മലപ്പുറം ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കോവിഡ് 19

8

ഗള്‍ഫില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും വയനാട് സേവനം ചെയ്യുന്ന പൊലീസുകാരനുമാണ് വൈറസ് ബാധ

മാറഞ്ചേരി പുറങ്ങ് സ്വദേശിയും തവനൂര്‍ മാണൂര്‍ സ്വദേശിയും മഞ്ചേരി മെഡിക്കല്‍ കോളജില്‍

മലപ്പുറം: ഗള്‍ഫില്‍ നിന്ന് പ്രത്യേക വിമാനങ്ങളില്‍ എത്തിയ രണ്ട് പ്രവാസികള്‍ക്ക് കൂടി ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് ഏഴിന് അബുദബിയില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി 50 കാരനും മെയ് ഏഴിനുതന്നെ ദുബായില്‍ നിന്ന് കരിപ്പൂരെത്തിയ തവനൂര്‍ മാണൂര്‍ നടക്കാവ് സ്വദേശി 64 കാരനുമാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ഇരുവരും ഇപ്പോള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ഗള്‍ഫില്‍ നിന്ന് സംസ്ഥാനത്ത് തിരിച്ചെത്തി കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം എട്ടായി.
കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്ന കുവൈത്തില്‍ നിന്നെത്തിയ തിരൂര്‍ ബി.പി. അങ്ങാടി സ്വദേശി 27 കാരിയായ ഗര്‍ഭിണി, ഇവരുടെ മൂന്ന് വയസ്സുള്ള മകന്‍, അബുദബിയില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശി, കുവൈത്തില്‍ നിന്നെത്തിയ കരുളായി പാലേങ്കര സ്വദേശി എന്നിവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസൊലേഷനിലുണ്ട്. ദുബായില്‍ നിന്നെത്തിയ കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലും അബുദബിയില്‍ നിന്നെത്തിയ എടപ്പാള്‍ നടുവട്ടം സ്വദേശി കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലും ചികിത്സയില്‍ തുടരുകയാണ്.
അബുദബി മദീന സെയ്ദില്‍ തയ്യല്‍ തൊഴിലാളിയാണ് മാറഞ്ചേരി പുറങ്ങ് സ്വദേശി. രണ്ട് വര്‍ഷമായി അവിടെ തുടരുന്നതിനിടെ കോവിഡിന്റെ പശ്ചാത്തലത്തില്‍ മെയ് ഏഴിന് അബുദബിയില്‍ നിന്നുള്ള ഐ.എക്‌സ് 452 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ രാത്രി 12 മണിക്ക് കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കി മറ്റ് 13 പേര്‍ക്കൊപ്പം പ്രത്യേകം ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി. ബസില്‍ മെയ് എട്ടിന് പുലര്‍ച്ചെ 4.15 ന് കോഴിക്കോട് സര്‍വകലാശാല ഇന്റര്‍നാഷണല്‍ ഹോസ്റ്റലിലെ കോവിഡ് കെയര്‍ സെന്ററില്‍ എത്തി. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാലും ഇയാളുടെ വീട്ടില്‍ മറ്റാരും ഇല്ലാത്തതിനാലും അബുദബിയില്‍ നിന്ന് കൂടെയെത്തിയ ബന്ധുവിനും ഇയാളുടെ വീട്ടില്‍ തന്നെ താമസിക്കാനുള്ള പ്രത്യേക സൗകര്യം ഉള്ളതിനാലും ഇരുവരേയും പ്രത്യേകം ഏര്‍പ്പെടുത്തിയ ടാക്‌സിയില്‍ പുറങ്ങിലെ വീട്ടിലേക്കയച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതു സമ്പര്‍ക്കമില്ലാതെ ഇരുവരും വ്യത്യസ്ത മുറികളില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞു. ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെയ് 10 ന് വൈകീട്ട് ഏഴ് മണിക്ക് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു.
അജ്മാനില്‍ താമസിക്കുന്ന മാണൂര്‍ നടക്കാവ് സ്വദേശി ഷാര്‍ജയില്‍ കരാര്‍ തൊഴിലാളിയാണ്. മെയ് ഏഴിന് ദുബായില്‍ നിന്ന് ഐ.എക്‌സ് 344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ രാത്രി 10.35 ന് കരിപ്പൂരെത്തി. വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം മറ്റ് 17 പേര്‍ക്കൊപ്പം മെയ് എട്ടിന് പുലര്‍ച്ചെ 2.30 ന് കാളികാവ് സഫ ആസ്പത്രിയിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചു. മെയ് 10 ന് രാവിലെ ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉച്ചക്കു ശേഷം 4.30 ന് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി സാമ്പിള്‍ പരിശോധനക്ക് അയച്ചു. ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു.
ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചവര്‍ക്കൊപ്പം മെയ് ഏഴിന് അബുദബിയില്‍ നിന്ന് കൊച്ചിയിലെത്തിയ ഐ.എക്‌സ് 452 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലും മെയ് ഏഴിന് ദുബായില്‍ നിന്ന് കരിപ്പൂരെത്തിയ ഐ.എക്‌സ് 344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലും എത്തിയവരെല്ലാം ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശപ്രകാരം കര്‍ശന നിരീക്ഷണത്തിലാണ്. ഇവരെല്ലാവരും പൊതു സമ്പര്‍ക്കമില്ലാതെ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഒരു കാരണവശാലും നേരിട്ട് ആസ്പത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ 0483 273 7858, 273 7857, 273 3251, 273 3252, 273 3253.

