ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ കക്കൂസ് മാലിന്യം തള്ളി മട്ടന്നൂര്‍ നഗരസഭ

19
ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞപ്പോള്‍

മട്ടന്നൂര്‍: മഴക്കാലപൂര്‍വ്വ ശുചിത്വ പരിപാടി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നതിനിടെ മട്ടന്നൂര്‍ നഗരസഭ നാലാങ്കേരിയില്‍ കക്കൂസ് മാലിന്യം തള്ളി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.നഗരസഭയുടെ കരിത്തൂര്‍ പറമ്പിലെ ഖരമാലിന്യ നിക്ഷേപകേന്ദ്രത്തിലും പരിസരത്തും മട്ടന്നൂര്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ കക്കൂസ് മാലിന്യവും മലിനജലവും ടാങ്കര്‍ലോറിയിലെത്തി നിക്ഷേപിക്കുകയായിരുന്നു.
മട്ടന്നൂര്‍ ബസ് സ്റ്റാന്റിലെ നഗരസഭാ കംഫര്‍ട്ട് സ്‌റ്റേഷനിലെ മാലിന്യമാണ് തള്ളിയത്. സമീപവാസികളായ നാട്ടുകാര്‍ സംഭവം അറിഞ്ഞു സംഘടിച്ച് മാലിന്യ നിക്ഷേപം നടത്തുന്നത് തടയുന്നതിനിടെ പൊലീസും സ്ഥലത്തെത്തി. പിന്നീട് നഗരസഭ അധ്യക്ഷ രാത്രി 12 മണിയോടെ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് മണ്ണിട്ട് മൂടുകയായിരുന്നു .ഏതാനും വര്‍ഷം മുമ്പ് സമാനമായി കക്കൂസ് മാലിന്യം നിക്ഷേപിക്കുകയും നാട്ടുകാര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ നിരവധി നാട്ടുകാര്‍ക്കെതിരെ നഗരസഭ കള്ളക്കേസെടുത്തിരുന്നു. ഈ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്ന് മലിനജലം സമീപത്തെ നാലാങ്കേരിയിലെ ജനവാസ പ്രദേശത്തിലേക്കാണ് ഒഴുകിയെത്തുന്നത്. കഴിഞ്ഞ കാലവര്‍ഷാരംഭത്തില്‍ ഈ പ്രദേശത്തു മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു. ഇവിടെ കിണറുകളില്‍ മഴക്കാലത്തു മാലിന്യ നിക്ഷേപകേന്ദ്രത്തില്‍ നിന്ന് മലിനജലം ഒഴുകിയെത്തുന്നതായി പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് കിണര്‍ വെള്ളം പരിശോധിച്ചപ്പോള്‍ ക്ലോറോഫോം ബാക്ടീരിയയുടെ അളവ് മാരകമായ വിധത്തില്‍ അധികരിച്ചത് കണ്ടെത്തിയിരുന്നു.
ഇതിനിടെയാണ് അധികാരികള്‍ തന്നെ തികച്ചും നിരുത്തരവാദപരമായ രീതിയില്‍ കക്കൂസ് മാലിന്യവും മലിനജലവും തുറസായ സ്ഥലത്ത് നിക്ഷേപിച്ചത്. സംഭവത്തില്‍ ഉത്തരവാദികളായവരുടെ പേരില്‍ കേസെടുക്കണമെന്ന് ജില്ലാ ഭരണകൂടത്തോടും പൊലീസ് അധികാരികളോടും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.