മാസ്‌കിലൊതുങ്ങി പ്രതിരോധം കൈവിട്ടു ‘ബ്രേക്ക് ദ ചെയിന്‍’

13
ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി കണ്ണൂര്‍ നഗരത്തില്‍ സ്ഥാപിച്ച ടാപ്പ് നശിപ്പിച്ച നിലയില്‍

കണ്ണൂര്‍: കോവിഡിനെ പ്രതിരോധിക്കാന്‍ നാടാകെ ഏറ്റെടുത്ത ‘ബ്രേക്ക് ദ ചെയിന്‍’ കാഴ്ചയിലൊതുങ്ങി. കൈ കഴുകല്‍ പ്രോത്സാഹിപ്പിച്ച് ഒരുക്കിയ വാഷ് ബേസിനിലെവിടെയുമില്ല ഒരുതുള്ളി വെള്ളം. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ കൈ കഴുകല്‍ സൗകര്യമാണ് പലയിടത്തും നിലച്ചത്. പ്രതിരോധ നടപടികള്‍ തുടരവെ മാസ്‌കില്‍ മാത്രമായിരിക്കുന്നു ജനങ്ങള്‍ക്കിടയിലെ സുരക്ഷാ മുന്‍കരുതല്‍. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വിവിധ മേഖലകളില്‍ തദ്ദേശ സ്ഥാപനങ്ങളുടെയുള്‍പ്പെടെ നേതൃത്വത്തില്‍ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനെന്ന പേരില്‍ കൈ കഴുകാന്‍ സൗകര്യമൊരുക്കിയിരുന്നു.
ആദ്യ ഘട്ടത്തില്‍ കടകളുടെയും വിവിധ സ്ഥാപനങ്ങള്‍ക്ക് മുന്നിലും നാടൊട്ടുക്കും നടപ്പാക്കിയതാണ് കൈ കഴുകല്‍ സൗകര്യം. വിവിധ സംഘടനകളുടെ നേതൃത്വത്തിലും സോപ്പിട്ട് കൈകഴുകാന്‍ സൗകര്യമൊരുക്കിയിരുന്നു. വിവിധ മേഖലകളില്‍ നടപ്പാക്കിയ സൗകര്യവുമായി ബന്ധപ്പെട്ട് വാര്‍ത്താ മാധ്യമങ്ങളിലൂടെ വന്‍ പ്രചാരമാണ് നല്‍കിയത്. ചിത്ര സഹിതമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ രോഗ വ്യാപനത്തിന് ശേഷം രണ്ട് മാസം പിന്നിടുമ്പോള്‍ പലയിടത്തും ഈ സൗകര്യം അപ്രത്യക്ഷമായിരിക്കുകയാണ്. ചിലയിടങ്ങളില്‍ താല്‍ക്കാലിക വാഷ് ബേസിനുകളുണ്ടെങ്കിലും കൈ കഴുകാന്‍ വെള്ളമോ സോപ്പോ ഇല്ലാത്ത അവസ്ഥയുമായിട്ടുണ്ട്.
വാഷ് ബേസിനുകളില്‍ പലതിലും വെള്ളം ലഭിക്കാതായിട്ട് ആഴ്ചകള്‍ പിന്നിട്ടു. അടച്ചുപൂട്ടല്‍ കാലത്ത് നഗരമുള്‍പ്പെടെ നിശ്ചലമായതാകാം കൈ കൈകഴുകല്‍ സൗകര്യം നിലച്ചതിന് കാരണം.
എന്നാല്‍ ഇളവുകളോടെ ജനജീവിതം സാധാരണ നിലയിലായിട്ടും ഭൂരിഭാഗം പ്രദേശത്തും കൈ കഴുകല്‍ സൗകര്യം പുനസ്ഥാപിച്ചിട്ടില്ല. കടകളിലുള്‍പ്പെടെ സാനിറ്ററൈസറും അപ്രത്യക്ഷമായിട്ടുണ്ട്.