പള്ളിയിലെ ഏകാന്തവാസത്തിനൊടുവില്‍ ഉസ്മാന്‍ മൗലവി ഈദിന് വീടണഞ്ഞു

ലോക് ഡൗണില്‍ നാട്ടിലെത്താന്‍ കഴിയാതെ മൂന്നു മാസമായി എടച്ചേരി പള്ളിയില്‍ കഴിഞ്ഞ മുക്കത്തെ ഉസ്മാന്‍ മൗലവിയെ പള്ളി കമ്മിറ്റിക്കാര്‍ പെരുന്നാളിന് വീട്ടിലേക്ക് യാത്രയയക്കുന്നു

എടച്ചേരി: കോവിഡ് രോഗത്തെ തുടര്‍ന്നുണ്ടായ ലോക് ഡൗണിനെ തുടര്‍ന്ന് മൂന്നു മാസത്തെ പള്ളിയിലെ ഏകാന്തവാസത്തിനൊടുവില്‍ മുഅദിന്‍ കെ ഉസ്മാന്‍ മൗലവി(60) വീടണഞ്ഞു; ചെറിയ പെരുന്നാള്‍ സന്തോഷത്തോടെ. മുക്കത്തിനടുത്ത് ഈസ്റ്റ് മലേമയില്‍ കെ ഉസ്മാന്‍ മൗലവി എടച്ചേരി പുതിയങ്ങാടി ജുമാ മസ്ജിദില്‍ 20 വര്‍ഷമായി മുഅദിനായി പ്രവര്‍ത്തിക്കുന്നു.
മാസാവസാനമാണ് സാധാരണ നാട്ടില്‍ പോവാറ്. എന്നാല്‍ കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണില്‍ കുടുങ്ങിയതോടെ മൂന്നു മാസമായി വീട്ടുകാരേയും സ്വന്തക്കാരേയും മൗലവി കണ്ടിട്ട്.
ഇരുട്ട് വീഴും മുമ്പ് ശൂന്യമാകുന്ന അങ്ങാടിയില്‍ കഴിഞ്ഞ തൊണ്ണൂറ് രാപ്പകലുകളില്‍ ഉസ്മാന്‍ മൗലവി ഒറ്റക്കായിരുന്നു. നേരാ നേരം, സമയം തെറ്റാതെ ബാങ്ക് വിളിക്കുകയും പ്രാര്‍ത്ഥനയും സുജൂദുമായി ആരും കൂടെയില്ലാതെ ഉസ്മാന്‍ മൗലവി തന്റെ നിയോഗം കൃത്യതയോടെ നിറവേറ്റി. ആളൊഴിയാത്ത നോമ്പ് കാലത്തിന്റെ നല്ല ഓര്‍മ്മകള്‍ മാത്രമായിരുന്നു കൂട്ടിന്. ഇടി വെട്ടി മഴ പെയ്ത, ഭയം തോരാത്ത രാത്രികളില്‍ പടച്ച റബ്ബ് മാത്രമായിരുന്നു കൂട്ടിനെന്ന് പറയുന്നു അദ്ദേഹം. മഹാവ്യാധിയുടെ നിയന്ത്രണങ്ങളില്‍ പെട്ട് മദ്രസ്സയും പള്ളിയും അടഞ്ഞ് പോയത് കൊണ്ട് കൂടെയുള്ളവരെല്ലാം നാടണഞ്ഞപ്പോള്‍ തനിച്ചായതാണ് മൗലവി.
എടച്ചേരിയിലെ ഒരു വീട്ടിലെ അഞ്ചു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആധിയിലായത് ഉസ്മാന്‍ മൗലവിയുടെ കുടുംബം കൂടിയായിരുന്നു. അകലെ നിന്ന് ഉറ്റവരുടെ ആശങ്ക നിറഞ്ഞ വിളി വരുമ്പോള്‍ പടച്ചവന്‍ കാത്തോളുമെന്ന് ആശ്വസിപ്പിക്കുകയായിരുന്നു മൗലവി.
വീടണയാനാകാത്ത വിഷമവുമായി ഇത്രയും നാള്‍ കഴിഞ്ഞ മൗലവി, ആളനക്കമില്ലാത്ത അത്തറിന്റെ മണമില്ലാത്ത അകപ്പള്ളിയില്‍ നിന്ന് ഏകനായി പെരുന്നാള്‍ നിസ്‌കാരവും നിര്‍വ്വഹിച്ച് ആത്മ നിര്‍വൃതിയോടെ കുടുംബത്തിലേക്ക് മടങ്ങുകയായിരുന്നു. നാടണയാന്‍ പ്രത്യേകം വണ്ടി ഒരുക്കിയാണ് മഹല്‍ നിവാസികള്‍ ഉസ്മാന്‍ മൗലവിയെ പെരുന്നാള്‍ ദിനത്തില്‍ യാത്രയാക്കിയത്.