പ്രവാസികള്‍ മലപ്പുറത്തിന്റെ മണ്ണിലും മനസിലും

14
ഇന്നലെ റിയാദില്‍ നിന്ന് കരിപ്പൂരിലിറങ്ങിയ യാത്രക്കാരന്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുന്നു

മലപ്പുറം: പ്രിയപ്പെട്ടവരാരും വരവേല്‍ക്കാനില്ലാതെ ഇന്നലെ പ്രവാസികളുടെ രണ്ടാം സംഘവും കരിപ്പൂരെത്തി. സമ്മാനപ്പൊതികളുമായി പ്രിയപ്പെട്ടവരുടെ കരങ്ങളിലേക്ക് ഓടിയണയുന്ന പതിവ് കാഴ്ചയില്ല. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ സ്വാഗതം ചെയ്തത്. സ്വന്തം നാട്ടില്‍ കാലുകുത്തിയ ആശ്വാസം ഏവരുടെയും മുഖത്ത് പ്രകമായിരുന്നു. വലിയ ആശങ്കകളും പ്രതിസന്ധികളും നിറഞ്ഞ ദിനരാത്രങ്ങളില്‍ നിന്നാണ് പ്രവാസികള്‍ സ്വന്തം നാട്ടിലെ സുരക്ഷിതത്വത്തിലേക്ക് പറന്നിറങ്ങിയത്.
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ റിയാദില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം എ.ഐ 922 ഇന്നലെ രാത്രി 7.45 ഓടെയാണ് കരിപ്പൂരിലിറങ്ങിയത്. സംഘത്തില്‍ 152 യാത്രക്കാരായിരുന്നു. ഇതില്‍ കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക സ്വദേശികളായ 8 ഉം തമിഴ്‌നാട് സ്വദേശികളായ 2 പേരുമാണുള്ളത്. മലപ്പുറം സ്വദേശികളായ 48 പേരും യാത്രാ സംഘത്തിലുണ്ടായിരുന്നു. യാത്രക്കാരില്‍ ഗര്‍ഭിണികളായ 84 പേരെയും 22 കുട്ടികളെയും അടിയന്തര ചികിത്സക്കെത്തുന്ന അഞ്ചു പേരും എഴുപത് വയസ്സിന് മുകളില്‍ പ്രായമുള്ള മൂന്ന് പേരും അമ്മമാരോടൊപ്പം തിരിച്ചെത്തുന്ന 15 കുട്ടികളുമാണുണ്ടായിരുന്നത്.
20 അംഗങ്ങളുള്ള സംഘമായാണ് ഇവരെ വിമാനത്തില്‍ നിന്നും പുറത്തിറക്കിയത്. എയറോ ബ്രിഡ്ജില്‍ യാത്രക്കാരെ തെര്‍മല്‍ പരിശോധനക്ക് വിധേയരാക്കിയതിന് ശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനക്ക് ശേഷമാണ് വിവിധയിടങ്ങളിലേക്ക് മാറ്റിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍, തുടര്‍ ചികിത്സക്കെത്തുന്നവര്‍ തുടങ്ങി പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് അയച്ചു. യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളും (മലപ്പുറം – 23). 22 കുട്ടികളും (മലപ്പുറം – 11) അഞ്ച് പേര്‍ അടിയന്തര ചികിത്സക്കെത്തുന്നവരുമാണ് (മലപ്പുറം -1). എഴുപത് വയസിന് മുകളില്‍ പ്രായമുള്ള മൂന്നു പേരും അമ്മമാരോടൊപ്പം തിരിച്ചെത്തുന്ന 15 കുട്ടികളും സംഘത്തിലുണ്ട്. ഇവരെയാണ് വീട്ടിലേക്ക് മാറ്റിയത്. ശേഷിക്കുന്നവരെ ക്വാറന്റൈനിലേക്ക് മാറ്റി. സംഘത്തില്‍ 84 ഗര്‍ഭിണികളുള്ളതിനാല്‍ അവരുടെ സുരക്ഷ മുന്‍നിര്‍ത്തി വിമാനത്താവളത്തിലെ ആരോഗ്യ സംഘത്തില്‍ ഗൈനക്കോളജിസ്റ്റും പ്രത്യേക പരിശീലനം സിദ്ധിച്ച സ്റ്റാഫ് നഴ്‌സുമാരെയും കൂടുതല്‍ ആംബുലന്‍സ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിന് വിധേയരാക്കും. യാത്രക്കാരുടെ വിവര ശഖരണം ആരംഭിച്ചു.

