എം.പി വീരേന്ദ്രകുമാര്‍ ഒറ്റവരിയില്‍ ഒതുക്കാനാവാത്ത പ്രതിഭാവിലാസം!

നിഷാദ് ഫുജൈറ
ചിന്തയുടെ ആഴവും ഭാഷയുടെ സൗന്ദര്യവും പ്രഭാഷണത്തിന്റെ ഗാംഭീര്യവും മനുഷ്യ പക്ഷ രാഷ്ട്രീയവും അവശേഷിപ്പിച്ചാണ് വീരേന്ദ്ര കുമാര്‍ ജീവിച്ചു തീര്‍ത്തത്. വീരേന്ദ്ര കുമാറിന്റെ നാട്ടിലെ പ്രശസ്തമായൊരു കലാലയത്തില്‍ പഠിക്കുമ്പോള്‍ അവിടത്തെ വാര്‍ഷിക സമ്മേളനത്തിലാണ് ആ വാഗ്‌ധോരണികള്‍ ആദ്യമായി നേരിട്ടു കേള്‍ക്കുന്നത്. ‘രാമന്റെ ദു:ഖ’മെഴുതിയ തൂലികയുടെ ഉടമ വാക്കുകളുടെ വിരലറ്റം കൊണ്ട് കേള്‍വിക്കാരന്റെ ഹൃദയം തൊടുകയാണ്. ആ ഇരുപത് മിനിറ്റ് സദസ്സൊന്നാകെ തപ്ത ഹൃദയരായി പൂര്‍ണ നി:ശബ്ദതയിലലിഞ്ഞു.
മതമൈത്രിയുടെ വക്താവായിരുന്ന വീരേന്ദ്ര കുമാര്‍ പ്രസംഗിക്കുന്ന മലബാറിലെ പല വേദികളിലും മുസ്‌ലിംകളായ കേള്‍വിക്കാര്‍ തടിച്ചു കൂടുന്നത് അദ്ദേഹത്തോടുള്ള അനല്‍പമായ ആദരവു കൊണ്ടു കൂടിയായിരുന്നു.
ചരിത്ര ബോധത്തിന്റെയും സംസ്‌കാര സമ്പന്നതയുടെയും ആധുനിക ചിന്തയുടെയും ഒരു സമന്വയം വീരേന്ദ്ര കുമാറിന്റെ പ്രഭാഷണങ്ങളില്‍ തെളിയാറുണ്ട്. പ്രസംഗത്തിലും പ്രവര്‍ത്തനത്തിലും തന്റെ നിയതമായ നര്‍മബോധം കാത്തു സൂക്ഷിക്കാന്‍ വീരേന്ദ്ര കുമാര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. സാഹിത്യകാരനായ രാഷ്ട്രീയക്കാരനായിരുന്നു വീരേന്ദ്ര കുമാര്‍. എഴുത്തും പ്രഭാഷണവുമായിരുന്നു രാഷ്ട്രീയ വ്യവഹാരത്തിന്റെ കാതല്‍. എം.എന്‍ വിജയനും അഴീക്കോടിനുമൊപ്പം പ്രഭാഷണ വേദികളെ പ്രകമ്പനം കൊള്ളിച്ചു. തന്റെ പരന്ന വായനയും തെളിഞ്ഞ ചിന്തയും പ്രസംഗങ്ങളില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ വാചാലതയും പാണ്ഡിത്യവും. ഗാട്ട് കരാറിനെ കുറിച്ച് സംസാരിക്കുമ്പോഴും കേരളത്തിലെ നദികളെ കുറിച്ച് പറയുമ്പോഴും അദ്ദേഹത്തിന് ഈ വാചാലതയുണ്ട്. ചിന്തയും വിശ്വാസവും പ്രവൃത്തിയും പ്രഭാഷണവും സമന്വയിപ്പിക്കാനുള്ള അപൂര്‍വ സാധന അല്‍ഭുതപ്പെടുത്തുന്നതാണ്.
