‘ഹലോ, ഞാന്‍ ആക്ടര്‍ മോഹന്‍ ലാല്‍’…: പ്രവാസി നഴ്‌സുമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഫോണ്‍ കോള്‍

    44

    മെയ് 12 ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ

    ദുബൈ: ”ഹലോ, ഞാന്‍ ആക്ടര്‍ മോഹന്‍ ലാല്‍!”. പിപിഇ ധരിച്ച് കോവിഡ് 19 വാര്‍ഡിലെ ജോലി തുടരുന്നതിനിടെ ഫോണ്‍ കോളെടുത്ത ദുബൈ മെഡിയോര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് അനുമോള്‍ ജോസഫിന് ആരെന്നും എന്തെന്നും ആദ്യം മനസ്സിലായില്ല. ഞാന്‍ ആക്ടര്‍ മോഹന്‍ ലാല്‍. വിളിക്കുന്നത് ചെന്നൈയില്‍ നിന്ന്. ആളെ തിരിച്ചറിഞ്ഞപ്പോള്‍ അനുമോള്‍ക്ക് ഒരു പോലെ അത്ഭുതവും സന്തോഷവും. വിശ്വസിക്കാന്‍ അര നിമിഷം ബുദ്ധിമുട്ടിയെങ്കിലും അനുമോളുടെ അടുത്ത ചോദ്യത്തിന് മുന്‍പേ മോഹന്‍ലാല്‍ പറഞ്ഞു തുടങ്ങി.
    ”ഈ സര്‍പ്രൈസ് കോളിന് കാരണം മറ്റൊന്നുമല്ല. മെയ് 12ന് ചൊവ്വാഴ്ച ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ ആണല്ലോ. കോവിഡ് 19നെതിരെ പോരാടുന്ന പ്രവാസി നഴ്‌സുമാര്‍ക്ക് എന്റെയും നമ്മുടെ നാടിന്റെയും പൂര്‍ണ പിന്തുണയുണ്ട്. നിങ്ങളെ പോലുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ഇപ്പോള്‍ ഞങ്ങളുടെ സൂപര്‍ ഹീറോകള്‍. ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും നിങ്ങള്‍ക്കൊപ്പമുണ്ട്”.
    സൂപര്‍ സ്റ്റാറിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ സിസ്റ്റര്‍ അനുമോള്‍ മോഹന്‍ ലാലിനോട് ഒരു കാര്യം കൂടി അഭ്യര്‍ത്ഥിച്ചു. ”കോവിഡ് കഴിഞ്ഞ് ഇനി ദുബൈയിലേക്ക് വരുമ്പോള്‍ ഇതു വഴി വരണം. ദുരിത കാലത്ത് ഞങ്ങള്‍ക്ക് സര്‍പ്രൈസ് തന്നതിന് പകരമായി ഞങ്ങള്‍ ലാലേട്ടന് ഒരു ലഞ്ച് ഒരുക്കാം”. ബുദ്ധിമുട്ടുകള്‍ വേഗം കടന്നു പോകട്ടെയെന്നും അടുത്ത വരവില്‍ കാണാന്‍ ശ്രമിക്കാമെന്നും സൂപര്‍ താരത്തിന്റെ ഉറപ്പ്.
    സ്‌നേഹത്തിനും പ്രാര്‍ത്ഥനക്കും നന്ദി പറഞ്ഞ് ജോലിയിലേക്ക് മടങ്ങിയ അനുമോള്‍ക്ക് ഇഷ്ട താരത്തിന്റെ സര്‍പ്രൈസ് കോള്‍ വന്നതിന്റെ അമ്പരപ്പ് ഇപ്പോഴും വിട്ടു മാറിയിട്ടില്ല.
    അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് പ്രിന്‍സി ജോര്‍ജിന് സൂപര്‍ താരത്തിന്റെ വിളി എത്തിയത് ചികിത്സയിലുള്ള കോവിഡ് 19 രോഗികളുടെ അവസ്ഥ വിലയിരുത്താനുള്ള നഴ്‌സുമാരുടെ യോഗത്തിനിടെ ‘ഞാന്‍ ആക്ടര്‍ മോഹന്‍ ലാല്‍’ എന്ന ആമുഖം കേട്ടതോടെ പ്രിന്‍സിക്ക് സന്തോഷം അടക്കാനായില്ല. ഫോണില്‍ ലൗഡ് സ്പീക്കറിലിട്ട് പ്രിന്‍സി സഹപ്രവര്‍ത്തകര്‍ക്കും താരവുമായി സംസാരിക്കാന്‍ വഴിയൊരുക്കി. ഇന്ത്യന്‍ സുഹൃത്തുക്കളില്‍ നിന്നും താങ്കളെകുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെന്ന് ഫിലിപ്പിനോ നഴ്‌സുമാര്‍ മോഹന്‍ ലാലിനോട് പറഞ്ഞു.
    കോവിഡ് 19 കാലത്ത് ജോലി സമയം പോലും നോക്കാതെ പോരാടുന്ന യുഎഇയിലെ പ്രവാസി നഴ്‌സുമാര്‍ക്ക് ഐക്യദാര്‍ഢ്യമറിയിക്കാന്‍ 11 നഴ്‌സുമാരെയാണ് സൂപര്‍ താരം നേരിട്ട് വിളിച്ചത്. യുഎഇയിലെ ഏറ്റവും വലിയ ഹെല്‍ത് കെയര്‍ ഗ്രൂപ്പുകളിലൊന്നായ വിപിഎസ് ഹെല്‍ത് കെയറിന്റെ ദുബൈ, അബുദാബി, ഷാര്‍ജ, അല്‍ ഐന്‍ എന്നിവിടങ്ങളിലെ ബുര്‍ജീല്‍, മെഡിയോര്‍, എല്‍എല്‍എച്ച്, ലൈഫ് കെയര്‍ ആശുപത്രികളിലെ നഴ്‌സുമാരുമായിട്ടായിരുന്നു ചെന്നൈയിലെ വീട്ടിലിരുന്നുള്ള മോഹന്‍ ലാലിന്റെ സംഭാഷണം. നഴ്‌സസ് ദിനത്തോടനുബന്ധിച്ച് നഴ്‌സുമാര്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍ വിളിക്കേണ്ടവരുടെ പട്ടിക ആശുപത്രി മാനേജ്‌മെന്റ് നേരത്തെ തന്നെ താരത്തിന് കൈമാറിയിരുന്നു. എന്നാല്‍, ആരാണ് വിളിക്കാന്‍ പോകുന്നതെന്ന് നഴ്‌സുമാരെ അറിയിച്ചിരുന്നില്ല. രാവിലെ ഒരു സുപ്രധാന കോള്‍ വരുമെന്നും അത് എടുക്കാന്‍ വിട്ടു പോകരുതെന്നും മാത്രമേ പറഞ്ഞുള്ളൂ. കോള്‍ വരുന്ന സമയം മുന്‍കൂട്ടി അറിയാവുന്ന മാനേജ്‌മെന്റ് വിഭാഗത്തിലുള്ളവര്‍ സംസാരം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.
