അബുദാബി: കുന്നംകുളം വട്ടംപാടം സ്വദേശി മുസ്തഫക്കയും കുടുംബവും ഈ മഹാമാരിയുടെ കാലത്ത് മഹത്തായൊരു യജ്ഞത്തിലാണ്. ക്വാറന്റീനില്‍ കഴിയുന്ന നാല്പതിലധികം ആളുകള്‍ക്ക് ദിവസേന അന്നമൂട്ടുന്ന പുണ്യ പ്രവൃത്തിയില്‍.
ഒരിക്കല്‍ പോലും നേരില്‍ കാണുകയോ, സംസാരിക്കുകയോ, ഒരു മുഖ പരിചയമോ പോലുമോ ഇല്ലാത്ത ഒരുകൂട്ടം ആളുകളെയാണ് ഈ കുടുംബം അന്നം നല്കി പരിചരിക്കുന്നത്. 15 നാളുകള്‍ പിന്നിട്ടു. എന്നിട്ടും ഒരല്പം നീരസമോ പരിഭവമോ അവരുടെ പ്രവൃത്തികളിലോ വാക്കുകളിലോ കാണാനും കേള്‍ക്കാനുമാവില്ല.
മുസ്തഫക്കയുടെ ഭാര്യ സുഹറത്തയുടെ നേതൃത്വത്തിലാണ് ഭക്ഷണമുണ്ടാക്കുന്ന കാര്യങ്ങള്‍ നടക്കുന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങളുണ്ടെങ്കിലും വളരെ ഊര്‍ജസ്വലതയോടെ
വ്രതാനുഷ്ഠാനത്തിലും ക്വാറന്റീനില്‍ കഴിയുന്ന 40ല്‍ പരം പേര്‍ക്ക് മക്കളുടെ സ്നേഹ വാത്സല്യം നല്കി സ്വന്തം കൈ കൊണ്ട് ഭക്ഷണമുണ്ടാക്കി നല്‍കുന്നതിലും നിര്‍വൃതി കണ്ടെത്തുന്നു ഈ ഉമ്മ.
സഹായികളായി മക്കളും മരുമക്കളും പേരക്കുട്ടികളും കൂടെയുണ്ട്.
ഭക്ഷണം കണ്ടെയ്നറില്‍ പായ്ക്ക് ചെയ്യുമ്പോള്‍ ഇ ഉമ്മയുടെ ചുണ്ടുകള്‍ മന്ത്രിക്കാറുണ്ട് , ”ഇവരുടെ അസുഖങ്ങള്‍ നീ എത്രയും പെട്ടെന്ന് സുഖപ്പെടുത്തണേ നാഥാ” എന്ന്. അതോടൊപ്പം, ”നേരം വൈകിയോ, അവര്‍ വിശന്നിരിക്കുകയല്ലേ…” എന്ന വ്യാകുലതയും തുടരെത്തുടരെ സുഹറത്ത രേഖപ്പെടുത്തും. കൂടാതെ, സാധനങ്ങളൊന്നും മറക്കാതിരിക്കാന്‍ ”അത് വെച്ചില്ലേ, ഇത് വെച്ചില്ലേ…” എന്ന സ്നേഹപൂര്‍ണമായ ഓര്‍മപ്പെടുത്തലും.
പായ്ക്കിംഗ് കഴിഞ്ഞ് ഭക്ഷണ കിറ്റുകള്‍ ബോക്സില്‍ വെച്ച് ഓരോ ക്യാമ്പിന്റെയും പേരുമെഴുതി സുഹറത്തയും മക്കളും കൂടെ വന്ന് വണ്ടിയിലും കയറ്റിക്കൊടുക്കുന്നു. ഇനി ഇവ ദൂര സ്ഥലങ്ങളിലുള്ള ക്യാമ്പുകളില്‍ എത്തിക്കല്‍ മുസ്തഫക്കയുടെ ചുമതലയാണ്.
ഈ ഭക്ഷണം കഴിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ പുണ്യം ചെയ്തവരാണ്. അത്ര മേല്‍ സ്നേഹ വാല്‍സല്യത്തോടെയാണ് ഇവരിത് പാകം ചെയ്യുന്നത്.
നെയ്ച്ചോറും ചിക്കന്‍ കറിയും റെയ്ത്തയും പപ്പടവും മുട്ട പുഴുങ്ങിയതുമൊക്കെയായിരുന്നു ഇന്നലത്തെ വിഭവങ്ങള്‍. കൂടാതെ, ജ്യൂസ്, വെള്ളം, ലെബന് അപ് എന്നിവയും. ഓരോ ദിവസങ്ങളിലും അവരെ വിളിച്ച് അന്വേഷിച്ച് അവര്‍ക്കിഷ്ടമുള്ള ഭക്ഷണമാണ് ഉണ്ടാക്കുക. ഭാര്യയുടെ താല്പര്യം മനസ്സിലാക്കിയ മുസ്തഫക്ക വരുംദിവസങ്ങളില്‍ അവര്‍ക്ക് ഭക്ഷണമുണ്ടാക്കി നല്‍കാനുള്ള സാധനങ്ങളെല്ലാം ഇപ്പോള്‍ തന്നെ സംഭരിച്ചു കഴിഞ്ഞു.
ഇശല്‍ ബാന്‍ഡ് അബുദാബിയാണ് ആദ്യ ദിവസങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. സാധാരണ കൊണ്ടുപോകുന്ന കണക്കനുസരിച്ചുള്ള ഭക്ഷണവുമായി മഫ്റഖ് ക്യാമ്പില്‍ എത്തിയപ്പോഴാണ് അവര്‍ ചോദിച്ചത്, കൂടുതല്‍ ഭക്ഷണം ഉണ്ടെങ്കില്‍ 25 പേര്‍ക്കുള്ളത് വേണം. ക്വാറന്റീനില്‍ ഇപ്പോള്‍ ആളുകള്‍ കൂടുതലാണ്. മാത്രമല്ല, തൊട്ടടുത്ത വാര്‍ഡില്‍ കഴിയുന്നത് പോസിറ്റീവ് രോഗികളാണ്. അവര്‍ക്കും ഞങ്ങള്‍ തന്നെയാണ് ഭക്ഷണം എത്തിച്ചു നല്‍കുന്നത് എന്നും പറഞ്ഞു. അവിടെ നിന്നു തന്നെ മുസ്തഫക്കയെ വിളിച്ചു. മുസഫ ഷാബിയയില്‍ വരാമെങ്കില്‍ ഭക്ഷണം താന്‍ ഏര്‍പ്പാട് ചെയ്യാം എന്ന മറുപടിയും ലഭിച്ചു. നേരെ അങ്ങോട്ട് പോയി ഭക്ഷണമെടുത്ത് കൊണ്ടു വന്ന് ആ സഹോദരന്മാര്ക്ക് കൊടുത്തു. അന്ന് മുതല്‍ മുസ്തഫക്ക പറഞ്ഞു, ”അവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ നിങ്ങള്‍ അബുദാബിയില്‍ നിന്നും ബുദ്ധിമുട്ടി വരേണ്ട. അവരുടെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം”.
ഈ കുടുംബത്തിന്റെ നന്മക്ക് പകരം വെക്കാനൊന്നുമില്ല, ഒന്നും!