വിഷയ വൈവിധ്യം കൊണ്ട് എഴുത്തിന്റെ പ്രപഞ്ചം തീര്‍ത്തു. മണ്ണിനെയും മനുഷ്യനെയും ഒരേപോലെ കൊണ്ടാടി. അങ്ങനെയാണ് പ്‌ളാച്ചിമടയും ആഗോള ജല സമ്മേളനമവുമുണ്ടായത്. പ്രകൃതിയെയും മനുഷ്യനെയും എന്നും ഒരുമിച്ചു കാണാന്‍ ശ്രമിച്ച അപൂര്‍വം രാഷ്ട്രീയ ചിന്തകരില്‍ ഒരാളാണ് എം.പി വീരേന്ദ്ര കുമാര്‍. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇഴയടുപ്പത്തെ കുറിച്ച് അദ്ദേഹം നിരന്തരം ആലോചിച്ചിരുന്നു. രാഷ്ട്രീയവും മാധ്യമ പ്രവര്‍ത്തനവും മാത്രമായിരുന്നില്ല വീരേന്ദ്ര കുമാറിനെ സ്വാധീനിച്ചിരുന്നത്. കവിതയും കവികളുടെ ലോകവും വീരേന്ദ്ര കുമാറിന് എന്നും അഭിനിവേശമായിരുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വ്യാപരിച്ച അപൂര്‍വം വ്യക്തികളിലൊരാളായ അദ്ദേഹം സാഹിത്യത്തെ കുറിച്ച്, കവിതയെ കുറിച്ച് എന്തിനാണ് വ്യാകുലപ്പെടുന്നതെന്ന് ഏതൊരു സാഹിത്യ വിദ്യാര്‍ത്ഥിയെയും പോലെ എനിക്കും തോന്നിയിട്ടുണ്ട്. മഴക്കാടുകളെയും വനഗരിമയെയും കുറിച്ച് വ്യാകുലപ്പെട്ടതു പോലെ തന്നെ അദ്ദേഹം കവികളുടെ കാവ്യ ജീവിതത്തെ കുറിച്ചും വ്യാകുല ചിത്തനായി. പ്രകൃതി സ്‌നേഹിയാണ് വീരേന്ദ്ര കുമാര്‍. പ്രകൃതിയുടെ വന്യതയെയും വാത്സല്യത്തെയും തിരിച്ചറിഞ്ഞ ഒരു മനസ്സിന്റെ വെളിപ്പെടുത്തലുകളാണ് പലപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകളിലൂടെ പുറത്തു വന്നിട്ടുള്ളത്. ‘കൈലാസ യാത്ര’, ‘ഹിമഗിരി വിഹാരം’, ‘ഹൈമവതഭൂവില്‍’ എന്നീ കൃതികള്‍ പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെ അനാവരണം ചെയ്യുന്നു. മനുഷ്യന്റെ മഹത്വം, സംസ്‌കാരം, ശാസ്ത്രഗതി, പരിസ്ഥിതി, അര്‍ത്ഥശാത്രം തുടങ്ങി എല്ലാ മേഖലകളിലും ആ പ്രതിഭ വ്യാപരിച്ചിരുന്നു. ദേശീയപ്രസ്ഥാനം ജന്‍മം കൊടുത്ത പത്രത്തെ വൈവിധ്യവത്കരണത്തിലും ആധുനികതയിലും മുന്നിലെത്തിച്ചു.

‘സമന്വയത്തിന്റെ വസന്തം’, ‘ബുദ്ധന്റെ ചിരി’, ‘ഗാട്ടും കാണാചരടുകളും’, ‘രാമന്റെ ദുഃഖം’, ‘ആത്മാവിലേക്കൊരു തീര്‍ഥയാത്ര’, ‘പ്രതിഭയുടേ വേരുകള്‍ തേടി’, ‘ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം’, ‘തിരിഞ്ഞുനോക്കുമ്പോള്‍’, ‘ആമസോണും കുറെ വ്യാകുലതകളും’, ‘ലോക വ്യാപാര സംഘടനയും ഊരാക്കുടുക്കുകളും’, ‘രോഷത്തിന്റെ വിത്തുകള്‍’, ‘അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍’, ‘സ്മൃതിചിത്രങ്ങള്‍’, ‘എം.പി വീരേന്ദ്ര കുമാറിന്റെ കൃതികള്‍’, ‘ഹൈമവതഭൂവില്‍’, ‘വേണം നിതാന്ത ജാഗ്രത’, ‘ഡാന്യൂബ് സാക്ഷി’ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍. രാഷ്ട്രീയവും സാഹിത്യവും ഒരേപോലെ ചേര്‍ത്തു നിര്‍ത്തിയ വീരേന്ദ്ര കുമാര്‍ യാത്രയാകുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും ഒരു പ്രതിഭയെയാണ് കേരളത്തിന് നഷ്ടമാകുന്നത്. വയനാടന്‍ മണ്ണില്‍ നിന്നും പ്രസിദ്ധിയുടെ ഹൈമവതഭൂവിലേക്ക് ചേക്കേറിയ അദ്ദേഹം തികഞ്ഞ രാഷ്ട്രീയ ബോധമുള്ള പൗരനായിരുന്നു.
സ്വത്തും സമ്പാദ്യവും നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നും രാഷ്ട്രീയ, സാംസ്‌കാരിക ലോകത്തേക്ക് ചേക്കേറിയ പത്മപ്രഭാ ഗൗഡറുടെ അതേ പ്രൗഢിയും പിന്തുടര്‍ച്ചയും മകനായ വീരേന്ദ്ര കുമാര്‍ തന്റെ ജീവിതത്തിലുടനീളം പ്രതിഫലിപ്പിച്ചു. മാത്രമല്ല, രാഷ്ട്രീയക്കാരിലെ സാഹിത്യകാരന്‍ എന്നൊരു മേല്‍വിലാസത്തിലാണ് അദ്ദേഹം അറിയപ്പെട്ടതും വേറിട്ടു നിന്നതും.