വള്ളുവമ്പ്രം: വേനല്‍ ചൂടിന് കുളിരേകി പെയ്ത മഴയില്‍ ആലിപ്പഴം പൊഴിഞ്ഞത് കൗതുകമായി. പൂക്കോട്ടൂര്‍, മൊറയൂര്‍, ഊരകം പഞ്ചായത്തുകളിലെ വിവിധ മലയോര മേഖലകളിലാണ് ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് തണുത്തുറഞ്ഞ വെള്ള തുള്ളികള്‍ വീണത്. ലോക്ക് ഡൗണ്‍ കാരണം വീടുകളില്‍ ബോറടിച്ചിരുന്നവര്‍ക്ക് ആലിപ്പഴം ആശ്ചര്യത്തിന്റെയും സന്തോഷത്തിന്റെയും കുളിര്‍മ പകര്‍ന്നു. ഷീറ്റ്, ഓട് മേഞ്ഞ വീടുകളുടെ മുകളില്‍ കല്ല് വീഴുന്നതുപോലുള്ള ശബ്ദം കേട്ടാണ് പലരും ശ്രദ്ധിച്ചത്. നോക്കിയപ്പോള്‍ ചെറിയ മഞ്ഞ് കട്ടകള്‍. പെട്ടെന്ന് ഇവ അലിഞ്ഞു. ഫോട്ടോകള്‍ എടുത്ത് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പോസ്റ്റ് ചെയ്തതോടെ നിമിഷം നേരം കൊണ്ടു ആലിപ്പഴം വൈറലായി. നാല് മിനിറ്റ് നേരം നീണ്ട പ്രകൃതിയുടെ പ്രതിഭാസം ഉണ്ടായിരുന്നുള്ളൂ. ഭൂമിയില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന ചൂടേറിയ നീരാവി വളരെ പെട്ടെന്ന് തണുക്കുമ്പോള്‍ രൂപം കൊള്ളുന്ന ഐസ് രൂപമാണ് ആലിപ്പഴം.റോഡിലും മുറ്റത്തും നിറയെ വീണു കിടന്ന ആലിപ്പഴങ്ങള്‍ പാത്രങ്ങളിലാക്കി ശേഖരിച്ചവരും ഏറെ. ഊരകം, വേങ്ങരക്ക് എന്നിവക്ക് പുറമെ മിനി ഊട്ടിയിലും മൊറയൂരിലെ അരിമ്പ്ര, തടപ്പറമ്പ്, പൂക്കാട്ടൂരിലെ ഇല്യംപറമ്പ്, വെള്ളൂര്‍ ഭാഗങ്ങളിലും ആലിപ്പഴം വര്‍ഷിച്ചു. ശക്തമായ മഴക്കൊപ്പം ഇടിയും കനത്ത കാറ്റും ഉണ്ടായിരുന്നു.