ചങ്ങനാശേരി: അമ്മയെ കറിക്കത്തിക്ക് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ മകന് അറസ്റ്റില്‍. തൃക്കൊടിത്താനം അമര കന്യാക്കോണില്‍(വാക്കയില്‍) കുഞ്ഞന്നാമ്മ (55) യെ വെട്ടിക്കൊലപ്പെടുത്തിയ മകന് നിധിന് (27) ആണ് അറസ്റ്റിലായത്. ശനിയാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം.
അമ്മയെ കൊലപ്പെടുത്തിയ ശേഷം നിധിന് കൊലപാതക വിവരം മാതൃസഹോദരനെ ഫോണില്‍ വിളിച്ച് അറിയിച്ചു. അയല്‍വാസികള്‍ വിവരം തൃക്കൊടിത്താനം പൊലീസില്‍ അറിയിച്ചു. വീടിന് മുന്നിലുള്ള ഗ്രില്‍ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. തൃക്കൊടിത്താനം സി ഐ അനൂപ് കൃഷ്ണ, എസ് ഐ ആര്.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീടിനുള്ളില്‍ കടന്ന് നടത്തിയ പരിശോധനയിലാണ് ബെഡ് റൂമില്‍ കഴുത്തറത്ത നിലയില്‍ കുഞ്ഞന്നമ്മായെ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ മകന് നിധിന് കുറ്റം സമ്മതിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന നിധിന് മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഈ സമയത്ത് കുഞ്ഞന്നാമ്മ നിധിന്റെ പക്കല്‍ നിന്നും എഴുപതിനായിരം രൂപ വാങ്ങിയിരുന്നു. ഇത് കൂടാതെ, ഹൃദ് രോഗിയായിരുന്ന കുഞ്ഞന്നാമ്മ മരുന്നിനും മറ്റ് ആവശ്യങ്ങള്‍ക്കും നിരന്തരം നിധിനോട് പണം ആവശ്യപ്പെടുന്നത് ഇവര്‍ക്കിടയില്‍ കലഹത്തിനു ഇടയാക്കിയിരുന്നു. സംഭവദിവസം രാവിലെ തിരുവല്ലയില്‍ പോയ നിധിന് മദ്യം വാങ്ങി വീട്ടില്‍ വന്നതും
പ്രശ്നങ്ങള്‍ക്ക് ഇടയാക്കി. 65 സെന്റ് വരുന്ന സ്ഥലത്തെ വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നത്. സ്ഥിരമായി വീട്ടില്‍ ബഹളം വെക്കുകയും അമ്മയുമായി വഴക്കു ഉണ്ടാക്കുകയും ചെയ്യുന്ന സ്വഭാവം ഇയാളില്‍ ഉണ്ടായിരുന്നു. പതിവ് പോലെ കഴിഞ്ഞ ദിവസവും അമ്മയുമായി വാക്ക് തര്‍ക്കം ഉണ്ടായി മല്‍പ്പിടുത്തം ഉണ്ടായി. തുടര്‍ന്ന് അമ്മ കറിക്കത്തിക്ക് മകന്റെ കൈയ്്ക്ക് വെട്ടി. ഇതില്‍ പ്രകോപിതനായ മകന് കറിക്കത്തി പിടിച്ചുവാങ്ങി അമ്മയുടെ കഴുത്തിലും തലയ്ക്ക് പിന്‍വശത്തും വെട്ടുകയായിരുന്നു. ഇത് കൂടാതെ ശീരമാസകലം വലുതും ചെറുതുമായി നിരവധി വെട്ടുകളുണ്ട്.
കഴുത്തിലെയും തലയ്ക്ക് പിന്‍വശത്തെയും വെട്ടുകളാണ് ആഴത്തിലുള്ളത്. മൃതദേഹത്തിനുസമീപത്തു നിന്നും വെട്ടാന്‍ ഉപയോഗിച്ച കറിക്കത്തിയും ചുറ്റികയും കിടപ്പ് മുറിയില്‍ നിന്നു കണ്ടെടുത്തു. ശനിയാഴ്ച്ച രാത്രി തന്നെ നിധിനെ പൊലീസ് കസ്റ്റയിലെടുത്ത് കുഞ്ഞന്നാമ്മയുടെ മൃതദേഹത്തിനു കാവല്‍ ഏര്‍പ്പെടുത്തി. ഇന്നലെ രാവിലെ ചങ്ങനാശേരി ഡിവൈ എസ് പി എസ് സുരേഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ തൃക്കൊടിത്താനം എസ് എച്ച് ഒ അനൂപ് കൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റും തെളിവെടുപ്പും പൂര്‍ത്തീകരിച്ചു. 11 മണിയോടെ പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. ഉച്ചക്കഴിഞ്ഞ് മാന്താനം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തി. മറ്റൊരു മകന് ജിതിന് (ഷാര്‍ജ).