മണ്ണാര്‍ക്കാട്: മൂന്ന് പതിറ്റാണ്ട് കാലത്തെ അധ്യാപക സേവനത്തില്‍ നിന്നും ടി.പി മുഹമ്മദ് റഫീഖ് വിരമിച്ചു. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രിന്‍സിപ്പലായിരിക്കെയാണ് റഫീഖ് വിരമിക്കുന്നത്. കോവിഡ് 19 കാരണം മാറ്റി വെച്ച പ്ലസ്ടു പരീക്ഷകളുടെ ചുമതല സര്‍വീസിലെ അവസാന പ്രവൃത്തി ദിവസമായ ഇന്നലെ നിര്‍വ്വഹിച്ചു കൊണ്ടാണ് പടിയിറക്കം. 1990ല്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ് അധ്യാപകനായി പ്രവേശിച്ച ഇദ്ദേഹം പത്ത് വര്‍ഷം ഹൈസ്കൂള്‍ അധ്യാപകനായും, 2000ല്‍ പ്ലസ്ടു ബാച്ച് തുടങ്ങിയപ്പോള്‍ സീനിയര്‍ അധ്യാപകനായും 4 വര്‍ഷം എച്ച്.എസ്.എസ്.ടിയായും 2004 മുതല്‍ 16 വര്‍ഷക്കാലം പ്രിന്‍സിപ്പല്‍ ചുമതലയും വഹിച്ചു. കലാ കായിക വിദ്യഭ്യാസ ജീവകാരുണ്യ മേഖലകളില്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും മാനേജ്മെന്റിനെയും ഒപ്പം ചേര്‍ത്തു നിര്‍ത്തി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റിയതില്‍ നേതൃപരമായ പങ്ക് വഹിച്ചു. കെ.എച്ച്.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി എന്നി പദവികളും വഹിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ തന്റെ സ്കൂളിന് രണ്ടാം സ്ഥാനവും നേടികൊടുത്താണ് റഫീഖ് എന്ന പ്രിന്‍സിപ്പല്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നത്. സഹപ്രവര്‍ത്തകരായ സി.ആസ്യ, കെ.സുബൈദ, എന്‍.എസ് നൗഷാദ്, കെ.പി.ഉഷ എന്നിവരും റഫീഖിനൊപ്പം കല്ലടി സ്കൂളില്‍ നിന്നും ഇന്നലെ വിശ്രമ ജീവിതത്തിലേക്കിറങ്ങി.