പ്രവാസികള്‍ ഇനി ടെന്‍ഷനടിക്കണ്ട; കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നു

1566

റസാഖ് ഒരുമനയൂര്‍
അബുദാബി: പ്രവാസികളുടെ മടക്കയാത്രയെ കുറിച്ചുള്ള ആശങ്കക്ക് വിരാമമാകുന്നു. അടുത്ത ദിവസം തന്നെ ഗള്‍ഫ് നാടുകളില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കും. ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്കെല്ലാം നിരവധി സര്‍വീസുകള്‍ നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്. 26 മുതല്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് അറിയുന്നത്.
ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും വിമാന ഷെഡ്യൂളും ഉടന്‍ ഉണ്ടാകും. അബുദാബി, ദുബൈ വിമാനത്താവളങ്ങളില്‍ നിന്നും കേരളത്തിലെ 4 വിമാനത്താവളങ്ങളിലേക്കും ഒരേ ദിവസം തന്നെ സര്‍വീസ് ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. ഷാര്‍ജയില്‍ നിന്നും സര്‍വീസുകളുണ്ടാകും.
മറ്റു ഗള്‍ഫ് നാടുകളില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ നടത്തി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നീക്കമാണ് നടന്നു വരുന്നത്. ഇതോടെ, പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാ സംബന്ധമായ ആശങ്കക്ക് വിരാമമാകുമെന്നാണ് കരുതുന്നത്.
ഗര്‍ഭിണികള്‍, രോഗികള്‍, പ്രായം ചെന്നവര്‍, വിസാ കാലാവധി കഴിഞ്ഞവര്‍, മരണാസന്നരായി കിടക്കുന്ന മാതാപിതാക്കളെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങി വിവിധ വിഭാഗത്തിലുള്ള ആയിരക്കണക്കിന് പേരാണ് ടിക്കറ്റിനുള്ള അനുമതിക്കായി കാത്തിരിക്കുന്നത്.