ദുബൈ: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട ദുബൈയിലെ മംസാര്‍ ബീച്ച് വാക്ക് തിങ്കളാഴ്ച മുതല്‍ തുറന്നു. ദുബൈയില്‍ സഞ്ചാരികളെയും താമസക്കാരെയും ഏറെ ആകര്‍ഷിക്കുന്ന ബീച്ചുകളിലൊന്നാണ് മംസാര്‍ ബീച്ച്. കഴിഞ്ഞ ആഴ്ച മുതല്‍ ദുബൈയിലെ പാര്‍ക്കുകള്‍ ഘട്ടംഘട്ടമായി തുറന്നിരുന്നു. ഇതോടൊപ്പം ജുമൈറ ബീച്ച് വാക്കും തുറന്നിട്ടുണ്ട്. മംസാര്‍ ബീച്ച് വാക്കില്‍ പ്രവേശിക്കുമ്പോള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി സ്വീകരിക്കണമെന്ന് ദുബൈ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്കി. മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാണെന്നും ആളുകള്‍ കൂട്ടംകൂടി നില്‍ക്കാതെ സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പാര്‍ക്കുകള്‍ തുറക്കുന്നതിന്റെ രണ്ടാംഘട്ടമായി ദുബൈ മുനിസിപ്പാലിറ്റി തിങ്കളാഴ്ച 70 പാര്‍ക്കുകള്‍ തുറന്നു. മൂന്നാം ഘട്ടത്തില്‍ മെയ് 25ന് മുഷ്റിഫ്, അല്‍മംസാര്‍, അല്‍ഖോര്‍, സാബീല്‍, അല്‍സഫ പാര്‍ക്കുകളും തുറക്കും. പെരുന്നാള്‍ അവധി വരുന്നതോടെ ദുബൈയിലെ ഏതാണ്ട് എല്ലാ പാര്‍ക്കുകളും പ്രവര്‍ത്തിക്കും.