വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കെതിരെ തീവ്ര നിയമങ്ങള്‍ മലപ്പുറത്ത് എം.എസ്.എഫ് പ്രവര്‍ത്തകര്‍ യു.എ.പി.എ നിയമം കത്തിച്ചു

ഡല്‍ഹിയില്‍ വിദ്യാര്‍ഥി നേതാക്കളെ യു.എ.പി.എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ മലപ്പുറത്ത് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കരിനിയമം കത്തിച്ച് പ്രതിഷേധിക്കുന്നു

മലപ്പുറം: പൗരതത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യ രീതിയില്‍ സമരം ചെയ്ത വിദ്യാര്‍ഥി നേതാക്കളെ യു.എ.പി.എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ എം.എസ്.എഫ് നിയമം കത്തിച്ച് പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്ത വിദ്യാര്‍ഥി നേതാക്കളെ ഉടന്‍ മോചിപ്പിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് എം.എസ്.എഫ് ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് മലപ്പുറം മുനിസില്‍ കമ്മിറ്റി ഓഫീസ് (ഖാഇദെ മില്ലത്ത് സൗധം) പരിസരത്ത് നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തില്‍ ഫാസിസത്തിനെതിരെ പ്രതിഷേധം ആളിക്കത്തി. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യം മുന്നോട്ട് പോകുന്നതിനിടയിലും ജനാധിപത്യ വിരുദ്ധമായാണ് കേന്ദ്ര ഭരണകൂടം ഇടപെടുന്നത്. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശ സംരക്ഷണത്തിന് വേണ്ടി പോരാടിയ ജാമിഅ: മില്ലിയ വിദ്യാര്‍ഥികളായ സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍, അലുംനി നേതാവ് ശിഫാഉറഹ്മാന്‍ എന്നിവരെയും ജെ.എന്‍.യു. വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടുകൂടി ഡല്‍ഹി പൊലീസ് സ്വീകരിച്ച നടപടിയില്‍ എം.എസ്.എഫ് പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച കാലമായി എം. എസ്.എഫ് ദേശ വ്യാപകമായി ആവാസ് ദോ കാമ്പയിന്‍ നടന്നുവരുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് എം.എസ്.എഫ് സംസ്ഥാന വ്യാപകമായി യു.എ.പി.എ കരിനിയമം കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചത്. പ്രതിഷേധ സംഗമത്തിന് സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കബീര്‍ മുതുപറമ്പ്, മലപ്പുറം മണ്ഡലം പ്രസിഡന്റ് സജീര്‍ കളപ്പാടന്‍, ജനറല്‍ സെക്രട്ടറി നവാഫ് കള്ളിയത്ത്, ട്രഷറര്‍ അഖില്‍ ആനക്കയം നേതൃത്വം കൊടുത്തു.