ലോക തൊഴിലാളി ദിനം: ആശംസയുമായി എല്‍എസ്ഡിഎ

  എല്‍എസ്ഡിഎ ചെയര്‍മാന്‍ സാലം യൂസുഫ് അല്‍ഖസീര്‍

  ഷാര്‍ജ: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് ഷാര്‍ജ സര്‍ക്കാറിന് കീഴിലുള്ള ലേബര്‍ സ്റ്റാന്റേര്‍ഡ്‌സ് ഡെവലപ്‌മെന്റ് അഥോറിറ്റി (എല്‍എസ്ഡിഎ) ഷാര്‍ജ എമിറേറ്റിലെയും യുഎഇയിലെയും തൊഴിലാളികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും ആശംസ നേര്‍ന്നു.
  ലോകം നേരിടുന്ന കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷിതമായും ആരോഗ്യത്തോടെയും ജോലി സ്ഥലത്തും താമസ സ്ഥലത്തും കഴിയാന്‍ എല്‍എസ്ഡിഎ ആഹ്വാനം ചെയ്തു.
  സുരക്ഷിതരായും ആരോഗ്യത്തോടെയും കോവിഡ് 19നെ അതിജീവിക്കാന്‍ ലോകത്തിന് മുഴുവന്‍ കഴിയട്ടെയെന്നും എല്‍എസ്ഡിഎ ആശംസിച്ചു.
  തൊഴിലാളികള്‍ക്കായി തൊഴില്‍ സ്ഥാപനങ്ങളിലേക്കയച്ച ഇമെയില്‍ സന്ദേശങ്ങള്‍ വഴിയും എസ്എംഎസ് വഴിയുമാണ് ആശംസ അറിയിച്ചത്.
  കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, തൊഴിലാളി ദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്താറുള്ള ആഘോഷ പരിപാടികള്‍ മാറ്റി വച്ചിരിക്കുകയാണ്. രാജ്യത്തെ സാഹചര്യങ്ങള്‍ പൂര്‍വ സ്ഥിതിയിലാകുന്ന മുറക്ക് തൊഴിലാളി ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് എല്‍എസ്ഡിഎയുടെ ആശംസാ സന്ദേശത്തില്‍ പറയുന്നു.
  ഷാര്‍ജ എമിറേറ്റിന്റെയും യുഎഇയുടെയും സര്‍വതോമുഖ വളര്‍ച്ചക്ക് അമൂല്യ സംഭാവന നല്‍കുന്ന തൊഴിലാളികളുടെ ക്ഷേമത്തിലും ജീവിത നിലവാരത്തിലും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശെശഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ താല്‍പര്യമാണ് തൊഴിലാളി ദിനാഘോഷങ്ങളുടെ പിന്നിലെ പ്രേരക ശക്തിയെന്ന് എല്‍എസ്ഡിഎ ചെയര്‍മാന്‍ സാലം യൂസുഫ് അല്‍ഖസീര്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
  ഷാര്‍ജയിലെ തൊഴില്‍ ദാതാക്കളുടെ വിശാല താല്‍പര്യങ്ങളും തൊഴില്‍ മേഖലയിലെ ധാര്‍മികതയും സംരക്ഷിക്കാന്‍ കൂടി ലക്ഷ്യമിടുന്നതാണ് തൊഴിലാളി ദിനാഘോഷങ്ങളെന്നും ആശംസാ സന്ദേശത്തില്‍ പറയുന്നു.
  കോവിഡ് 19 ഉയര്‍ത്തുന്ന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, തൊഴിലാളികളുടെ സംരക്ഷണം ഉറപ്പു വരുത്താന്‍ തൊഴിലുടമകള്‍ മുന്‍കയ്യെടുക്കണമെന്ന് എല്‍എസ്ഡിഎ ചെയര്‍മാന്‍ ആഹ്വാനം ചെയ്തു.
  കോവിഡ് 19നെതിരെ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും, നിലവിലെ പ്രതികൂല സാഹചര്യത്തില്‍ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്നും അദ്ദേഹം തൊഴില്‍ സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
  ഷാര്‍ജ ഭരണാധികാരിയുടെ പ്രത്യേക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലും വിപുലമായ ബോധവത്കരണമാണ് ഷാര്‍ജയിലെ തൊഴിലാളികളെ ലക്ഷ്യമിട്ട് എല്‍എസ്ഡിഎ നടത്തി വരുന്നതെന്ന് ചെയര്‍മാന്‍ അറിയിച്ചു. പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാന്‍, തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ സന്ദേശമെത്തിക്കുന്ന എസ്എംഎസ് കാമ്പയിനും വിജയകരമായി നടപ്പാക്കി വരുന്നുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.
  കോവിഡ് 19 ഭീഷണിയുടെ ഫലമായുള്ള അസാധാരണ സാഹചര്യത്തിലൂടെ രാജ്യം കടന്നു പോകുന്ന പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള നടപടികള്‍ ശക്തമാക്കിയതായി ചെയര്‍മാന്‍ മെയ് ദിന സന്ദേശത്തില്‍ പറഞ്ഞു.