ഇളവുകള്‍ ആസ്വദിച്ച് മലപ്പുറം; പതിയെ സാധാരണ ജീവിതത്തിലേക്ക്

15
ലോക്ക്ഡൗണിനു ഇളവ് പ്രഖ്യാപിച്ചതോടെ മലപ്പുറം കോട്ടപ്പടി തിരൂര്‍ റോഡില്‍ അനുഭവപ്പെട്ട വാഹനങ്ങളുടെ തിരക്ക്

മലപ്പുറം: ദീര്‍ഘനാളത്തെ അടച്ചിടലിന് ശേഷം ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ പതിയെ സാധരണ ജനജീവിതത്തിലേക്ക് മലപ്പുറം. ഒന്നര മാസത്തോളമായി സമ്പൂര്‍ണ അടച്ചിടലിന് ഇന്നലെ മുതലാണ് കൂടുതല്‍ ഇളവുകള്‍ ജില്ലയില്‍ ലഭിച്ചത്. ഇതോടെ പ്രധന നഗരങ്ങളിലുള്‍പ്പടെ കടകമ്പോളങ്ങള്‍ തുറന്നു. ഹോട്ട്‌സ്‌പോട്ട് ഒഴികയുള്ള പ്രദേശങ്ങളില്‍ സ്വകാര്യവാഹനങ്ങള്‍ നിബന്ധനകളോടെ നിരത്തിലിറക്കാനും കടകമ്പോളങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കുന്നതിനും ഇന്നലെ മുതലാണ് അനുമതി ലഭിച്ചത്. ചെറുകിട വസ്ത്ര വ്യാപരങ്ങളും ചെരുപ്പുകടകളുള്‍പ്പടെ ഇന്നലെ മിക്കതും തുറന്ന് പ്രവര്‍ത്തിച്ചു. കടകള്‍ തുറക്കുന്നതിന്റെ സമയത്തിലടക്കം ചില ആശയക്കുഴപ്പം നിര്‍ദേശങ്ങളിലുണ്ടായിരുന്നത് പരിഹരിച്ച് ഇന്നലെ തന്നെ ഉത്തരവിറങ്ങി. ഇന്ന് മുതല്‍ രാവിലെ ഏഴ് മണിമുതല്‍ വൈകുന്നേരം ഏഴ് മണിവരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ദിവസങ്ങള്‍ക്ക് ശേഷം ലഭിച്ച ഇളവുകള്‍ പൊതുജനങ്ങള്‍ ആസ്വദിക്കുന്ന കാഴ്ചയാണ് ജില്ലയിലുടനീളം. കാറുകളും സ്വകാര്യ വാഹനങ്ങളും നിരവധി പുറത്തിറങ്ങി. ചെറുതും വലുതുമായ വാഹനങ്ങള്‍ പുറത്തിറങ്ങിയതോടെ പലയിടങ്ങളിലും നേരിയ ഗതാഗതക്കുരുക്കിനിടയായി. രാത്രി ഏഴര മണി മുതല്‍ രാവിലെ ഏഴ് മണിവരെ പുറത്തിറങ്ങുന്നത് വിലക്കുണ്ട്. ഈ സമയം കലക്ടറുടെയോ എസ്.പിയുടെയോ അനുമതിയോടെ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.
ജില്ലാ ആസ്ഥാനത്തും ഇന്നലെ ഒട്ടുമിക്ക കടകളും ഷോപ്പുകളും പ്രവര്‍ത്തിച്ചു. കോട്ടപ്പടിയില്‍ പകുതിയിലധികം കടകള്‍ തുറന്നതോടെ രാവിലെ മുതല്‍ തിരക്കനുഭവപ്പെട്ടു. ആസ്ഥാന നഗരത്തില്‍ ഉച്ചവരെ തിരക്കുണ്ടായിരുന്നു. പെരിന്തല്‍മണ്ണ റോഡിലാണ് കൂടുതല്‍ തിരക്കനുഭവപ്പെട്ടത്. കറന്റ് ബില്ലുകള്‍ നേരിട്ടെത്തി അടക്കുന്നതിന് കെ.എസ്.ഇ.ബി സൗകര്യമൊരുക്കിയിരുന്നു. നിശ്ചിത അകലം പാലിച്ച് ക്യൂനില്‍ക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നതിനാല്‍ അധികമാളുകളും മാസ്‌ക് ധരിച്ചാണെത്തിയിരുന്നത്. വരും ദിവസങ്ങളില്‍ പതിയെ ജനജീവിതം സാധാരണ ഗതിയിലേക്ക് മാറുമെന്ന പ്രതീക്ഷയിലാണ് കച്ചവടകേന്ദ്രങ്ങള്‍. അതേ സമയം ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുകയാണ്.
