വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത മുഖാവരണം മുഖം മറയാത്തത്; ലഘുലേഖയില്ല

വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായി ബി.ആര്‍.സി മുഖാന്തരം എത്തിച്ചു നല്‍കിയ മാസ്‌ക്കുകള്‍

മുക്കം: കൊറോണ വൈറസ് വ്യാപനത്തിനിടെ ഇന്നു പുന:രാരംഭിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.എസ് പരീക്ഷാര്‍ഥികള്‍ക്കു സര്‍ക്കാര്‍ വിതരണം ചെയ്ത മുഖാവരണങ്ങള്‍ ഗുണനിലവാരമില്ലാത്തതും ഉപയോഗിക്കാന്‍ കഴിയാത്തതും. മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ പലയിടത്തും ലഭിച്ചിട്ടുമില്ല. കുറ്റമറ്റതെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്ന പ്രതിരോധ നടപടികളെക്കുറിച്ച് പരാതികളേറെ.
മാവൂര്‍, കുന്ദമംഗലം ബി.ആര്‍.സികളില്‍ നിന്ന് മലയോര മേഖലയിലെ ഗ്രാമപഞ്ചായത്തുകളില്‍ വിതരണം ചെയ്യാനായി എത്തിച്ച മാസ്‌ക്കുകളാണ് നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാന്‍ പോലും വലിപ്പമില്ലാത്തത്ര ചെറുതായത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും നിര്‍ദേശങ്ങളടങ്ങിയ നോട്ടീസ് പലയിടത്തും വിതരണം ചെയ്തിട്ടുമില്ല. മുഖാവരണങ്ങള്‍ കൊണ്ട് മുഖം പോയിട്ട് വായ പോലും മറയാത്ത അവസ്ഥയാണ്. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്ക് ഞായറാഴ്ച ലഭിച്ച മാസ്‌ക്കുകള്‍ ഇന്നലെ വിതരണം ചെയ്ത് തുടങ്ങിയപ്പോഴാണ് ആവശ്യത്തിന് വലിപ്പമില്ലാത്തതാണന്ന് മനസിലായത്. ഇതോടെ പലരും തിരിച്ചേല്‍പ്പിക്കുകയായിരുന്നു.
സാധാരണ കോട്ടണ്‍ തുണിയില്‍ ഇലാസ്റ്റിക് 2 ചെവികളിലും ഘടിപ്പിക്കാവുന്ന തരത്തിലുള്ള മാസ്‌ക്കുകളില്‍ ഈ ഇലാസ്റ്റിക്കുകള്‍ ചെവികളിലേക്ക് എത്താത്ത അവസ്ഥയുമുണ്ട്. സാധാരണ ഗതിയില്‍ ഒരു മാസ്‌ക്കിന്റെ തുണിക്ക് മാത്രം 18 മുതല്‍ 20 സെന്റീമീറ്റര്‍ വരെ നീളമുണ്ടാവുമെങ്കില്‍ ബി.ആര്‍.സി വഴി ലഭിച്ച മാസ്‌ക്കുകള്‍ക്ക് 13 മുതല്‍ 15 സെന്റീമീറ്റര്‍ വരെ നീളം മാത്രമേ ഉള്ളൂവെന്നും പഞ്ചായത്തംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
അതേ സമയം ചില ഗ്രാമ പഞ്ചായത്തംഗങ്ങളും തങ്ങള്‍ക്ക് ലഭിച്ച മാസ് ക്കുകള്‍ അതത് സ്‌കൂളുകള്‍ക്ക് നല്‍കുകയാണ് ചെയ്തിതിരിക്കുന്നത്. ഇത് പരീക്ഷ സമയത്ത് വിതരണം ചെയ്യുമ്പോഴായിരിക്കും മാസ്‌ക് മുഖത്ത് ധരിക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍ പെടുക.