മാവൂരിലെ കോവിഡിന് പിന്നില്‍ ജില്ലാ ഭരണകൂടത്തിന്റെ ഗുരുതര വീഴ്ച

മാവൂര്‍: മാവൂരില്‍ കോവിഡ് സ്ഥിരീകരിക്കാന്‍ ഉണ്ടായ സാഹചര്യം നാട്ടുകാരില്‍ അമ്പരപ്പുണ്ടാക്കുന്നതായി മാറി. സൗദിയില്‍ നിന്നെത്തിയ 55 കാരിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ജില്ലാ ഭരണകൂടത്തിന് സംഭവിച്ച പിഴവായാണ് നാട്ടുകാര്‍ ഇതിനെ കാണുന്നത്. സൗദിയിലായിരുന്ന ഇവര്‍ ഭര്‍ത്താവിനോടൊപ്പം കോഴിക്കോട്ടെത്തി സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മൂന്നുദിവസം മുമ്പ് ഇവര്‍ വീട്ടിലെത്തിയെന്നാണ് വിവരം. അസ്വസ്ഥതയെതുടര്‍ന്ന് പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ഉണ്ടായത്. അടുത്തിടപഴകിയ മകനെയും ക്വാറന്റീനിലാക്കിയിട്ടുണ്ട്.
ക്വാറന്റൈയിനില്‍ ഉണ്ടാകേണ്ടിയിരുന്ന രോഗി രഹസ്യമായി മാവൂരില്‍ എത്താന്‍ ഉണ്ടായ സാഹചര്യം ജില്ലാ ഭരണകൂടത്തിന്റെ ഗുരുതരമായ വീഴ്ചയാണെന്നും അന്വേഷണം വേണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടീച്ചര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് അധികൃതര്‍ക്കോ ഗ്രാമ പഞ്ചായത്തിനോ ഇത് സംബന്ധിച്ച് യാതൊരു വിവരവും കിട്ടിയിരുന്നില്ലത്രേ.
നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന വ്യക്തി നാട്ടിലെത്തിയ ഉടന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡീഷണല്‍ ഡി.എം.ഒ യെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. 28 ന് നിരീക്ഷണം കഴിഞ്ഞു വീട്ടില്‍ എത്തേണ്ട വ്യക്തിയെ 24 ന് തന്നെ വിട്ടത് മാവൂര്‍ സ്വദേശികളെ മൊത്തത്തില്‍ ചതിച്ചതിന് തുല്യമാണെന്നും പ്രസിഡണ്ട് മുനീറത്ത് അറിയിച്ചു.