മരണം നാട്ടിലെത്താനാവാത്ത മാനസിക സമ്മര്‍ദം മൂലമെന്ന്
ജലീല്‍ പട്ടാമ്പി
ദുബൈ: ദേര അല്‍റിഖ്ഖ റോഡിലെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് മലയാളി മരിച്ചു. കൊറോണ വൈറസ് ബാധയില്‍ നിന്ന് അടുത്തിടെ മോചിതനായ മലപ്പുറം പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി നീലത്ത് മുഹമ്മദ് ഫിര്‍ദൗസ് (26) ആണ് അല്‍റിഖ്ഖ പ്ളാസ കെട്ടിടത്തിന്റെ ഏഴാം നിലയിലെ ബാല്കണിയില് നിന്ന് താഴെ വീണ് മരിച്ചത്. അല്റിഖ്ഖയിലെ ഗ്രീന്‍ കോര്‍ണര്‍ ബില്‍ഡിംഗില്‍ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. തന്റെ അമ്മാവന് നൗഷാദ് അലി അടക്കം ആറു പേരോടൊപ്പമാണ് ഇദ്ദേഹം താമസിച്ചിരുന്നത്. സുബ്ഹി നമസ്കാരത്തിനായി എഴുന്നേറ്റതായിരുന്നു ഫിര്‍ദൗസ്. ഇതിനിടക്ക് ബാല്കണിയില് നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് ഒപ്പം താമസിച്ചിരുന്നവര്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 4.40ഓടെയാണ് സംഭവമുണ്ടായത്.
ഏപ്രില്‍ 10നാണ് ഇദ്ദേഹം കോവിഡ് പോസിറ്റീവായത്. റാഷിദ് ആശുപത്രിയിലായിരുന്ന ഇദ്ദേഹം എല്ലാ ടെസ്റ്റുകളും പൂര്‍ത്തിയാക്കിയിരുന്നു. മെയ് 7ന് ഡിസ്ചാര്‍ജായി. കോവിഡ് ബാധിച്ച ശേഷം മാനസിക പ്രശ്നം ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നാണ് വിവരം. ചിലപ്പോഴൊക്കെ ഇതിന്റെ വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു. എല്ലാവരും തന്നെ ആക്രമിക്കുമെന്ന് സംശയിച്ചിരുന്ന ഫിര്‍ദൗസ്, മറ്റുള്ളവര്‍ തനിക്ക് വിഷമാണ് നല്‍കുന്നതെന്ന ചിന്തയില്‍ ഭക്ഷണം പോലും കഴിക്കാന്‍ വിസമ്മതിച്ചിരുന്നത്രെ. ഇതിനിടക്ക് ഇദ്ദേഹത്തെ താമസ സ്ഥലത്ത് നിന്നും കാണാതായിരുന്നുവെന്നും പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പിന്നീട് കണ്ടെത്തിയെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
അതിനിടെ, കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേക്ക് പോകാനാവാത്തതാണ് ഫിര്‍ദൗസിന്റെ മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നുവെന്നും ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. എങ്ങനെയെങ്കിലും നാട്ടില്‍ പോയാല്‍ മതിയെന്ന ചിന്തയിലായിരുന്ന ഫിര്‍ദൗസ് മുട്ടാത്ത വാതിലുകളില്ല. ആദ്യം നോര്‍കയിലും പിന്നീട് എംബസിയിലും രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. എന്നാല്‍, ഇതുവരെ പോകാന്‍ അവസരം കിട്ടിയില്ല. ഇതില്‍ നല്ല മനപ്രയാസമുണ്ടായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി എംപി ഫിര്‍ദൗസിന്റെ മാനസികാവസ്ഥ വിശദീകരിച്ച് അദ്ദേഹത്തെ നാട്ടിലെത്താന്‍ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് നയതന്ത്ര കാര്യാലയത്തിന് അയച്ച കത്ത് ഞായറാഴ്ച രാത്രി ലഭിച്ചിരുന്നു. അതുമായി തിങ്കളാഴ്ച രാവിലെ കോണ്‍സുല്‍ ജനറലിനെ നേരിട്ടു കണ്ട് അഭ്യര്ത്ഥിക്കാനിരുന്നതായിരുന്നു. അതിനിടക്കായി ഫിര്‍ദൗസിന്റെ ദാരുണാന്ത്യം.
മാതാപിതാക്കളും അനുജനും സഹോദരിയുമടങ്ങിയതാണ് ഫിര്‍ദൗസിന്റെ കുടുംബം. നിര്‍ധന കുടുംബത്തിന്റെ ഏകാശ്രയമായിരുന്ന ഫിര്‍ദൗസിന്റെ മരണം അവര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്.