മലപ്പുറം ജില്ലയില്‍ മുസ്‌ലിംലീഗ് ഭവന രോഷം

42

കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ

മലപ്പുറം: കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ഗൃഹാങ്കണങ്ങളില്‍ നടത്തിയ ഭവനരോഷം പ്രതിഷേധ പരിപാടിയില്‍ നേതാക്കളും പ്രവര്‍ത്തകരുമായി ആയിരങ്ങള്‍ പങ്കാളികളായി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കുടുംബത്തോടൊപ്പം പ്ലക്കാര്‍ഡുകള്‍ പിടിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കേരള സര്‍ക്കാറിന്റെ പ്രവാസി ദ്രോഹ നടപടികള്‍ക്കും കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വേട്ടക്കും പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനുമെതിരെയായിരുന്നു ഭവന രോഷം സംഘടിപ്പിച്ചത്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ വീട്ടില്‍ നടന്ന പരിപാടിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.എ മജീദ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.കെ സുബൈര്‍ എന്നിവര്‍ പങ്കാളികളായി. മുസ്്‌ലിംലീഗിന്റെയും പോഷക സംഘടനകളുടെയും മുഴുവന്‍ ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കളും പ്രവര്‍ത്തകരും ഭവന രോഷം പ്രതിഷേധത്തിന്റെ ഭാഗമായി. സമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന പ്രതിഷേധങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ നിന്നും ഏറെ പിന്തുണയാണ് ലഭിച്ചത്. പൗരത്വ നിഷേധത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പേരില്‍ നടക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വേട്ടക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കുന്ന നടപടിക്കും പ്രവാസികളോടും ഇതര സംസ്ഥാനങ്ങളിലെ മലയാളികളോടുമുള്ള കേരള സര്‍ക്കാറിന്റെ ചിറ്റമ്മ നയത്തിനും എതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഡല്‍ഹിയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ലോക്ക് ഡൗണിന്റെ മറവില്‍ കരിനിയമങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയുടെ പ്രത്യേക സാഹചര്യത്തില്‍ രാജ്യം അതിജീവനത്തിന് വഴികള്‍ തേടുമ്പോള്‍ പ്രതികാര രാഷ്ട്രീയവുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് നിയമസഹായവും സാമ്പത്തിക സഹായവും നല്‍കാന്‍ രംഗത്തുണ്ട്. പ്രത്യക്ഷമായ പ്രതിഷേധങ്ങള്‍ ഉണ്ടാകില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ ജനങ്ങളുടെ സ്വത്തായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയാണ്. വിദേശങ്ങളില്‍ ദിനേന കോവിഡ് ബാധിച്ച് മലയാളികള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. ഇവരെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കും തുരങ്കം വെക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളോടും ഇതേ മനോഭാവമാണ്. സര്‍ക്കാറുകളുടെ ഇത്തരം ജനദ്രോഹ നടപടികള്‍ക്കെതിരെയായിരുന്നു മുസ്്‌ലിംലീഗിന്റെ വ്യത്യസ്ത സമരം.