മലപ്പുറം ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കോവിഡ് 19

27

മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിലെ കൊളാബയില്‍ നിന്നെത്തിയ എടപ്പാള്‍ പോത്തന്നൂര്‍ സ്വദേശി 49 കാരന്‍, മുംബൈയിലെ വര്‍ളിയില്‍ നിന്നെത്തിയ മൂന്നിയൂര്‍ ചിനക്കല്‍ സ്വദേശി 48 കാരന്‍, ജിദ്ദയില്‍ നിന്നെത്തിയ കാളികാവ് വെള്ളയൂര്‍ സ്വദേശി 34 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു. ഇവര്‍ മൂന്ന് പേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസൊലേഷനിലാണ്.
മുംബൈയിലെ കൊളാബയില്‍ ഇളനീര്‍ വില്‍പ്പനക്കാരനാണ് എടപ്പാള്‍ പോത്തന്നൂര്‍ സ്വദേശി. 12 ന് സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ യാത്ര ചെയ്ത് 13 ന് വീട്ടിലെത്തി പ്രത്യേക നിരീക്ഷണം ആരംഭിച്ചു. മൂക്കടപ്പിനെ തുടര്‍ന്ന് 16 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കമുണ്ടായ ഭാര്യ, രണ്ട് മക്കള്‍, ഭാര്യാ സഹോദരന്‍, മാതാവ് എന്നിവരെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ജിദ്ദയില്‍ ജോലി ചെയ്യുന്ന കാളികാവ് വെള്ളയൂര്‍ സ്വദേശി കണ്ണിനുള്ള ചികിത്സക്കായി മെയ് 13 ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. 14 മുതല്‍ സ്വന്തം വീട്ടില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണം ആരംഭിച്ചു. ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 16 ന് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കമുണ്ടായ സഹോദരന്‍, പിതാവ്, മാതാവ് എന്നിവര്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.
മുംബൈയിലെ വര്‍ളിയില്‍ ഇളനീര്‍ വില്‍പ്പനക്കാരനായ മൂന്നിയൂര്‍ ചിനക്കല്‍ സ്വദേശി സര്‍ക്കാര്‍ അനുമതിയോടെ 12 ന് സ്വകാര്യ വാഹനത്തില്‍ യാത്ര ആരംഭിച്ച് 14 ന് പുലര്‍ച്ചെ മൂന്നിയൂരിലെ വീട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പ്രത്യേക നിരീക്ഷണം ആരംഭിച്ചു. തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 16 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കമുണ്ടായ ഭാര്യ, മൂന്ന് മക്കള്‍ എന്നിവരെ പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47 ആയി. 26 പേരാണ് രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാള്‍ ആലപ്പുഴ സ്വദേശിനിയാണ്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ സ്വന്തം വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആസ്പത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ചികിത്സയിലുള്ളത് 26 പേര്‍ 103 പേരുടെ ഫലം നെഗറ്റീവ്
മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നിലവില്‍ 26 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ ഒരാള്‍ ആലപ്പുഴ സ്വദേശിനിയാണ്. ജില്ലയില്‍ ഇതുവരെ 47 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 21 പേര്‍ക്ക് വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായി. ഇതില്‍ തുടര്‍ ചികിത്സയിലിരിക്കെ ഒരാള്‍ മരിച്ചു. 20 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.
അതേസമയം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 103 പേരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 3,023 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 86 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

631 പേര്‍ കൂടി നിരീക്ഷണത്തില്‍
ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ 5,132 പേര്‍
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ 631 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹ്‌റലി അറിയിച്ചു. 5,132 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 75 പേര്‍ വിവിധ ആസ്പത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ 72 പേരും തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ ഒരാളും നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ രണ്ട് പേരുമാണ് ഐസൊലേഷനിലുള്ളത്. 3,938 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,119 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.