വീരേന്ദ്ര കുമാര്‍: നഷ്ടമായത് ധിഷണാശാലിയെ

23

ദുബൈ: മനുഷ്യ സ്‌നേഹിയായ രാഷ്ട്രീയ നേതാവിനെയും ആര്‍ദ്രത നിറഞ്ഞ എഴുത്തുകാരനെയും പകരം വെക്കാനാവാത്ത പ്രഭാഷകനെയുമാണ് മാതൃഭൂമി എംഡി എം.പി വീരേന്ദ്ര കുമാറിന്റെ വിയോഗം മൂലം നഷ്ടമായതെന്ന് യുഎഇയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയത്തില്‍ സമയവും ഊര്‍ജവും ചെലവിട്ടില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ തത്ത്വചിന്താപരമായ സംഭാവനകള്‍ സാംസ്‌കാരിക കേരളത്തിന് നല്‍കാന്‍ അദ്ദേഹത്തിനാകുമായിരുന്നു.
മതേതര ചിന്തകളുടെയും പരിസ്ഥിതി സൗഹാര്‍ദത്തിന്റെയും വിത്തുകള്‍ കേരളത്തിന്റെ പൊതുമണ്ഡലങ്ങളില്‍ വിതറിയ രചനകളും പ്രഭാഷണങ്ങളും മതി വീരേന്ദ്ര കുമാറിനെ എക്കാലത്തേക്കും ഓര്‍മയില്‍ സൂക്ഷിക്കാനെന്നും അനുശോചന സംഗമം അഭിപ്രായപ്പെട്ടു.
കോവിഡ് 19 സുരക്ഷാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ മുഖേന ഒരുക്കിയ അനുശോചന പരിപാടിയില്‍ കോഓര്‍ഡിനേറ്റര്‍ നിഷ് മേലാറ്റൂര്‍ മോഡറേറ്ററായി.
മാതൃഭൂമി മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് പി.പി ശശീന്ദ്രന്‍, റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍, മീഡിയ വണ്‍ മിഡില്‍ ഈസ്റ്റ് വാര്‍ത്താ വിഭാഗം മേധാവി എം.സി.എ നാസര്‍, സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ.എം അബ്ബാസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഭാസ്‌കര്‍ രാജ്, ജയ്ഹിന്ദ് ടി.വി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാര്‍, മലയാള മനോരമ യുഎഇ ബ്യൂറോ ചീഫ് രാജു മാത്യു, ഗള്‍ഫ് മാധ്യമം യുഎഇ ബ്യൂറോ ചീഫ് സവാദ് റഹ്മാന്‍, മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി, മനോരമ ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ജോമി അലക്‌സാണ്ടര്‍, മനോരമ ഓണ്‍ലൈന്‍ കറസ്‌പോണ്ടന്റ് സാദിഖ് കാവില്‍, ഹിറ്റ് എഫ്എം സീനിയര്‍ ജേര്‍ണലിസ്റ്റ് ഫസ്‌ലു, ഗോള്‍ഡ് എഫ്എം ന്യൂസ് എഡിറ്റര്‍ റോയ് റാഫേല്‍ എന്നിവര്‍ സംസാരിച്ചു.
ഏഷ്യാനെറ്റ് വിഷ്വല്‍ ജേര്‍ണലിസ്റ്റ് സുജിത് സുന്ദരേശന്‍, മീഡിയ വണ്‍ ചീഫ് ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസ്റ്റ് ഷിനോജ് ഷംസുദ്ദീന്‍, 24 ന്യൂസ് സീനിയര്‍ കറസ്‌പോണ്ടന്റ് ഐശ്വര്യ, അമൃത ടിവി വിഷ്വല്‍ ജേര്‍ണലിസ്റ്റ് ജെറിന്‍ ജേക്കബ് പടമാടന്‍, റേഡിയോ ഏഷ്യ വാര്‍ത്താ അവതാരകന്‍ അനൂപ് കീച്ചേരി എന്നിവര്‍ സംബന്ധിച്ചു. കോഓര്‍ഡിനേറ്റര്‍ യുസുഫ് അലി സ്വാഗതവും കോഓര്‍ഡിനേറ്റര്‍ പ്രമദ് ബി.കുട്ടി നന്ദിയും പറഞ്ഞു.