന ചരക്കു വാഹനം

വഴിക്കടവ് ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന

മലപ്പുറം: സംസ്ഥാന അതിര്‍ത്തികളില്‍ നടക്കുന്ന കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തു വരുന്നു. വഴിക്കടവ് ചെക്ക്‌പോസ്റ്റില്‍ പണം വാങ്ങി അതിര്‍ത്തിയില്‍ നിന്നും ആളെ കടത്തിവിടുന്നതായി ഇന്നലെ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. ലോറി ഡ്രൈവര്‍മാര്‍, യാത്രക്കാര്‍, സ്വാകര്യവാഹനങ്ങള്‍ എന്നിവരില്‍ പണം വാങ്ങിയാണ് ഉദ്യോഗസ്ഥ ലോബി ആളെ കടത്തിവിടുന്നത്. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ അതിര്‍ത്തികളില്‍ പരിശോധനക്കായി നിയോഗിക്കപ്പെട്ട വിവിധ വകുപ്പുകളുടെ പരിശോധനാ സംഘങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ ദിവസം പരാതിയുയര്‍ന്നിരുന്നു. അതിര്‍ത്തി വഴി കടന്നുവരുന്ന ചരക്കുവാഹനങ്ങളില്‍ നിന്നും യാത്രാ വാഹനങ്ങളിലെ ഡ്രൈവര്‍മാരില്‍ നിന്നും കൈക്കൂലി വാങ്ങി ചെക്ക്‌പോസ്റ്റുകള്‍ വഴി കടന്നുവരുന്നതിന് അനുമതി നല്‍കുന്നുവെന്നായിരുന്നു പരാതി. തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വഴിക്കടവ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഉദേ്യാഗസ്ഥര്‍ കൈവശമുള്ളതിനേക്കാള്‍ കൂടിയ തുകകള്‍ രജിസ്റ്ററുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളതായും ഈ ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടില്ലാത്ത ഉദേ്യാഗസ്ഥന്‍ മിന്നല്‍ പരിശോധനാ സമയത്ത് ചെക്ക് പോസ്റ്റിന് സമീപം ഉണ്ടായിരുന്നതായും കണ്ടെത്തി. വിജിലന്‍സ് സംഘത്തെ കണ്ട സമയം ഈ ഉദേ്യാഗസ്ഥന്‍ തന്റെ കൈവശമുണ്ടായിരുന്ന തുക സമീപമുണ്ടായിരുന്ന സ്വകാര്യവ്യക്തിയെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചത് വിജിലന്‍സ് കണ്ടെത്തി. മാത്രമല്ല ഉേദ്യാഗസ്ഥര്‍ മാസ്‌ക് ധരിക്കാതെയാണ് ജോലി ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട്‌നല്‍കി. മലപ്പുറം വിജിലന്‍ ഡിവൈ.എസ്.പി എ. രാമചന്ദ്രന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് ഇന്‍സ്‌പെക്ടറായ എം.യു ബാലകൃഷ്ണന്‍, ഗസറ്റഡ് ഉദ്യോഗസ്ഥനായ പെരിന്തല്‍മണ്ണ പി.ഡബ്ല്യു.ഡി ദേശീയപാത വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ സി അനീഷ്, സബ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയപ്രകാശ്, സന്തോഷ്, അജിത്കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.