പെരിന്തല്‍മണ്ണയില്‍ നഗരം കൂടുതല്‍ ജന നിബിഢമായി. ടാക്‌സികള്‍ക്കൊപ്പം സ്വകാര്യ വാഹനങ്ങള്‍ കൂടി നിരത്തില്‍ എത്തിയതോടെ പലയിടത്തും ഗതാഗത കുരുക്ക് വരെ അനുഭവപെട്ടു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിച്ചു. ചെറിയ കട കമ്പോളങ്ങള്‍ തുറന്നു. പല വ്യാപാരികള്‍ക്കും തുറക്കാനുള്ള അനുമതിയെ കുറിച് സംശയം നിലനില്‍ക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ കടകള്‍ തുറക്കുന്നതോടെ നഗര തിരക്ക് വര്‍ധിച്ചു സാധാരണ സ്ഥിതിയിലേക്ക് മടങ്ങിയേക്കും. പൊലീസ് നിയന്ത്രണങ്ങള്‍ വളരെ കുറവായിരുന്നു. എങ്കിലും അടച്ചുപൂട്ടല്‍ നിയമം ലംഘിച്ചതിന് ആറു കേസുകളെടുത്തു. അനാവശ്യമായി റോഡില്‍ ഇറങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും ഇന്ന് മുതല്‍ കര്‍ശന പരിശോധന നടക്കുമെന്നും പൊലീസ് അറിയിച്ചു.
തിരൂര്‍: മൂന്നാംഘട്ട ലോക്ഡൗണില്‍ ഇന്നലെ പ്രാബല്യത്തില്‍ വന്ന ഇളവുകള്‍ തീരദേശമേഖലയിലും പ്രകടമായി. ജനങ്ങള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങി. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. തീരമേഖലയിലെ പ്രധാന വ്യാപാര കേന്ദ്രമായ തിരൂര്‍ നഗരത്തില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. ചെറിയ തുണിക്കടകള്‍ അടക്കം പ്രവര്‍ത്തിച്ചു. അതേ സമയം മാസ്‌ക് ധരിക്കാതെയെത്തിയവരെ പൊലീസ് പിടികൂടി. ഒന്നരമാസമായി ലോക്ഡൗണ്‍ പിടിയിലായ തിരൂരില്‍ ഇന്നലെ സജീവത കൈവന്നു. റമസാന്‍ കാലമായതിനാല്‍ മാര്‍ക്കറ്റിലും നല്ല തിരക്ക് അനുഭവപ്പെട്ടു. സാമ്പത്തിക ഞരുക്കമുണ്ടങ്കിലും ഇളവുകള്‍ തുടരാനായാല്‍ വിപണിയില്‍ ഉണര്‍വ്വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. റെഡ്‌സോണിലായിരുന്ന ജില്ലയിലെ കടുത്ത നിയന്ത്രണങ്ങളില്‍ അയവ് വന്ന ആശ്വാസത്തിലായിരുന്നു ജനങ്ങള്‍.
മഞ്ചേരി നഗരത്തില്‍ അവശ്യസാധനങ്ങള്‍ വില്‍പന നടത്തുന്ന കടകള്‍ക്ക് പുറമേ ചെരിപ്പ് കടകള്‍, ഒരു നിലമാത്രമുള്ള വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, പെയിന്റ്, മറ്റു നിര്‍മാണ സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന കടകള്‍ എന്നിവ തുറന്നതോടെ നഗരങ്ങളില്‍ ജനം ഇറങ്ങി. വൈകീട്ട് 5 മണി വെര നഗരങ്ങളില്‍ ഈ നില തുടര്‍ന്നു. നിലമ്പൂര്‍, എടവണ്ണ, എടക്കര എന്നിവടങ്ങളിലും ജനത്തിരക്കായിരുന്നു. എല്ലായിടുത്തും പൊലീസ് ഉണ്ടായിരുന്നുവെങ്കിലും എവിടെയും കാര്യമായി ഇടപെടല്‍ നടത്തിയിട്ടില്ല. സ്വകാര്യ വാഹനങ്ങള്‍ യഥേഷ്ടം നിരത്തിറലിറങ്ങി. പല സ്ഥലങ്ങളിലും വാഹനങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിലും അധികം ആളുകളും യാത്ര ചെയ്തു. അതേ സമയം ഓട്ടോറിക്ഷകള്‍ക്ക് അനുമതിയില്ലാത്തത് തൊഴിലാളികളെ ദുരിതത്തിലാക്കി.