രണ്ടു വിമാനങ്ങളിലായി ജില്ലയിലെ
91 പ്രവാസികള്‍ തിരിച്ചെത്തി

കോവിഡ് കെയര്‍ സെന്ററുകളില്‍ 41 പേര്‍
മലപ്പുറം: കോവിഡ് 19 വ്യാപനം ഗള്‍ഫ് നാടുകളില്‍ ആശങ്കയേറ്റുമ്പോള്‍ ജന്മനാടിന്റെ തണലിലേക്ക് പ്രവാസികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയിലും കരിപ്പൂരിലുമായെത്തിയ രണ്ട് വിമാനങ്ങളില്‍ ആദ്യദിവസം ജില്ലയിലേക്ക് തിരിച്ചെത്തിയത് 91 പ്രവാസികളാണ്. ലോക ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ ആശ്വാസം കണ്ടെത്തുകയാണ് ഇവരെല്ലാം. രണ്ട് വിമാനങ്ങളിലായി എത്തിയവര്‍ക്കെല്ലാം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടം പ്രത്യേക നിരീക്ഷണം ആരംഭിച്ചു.
ദുബൈയില്‍ നിന്നുള്ള സംഘത്തില്‍ ജില്ലയില്‍ നിന്നുള്ള 68 പേര്‍ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലും അബുദബിയില്‍ നിന്നുള്ള 23 പേര്‍ നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് എത്തിയത്. കരിപ്പൂരെത്തിയ 68 പേരില്‍ രണ്ട് പേര്‍ മാത്രമാണ് ആസ്പത്രി നിരീക്ഷണത്തിലുള്ളത്.
വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സ തുടരുന്നയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലും ചുമയുണ്ടായിരുന്ന മറ്റൊരാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. 41 പേരാണ് കോവിഡ് കെയര്‍ സെന്ററുകളിലുള്ളത്. ഇതില്‍ 37 പേരെ കാളികാവ് സഫ ആസ്പത്രിയിലെ കോവിഡ് കെയ ര്‍സെന്ററിലും കൊച്ചിയില്‍ നിന്നെത്തിയ 23 പേരില്‍ നാല് പേരെ കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍നാഷണല്‍ ഹോസ്റ്റലിലും പ്രത്യേക നിരീക്ഷണത്തിലാക്കി. ജില്ലയിലെത്തിയ പ്രവാസികളില്‍ 31 പേരാണ് വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍ കഴിയുന്നത്.

നാലു പേരെ ആസ്പത്രികളിലേക്കു മാറ്റി
മലപ്പുറം: കോവിഡ് ആശങ്കകള്‍ക്കിടെ ദുബൈയില്‍ നിന്ന് ജന്മനാട്ടിലേക്കു മടങ്ങിയ പ്രവാസി മലയാളികളുടെ ആദ്യ സംഘം സര്‍ക്കാറിന്റെ കരുതലില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചു. പ്രത്യേക പരിശോധനയില്‍ നാല് പേര്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ രണ്ട് പേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശിയും ഒരാള്‍ കാസര്‍ക്കോട് സ്വദേശിനിയായ വനിതയുമാണ്. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കുന്ന മലപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും ചുമയുള്ള മറ്റൊരു മലപ്പുറം സ്വദേശിയേയും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശിയേയും മഞ്ചേരി മെഡിക്കല്‍ കോളജിലേക്കും മാറ്റി.