വയനാട് കോവിഡ് 19 സ്ഥിരീകരിച്ചത്
പെരുവെള്ളൂര്‍ സ്വദേശിയായ 31കാരന്

മലപ്പുറം: വയനാട് ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ചു. മാനന്തവാടിയില്‍ സിവില്‍ പൊലീസ് ഓഫീസറായ പെരുവെള്ളൂര്‍ സ്വദേശി 31 കാരനാണ് രോഗബാധ. ഇയാള്‍ മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ ഐസൊലേഷനിലാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവറുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് പെരുവെള്ളൂര്‍ സ്വദേശിയുള്‍പ്പെടെ രണ്ട് പൊലീസുകാര്‍ക്ക് വയനാട്ടില്‍ രോഗബാധയുണ്ടായിരിക്കുന്നത്. പെരുവെള്ളൂര്‍ സ്വദേശിയുടെ സാമ്പിളെടുത്ത് ചികിത്സ നടത്തുന്നത് വയനാട് ജില്ലയിലായതിനാല്‍ നിലവില്‍ ജില്ലയിലെ കോവിഡ് ബാധിതരുടെ പട്ടികയില്‍ ഇയാള്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. മെയ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച സ്വദേശികളായ പ്രവാസികള്‍ കോഴിക്കോട്, കളമശ്ശേരി മെഡിക്കല്‍ കോളജ് ആസ്പത്രികളിലും ചെന്നൈയില്‍ നിന്നെത്തിയ 44 കാരന്‍ പാലക്കാടും ചികിത്സയിലായതിനാല്‍ ഇവര്‍ ജില്ലയിലെ കോവിഡ് ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ആറ് പേരാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലും ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആസ്പത്രിയിലും ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ 21 പേര്‍ക്ക് രോഗം ഭേദമായി. ഇതില്‍ കീഴാറ്റൂര്‍ പൂന്താനം സ്വദേശി തുടര്‍ ചികിത്സയിലിരിക്കെ മരിച്ചു. 20 പേര്‍ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. നാല് മാസം പ്രായമുള്ള കുട്ടി മാത്രമാണ് രോഗബാധിതയായി ചികിത്സയിലിരിക്കെ മരിച്ചത്.