വിശപ്പകറ്റാന്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയും കെഎംസിസിയുമെത്തി

തൊഴിലാളികള്‍ കേഴുന്നു; കോവിഡ് മറവില്‍
ശമ്പളം കൊടുക്കാത്തവരില്‍ മലയാളികളും

അബുദാബി: കോവിഡ് 19 മറവില്‍ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാത്തവരില്‍ മലയാളികളും. പാവം തൊഴിലാളികളുടെ സങ്കടക്കണ്ണീരിന് മുന്നില്‍ ദയാവായ്പില്ലാതെ കഠിന ഹൃദയരായി കഴിയുന്നവര്‍ മലയാളികള്‍ക്ക് നാണക്കേടാകുന്നു. അന്നത്തിന് വകയില്ലാതെ നിലവിളിക്കുന്ന പാവം തൊഴിലാളികളുടെ മാനസികാവസ്ഥ കണ്ടില്ലെന്ന് നടക്കുന്ന ഇത്തരം സ്ഥാപന ഉടമകള്‍ തൊഴിലാളികളുടെ ശാപമേറ്റു വാങ്ങുകയാണ്.
മുസഫയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മലയാളിയുടെ സങ്കടകരമായ അവസ്ഥ മിഡില്‍ ഈസ്റ്റ് ചന്ദ്രികയെ നാട്ടില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച കെഎംസിസി പ്രവര്‍ത്തകര്‍ ഭക്ഷണമെത്തിച്ചു കൊടുക്കുകയുണ്ടായി. കോവിഡിന്റെ പേരില്‍ ജോലിയും കൂലിയുമില്ലെന്ന് പറഞ്ഞ് രണ്ടു പേരുടെ വിസ റദ്ദാക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ മാസം പകുതി ശമ്പളമേ ഉണ്ടാകൂവെന്ന് പറഞ്ഞാണ് ജോലി ചെയ്യിച്ചത്. എന്നാല്‍, ഇതു വരെ ശമ്പളം കൊടുത്തില്ലെന്ന് മാത്രമല്ല, വിസ കാന്‍സല്‍ ചെയ്തിരിക്കുകയുമാണ്.
ഏറെ പ്രതീക്ഷയോടെ കഴിഞ്ഞ അഞ്ചു മാസം മുന്‍പ് മാത്രം നാട്ടില്‍ നിന്നെത്തിയ തൊഴിലാളിയാണ് ഭക്ഷണത്തിന് പോലും പ്രയാസപ്പെടുകയാണെന്ന കാര്യം നാട്ടിലേക്ക് അറിയിച്ചത്. ഉടനെ മിഡില്‍ ഈസ്റ്റ് ചന്ദ്രികയെ അറിയിച്ചതിനെ തുടര്‍ന്ന കെഎംസിസി സംസ്ഥാന സെക്രട്ടറി റെയിന്‍ബോ ബഷീര്‍ മണിക്കൂറുകള്‍ക്കകം മുഴുവന്‍ വിഭവങ്ങളുമായി ഇവര്‍ക്കരികിലെത്തുകയായിരുന്നു.
നിരവധി പേരാണ് തൊഴില്‍ നഷ്ടപ്പെട്ടും വേതനം ലഭിക്കാതെയും കഷ്ടപ്പെടുന്നത്. ഇത്തരക്കാരായ നിരവധി പേര്‍ക്ക് മുസഫയിലെ പ്രവര്‍ത്തകരുടെ കൂട്ടായ്മയായി നടത്തുന്ന ‘ഫുഡ് ചാലഞ്ച്’ ഓരോ ദിവസവും ഭക്ഷണമെത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. 1,000ത്തിലധികം ഭക്ഷണപ്പൊതികളാണ് വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു കൊണ്ടിരിക്കുന്നത്. രാപലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന ഇവരില്‍ പലരും റെസ്റ്റോറന്റ് ഉടമകളാണ്. കഴിഞ്ഞ ദിവസം മരിച്ച പി.കെ അബ്ദുല്‍ കരീം ഹാജി ഉള്‍പ്പെടെ ഈ കൂട്ടായ്മയില്‍ സജീവമായിരുന്നു.
ഇവരുടെ വാട്‌സാപ്പ് കൂട്ടായ്മയിലേക്ക് ഓരോ ദിവസവും പുതിയ ആവശ്യക്കാരുടെ പേരുകള്‍ വന്നു കൊണ്ടിരിക്കുന്നു. ഗൂഗ്ള്‍ ലൊക്കേഷനുകള്‍ എത്തി അധികം വൈകാതെ തന്നെ ഭക്ഷണപ്പൊതികള്‍ അവിടെ എത്തിച്ച് ഏവരുടെയും മനം കവരുകയാണിവര്‍. റെയിന്‍ബോ ബഷീറിനെ കൂടാതെ, അബ്ദുല്‍ ബാസിത്, ഇബ്രാഹിം,സാദാത്ത് എന്നിവരുള്‍പ്പെടെയുള്ള സന്മനസ്സുകളുടെ സംഘം ഭക്ഷണപ്പൊതികളുമായി നിര്‍ത്താത്ത ഓട്ടത്തിലാണ്.