ഗര്‍ഭിണിയായ മകളെ നാട്ടിലെത്തിക്കാനുള്ള തത്രപ്പാടിനിടെ പ്രവാസിക്ക് ദാരുണാന്ത്യം

  108
  മുഹമ്മദ് കുഞ്ഞി

  ദുബൈ: ഗര്‍ഭിണിയായ മകളെ ദുബൈയില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള തത്രപ്പാടിനിടെ കണ്ണൂര്‍ സ്വദേശി മണ്ണന്തകത്ത് മുഹമ്മദ് കുഞ്ഞി(60)ക്ക് ദാരുണാന്ത്യം. ദുബൈയില്‍ നിന്നുള്ള വിമാന സര്‍വീസില്‍ ആദ്യ സംഘത്തില്‍ പോകാനാകുമെന്ന് മുഹമ്മദ്കുഞ്ഞി പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. നയതന്ത്ര കാര്യാലയത്തില്‍ നിന്നും വിളി വന്നതുമില്ല. മെയ് 12ന് കണ്ണൂരിലേക്കുള്ള വിമാനത്തില്‍ ഏതെങ്കിലും വിധേന മകളെ ഉള്‍പ്പെടുത്താനായി ആ പിതാവ് ആവതു ശ്രമിച്ചു. ഒടുവില്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് വിളിയെത്തി. സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഹൃദയാഘാതം സംഭവിക്കുന്നതിന് തൊട്ടു മുന്‍പ് വന്നത് കോണ്‍സുലേറ്റില്‍ നിന്നുള്ള കോള്‍ ആണെന്ന് ബന്ധുക്കള്‍ പറയുന്നു. മകള്‍ക്ക് പോകാനുള്ള വിളിയായിരുന്നു അതെന്നുമാണ് കുരുതുന്നത്.
  ഷാര്‍ജ ഫ്രീസോണിലായിരുന്നു മുഹമ്മദ്കുഞ്ഞി ജോലി ചെയ്തിരുന്നത്. എന്നാല്‍, കോവിഡ് പരിത:സ്ഥിതിയില്‍ ഇദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. പ്രമേഹ രോഗിയായ മുഹമ്മദ്കുഞ്ഞി ഏറ്റവും വേഗം നാട്ടിലെത്താനാഗ്രഹിച്ചതായിരുന്നു. ഇതിനായി എംബസി വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷനും നടത്തി. എന്നാല്‍, അനര്‍ഹരെ തിരുകിക്കയറ്റി പറന്ന വിമാനങ്ങളിലൊന്നും ഇദ്ദേഹത്തിന് ഇടം ലഭിച്ചില്ല. ഒടുവിലാണ്, ഇന്ന് ദുബൈയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തില്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലിരുന്നത്. എന്നാല്‍, ഈ വിമാനത്തിലും സീറ്റ് ലഭിച്ചിരുന്നില്ലെന്നാണ് എന്നാണ് ലഭിക്കുന്ന വിവരം.
  സക്കീനയാണ് മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ. സബീല്‍, ഷജീല, സാജിദ്, ഷാഹിദ് എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഷാനിബ, മുഹമ്മദ് റാഷിദ്.
  സാമൂഹിക-കലാ-സാംസ്‌കാരിക-കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു മുഹമ്മദ്കുഞ്ഞി. കണ്ണൂര്‍ ജില്ലാ പ്രവാസി സംഘടനയായ ‘വേയ്കി’ന്റെ ആദ്യ കാല പ്രവര്‍ത്തകനായിരുന്നു. മുഹമ്മദ്കുഞ്ഞിയുടെ വിയോഗം പരിചിത വൃത്തങ്ങളില്‍ വേദന പടര്‍ത്തി.