കുവൈത്ത് കെഎംസിസി നാട്ടില്‍ നിന്നും നാലാം ഘട്ടവും മരുന്നെത്തിച്ചു

കുവൈത്ത് കെഎംസിസി മെഡിക്കല്‍ വിംഗ് വഴി കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍ അംഗങ്ങള്‍ക്ക് മൊത്തമായി എത്തിച്ച മരുന്നുകള്‍ കെകെഐസി അബ്ബാസിയ വെസ്റ്റ് ട്രഷറര്‍ നഹാസിന് കുവൈത്ത് കെഎംസിസി സംസ്ഥാന ജന.സെക്രട്ടറി എം.കെ അബ്ദുല്‍ റസാഖ് പേരാമ്പ്ര കൈമാറുന്നു

കുവൈത്ത് സിറ്റി: നാട്ടില്‍ നിന്നും മരുന്നെത്തിച്ച് കഴിച്ചിരുന്നവര്‍ക്ക് പകരം മരുന്ന് കുവൈത്തില്‍ ലഭിക്കാത്ത സാഹചര്യത്തില്‍, മരുന്നുകള്‍ കാര്‍ഗോ വഴി എത്തിച്ച് നല്‍കുന്നത് കുവൈത്ത് കെഎംസിസിയും മെഡിക്കല്‍ വിംഗും തുടരുന്നു. കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നയച്ച മുന്നൂറോളം പേര്‍ക്കുള്ള ആയിരത്തിനടുത്ത മരുന്നുകള്‍ കുവൈത്തിലെത്തി. മരുന്നുകള്‍ കുവൈത്ത് കെഎംസിസി മെഡിക്കല്‍ വിംഗ് നേതൃത്വത്തില്‍ ഫാര്‍മസിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ വേര്‍തിരിച്ച് ഓരോരുത്തരുടെയും താമസ സ്ഥലത്ത് വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ എത്തിച്ചു വരുന്നു. കുവൈത്തിലെത്തിയ മരുന്നുകള്‍ പെട്ടെന്ന് കസ്റ്റംസ് ക്‌ളിയറന്‍സ് പൂര്‍ത്തിയാക്കി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഷാഫി കൊല്ലം മെഡിക്കല്‍ വിംഗ് നേതൃത്വത്തിന് കൈമാറി. കുവൈത്ത് കെഎംസിസി സംസ്ഥാന സെക്രട്ടറി സിറാജ് എരഞ്ഞിക്കലാണ് പ്രതികൂല കാലാവസ്ഥയിലും മരുന്നെത്തിക്കാന്‍ സംസ്ഥാന കമ്മിറ്റി ഒരുക്കിയ നാട്ടിലെ സംവിധാനം പൂര്‍ണമായും നിയന്ത്രിക്കുന്നത്. മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് മെഡി ചെയിന്‍ പദ്ധതി വഴി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള കുവൈത്തിലെ രോഗികളുടെ ബന്ധുക്കള്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ കോഴിക്കോട്ടുള്ള സംസ്ഥാന സെക്രട്ടറി സിറാജിന്റെ വസതിയില്‍ എത്തിക്കുമ്പോള്‍ നിയമപരമായ എല്ലാ പേപ്പര്‍ വര്‍ക്കുകളും ഡ്രഗ് കണ്‍ട്രോള്‍ അനുമതി പത്രവുമൊക്കെ പൂര്‍ത്തിയാക്കിയാണ് മരുന്നുകള്‍ കുവൈത്തിലേക്ക് അയക്കുന്നത്. വ്യക്തികള്‍ ഏല്‍പ്പിച്ച മരുന്നുകള്‍ക്ക് പുറമെ, കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍ (കെകെഐസി) കമ്മിറ്റിയും അവരുടെ അംഗങ്ങള്‍ക്കായി കുവൈത്ത് കെഎംസിസിയെ മരുന്ന് മൊത്തമായി ഏല്‍പ്പിച്ചിരുന്നു. മരുന്നെത്തിക്കാനുള്ള കാര്‍ഗോ ചെലവുകള്‍ പൂര്‍ണമായും കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയാണ് വഹിക്കുന്നത്. കുവൈത്തിലെത്തിയ മുരുന്നുകള്‍ ഇനിയും കൈപ്പറ്റാത്തവര്‍ കുവൈത്ത് കെഎംസിസി വൈസ് പ്രസിഡന്റും മെഡിക്കല്‍ വിംഗ് ചെയര്‍മാനുമായ ഷഹീദ് പട്ടില്ലത്ത് (51719196), ജന.കണ്‍വീനര്‍ ഡോ. അബ്ദുല്‍ ഹമീദ് പൂളക്കല്‍ (96652669) എന്നിവരുമായി ബന്ധപ്പെടണമെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അറിയിച്ചു.