    ഓരോരുത്തരെയും വ്യത്യസ്തമായി വിളിച്ചു കൊണ്ടുള്ള സംഭാഷണം ഒരു മണിക്കൂറിലേറെ നീണ്ടു. സംസാരത്തിനിടെ നാട് എവിടെയെന്ന് ചോദിച്ചറിഞ്ഞ മോഹന്‍ ലാലിന് കേരളത്തിലുള്ളവരോട് പങ്കു വെക്കാനുണ്ടായിരുന്നത് സംസ്ഥാനത്തെ സാഹചര്യം മെച്ചപ്പെട്ടതും സുരക്ഷിതവുമാണെന്നും നാടിനെ കുറിച്ച് ആശങ്ക വേണ്ടെന്നുമുള്ള സന്ദേശം. കോവിഡ് ഡ്യൂട്ടിക്കിടെയുള്ള താരവിളി നഴ്‌സുമാര്‍ക്ക് ആശ്വാസമായി. രണ്ടു വരി പാടാമോ എന്ന നഴ്‌സുമാരുടെ സ്‌നേഹനിര്‍ബന്ധത്തിന് മോഹന്‍ ലാലിന്റെ മറുപടി ഇങ്ങനെ: ”പാട്ടു പാടി ആഘോഷിക്കാനുള്ള കാലമാണ് വരാനിരിക്കുന്നത്. അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ഉറപ്പായും പാടും. ഇപ്പോള്‍ നിങ്ങള്‍ക്കൊക്കെ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒന്നടങ്കം സ്‌നേഹവും ആദരവും നിങ്ങളെ അറിയിക്കാനാണ് അവരിലൊരാളായ ഞാന്‍ നിങ്ങളെ വിളിക്കുന്നത്. നിങ്ങളുടെ ആരോഗ്യവും പ്രധാനമാണ്. ആരോഗ്യം സൂക്ഷിക്കുക. ഈ വെല്ലുവിളിയെ നമുക്ക് ഒറ്റക്കെട്ടായി നേരിട്ട് വിജയിക്കാം”.
    അബുദാബി, ദുബൈ, അല്‍ ഐന്‍ തുടങ്ങി യുഎഇയിലെ വിവിധ എമിറേറ്റുകളുമായുള്ള 40 വര്‍ഷത്തോളം നീണ്ട അടുപ്പവും ബന്ധവും മോഹന്‍ലാല്‍ നഴ്‌സുമാരുമായി പങ്കു വെച്ചു. യുഎഇ തനിക്ക് രണ്ടാം വീട് പോലെയാണ്. കോറോണേയെ അതിജീവിച്ച ശേഷം വീണ്ടും മലയാളികളുടെ പ്രിയ നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
    കോവിഡിന് എതിരായ പോരാട്ടത്തിനിടെയെത്തിയ നഴ്‌സസ് ഡേ മറക്കാനാവാത്ത അനുഭവമാക്കിയ സൂപര്‍ താരത്തിന് നന്ദിയുണ്ടെന്ന് അബുദാബി മെഡിയോര്‍ ആശുപത്രിയില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്‌സ് മേഘ പോള്‍ പറഞ്ഞു. ”മുന്‍ വര്‍ഷങ്ങളില്‍ ആശുപത്രിയില്‍ നഴ്‌സസ് ദിനാഘോഷങ്ങള്‍ ഉണ്ടാവാറുണ്ട്. സമ്മാനങ്ങളും നല്‍കും. എന്നാല്‍, ഇക്കുറി ലഭിച്ചത് വിലമതിക്കാനാവാത്ത സമ്മാനമായി. എല്ലാവരും ബുദ്ധിമുട്ടുന്ന ഈ നാളുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് വലിയ പ്രചോദനമാണ്. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ വാക്കുകള്‍ ഊര്‍ജമാകും”.
    കഴിഞ്ഞ ഡിസംബറില്‍ കയ്യിലെ പരിക്കിന് മോഹന്‍ലാല്‍ ചികിത്സ തേടിയിരുന്നത് വിപിഎസ് ഹെല്‍ത് കെയറിന്റെ ദുബൈ ‘ബുര്‍ജീല്‍ ഹോസ്പിറ്റല്‍ ഫോര്‍ അഡ്വാന്‍സ്ഡ് സര്‍ജറി’യില്‍ ആയിരുന്നു. ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാരെയും മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു. കേരളത്തില്‍ കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരുമായും ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായും അടുത്തിടെ മോഹന്‍ ലാല്‍ ആശയ വിനിമയം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് പ്രവാസി നഴ്‌സുമാരെ അഭിനന്ദിക്കാനും ആശ്വാസമേകാനുമുള്ള താരത്തിന്റെ ഇടപെടല്‍.

    മെയ് 12 ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ ഭാഗമായി ഫോണ്‍ കോളില്‍ മോഹന്‍ ലാലുമായി സംസാരിക്കുന്ന പ്രവാസി നഴ്‌സുമാര്‍