ഈ പെരുന്നാളില്‍ ഈ മോനെ കൂടി ഓര്‍ക്കുമോ?

ഈ പെരുന്നാളില്‍ ഈ മോനെ കൂടി ഓര്‍ക്കുമോ?
നടുവില്‍: കോവിഡ് മഹാമാരിയില്‍ ആഘോഷങ്ങളില്ലെങ്കിലും ഈ പെരുന്നാളിന്റെ സന്തോഷത്തില്‍ ഈ മകനെ കൂടി ഓര്‍ക്കുമോ. ഇത് മുഹമ്മദ് സര്‍ഹാന്‍. നടുവിലെ ഈ പത്ത് വയസുകാരന് നാഥന്‍ നല്‍കിയ ജീവന്‍ നിലനിര്‍ത്താന്‍ കരുണ വറ്റാത്തവരുടെ സഹായം തേടുകയാണ്.
നടുവിലെ ഓട്ടോ തൊഴിലാളിയായ അഷ്‌റഫിന്റെ മകനാണ് മുഹമ്മദ് സര്‍ഹാന്‍. പത്ത് വയസ് മാത്രം പ്രായമുള്ള അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഈ കുഞ്ഞുമോന്‍ കഴിഞ്ഞ നബിദിന രാത്രിയില്‍ പള്ളിയില്‍ സ്‌റ്റേജില്‍ നിന്ന് നല്ലൊരു പാട്ടും പാടി വീട്ടില്‍ പോയതാണ്. അത് കഴിഞ്ഞ് ചെറിയ അസുഖത്തെ തുടര്‍ന്ന് ഡോക്ടറെ കണ്ടു മരുന്ന് വാങ്ങി.
കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ വേദന അസഹ്യമായി. സ്‌കൂളില്‍ പോകാന്‍ പോലും പറ്റാതെയായപ്പോള്‍ വീണ്ടും തളിപ്പറമ്പ് ഗവ.ആസ്പത്രിയില്‍ ഡോക്ടറെ കണ്ടു. രക്തം പരിശോധിച്ചപ്പോല്‍ സംശയം തോന്നിയ ഡോക്ടര്‍ വീണ്ടും ടെസ്റ്റ് ചെയ്യാന്‍ പറയുകയും ചെയ്തു. ഒടുവില്‍ രക്തത്തില്‍ ക്യാന്‍സര്‍ എന്ന രോഗം കീഴ്‌പ്പെടുത്തിയിരിക്കുന്നു എന്ന വേദനാജനകമായ വാര്‍ത്തയാണ് അറിഞ്ഞത്.
മനസിലാക്കിയപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചിരുന്നു. പിന്നീട് വേദനയുടെയും ആസ്പത്രിയുടെയും നാളുകളായിരുന്നു ഈ കുഞ്ഞുമോന്. ഡോക്ടര്‍ പറഞ്ഞതനുസരിച്ച് കോഴിക്കോട് എംവിആര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. രണ്ട് മാസക്കാലത്തെ ചികിത്സക്കൊടുവില്‍ ബോധം തിരിച്ച് കിട്ടി. പിന്നീട് നിരന്തരം കിമോക്ക് വിധേയനായി. എം വി ആര്‍ ഹോസ്പിറ്റലില്‍ ചികിത്സ തുടങ്ങിയിട്ട് ഇന്ന് ആറ് മാസക്കാലമായി. കിമോ അവസാനിച്ചു.
പൂര്‍ണമായും ഭേദമാകാനും കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനും മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയ മാത്രമാണ് മുന്നിലുള്ള ഏക വഴിയെന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്. നിര്‍ധന കുടുംബമായ ഇവരെ സഹായിക്കുന്നതിനായി എംപിഎ റഹീം ചെയര്‍മാനും എന്‍ യു അബ്ദുല്ല കണ്‍വീനറുമായും ചികിത്സാ കമ്മിറ്റി രൂപീകരിച്ച് നാളിന്നുവരെ പന്ത്രണ്ട് ലക്ഷത്തോളം രൂപ സ്വരൂപിക്കുകയും പതിനൊന്ന് ലക്ഷത്തോളം രൂപ ചികിത്സാര്‍ത്ഥം ചെലവാവുകയും ചെയ്തിട്ടുണ്ട്.
മജ്ജ മാറ്റി വെക്കലിന് ഇനിയും 40 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതുണ്ട്. പതിനാറ് ലക്ഷം രൂപ അടച്ചാല്‍ മാത്രമേ ശസ്ത്രക്രിയ ആരംഭിക്കാനും സാധിക്കുകയുള്ളൂ. സര്‍ഹാനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ ഉദാരമനസ്‌കര്‍ ഉണ്ടാവുമെന്നത് മാത്രമാണ് പ്രതീക്ഷ. സഹായം അയക്കേണ്ട വിലാസം:
മുഹമ്മദ് സര്‍ഹാന്‍ ചികിത്സാ സഹായ കമ്മിറ്റി, കേരള ഗ്രാമീണ്‍ ബാങ്ക്, അക്കൗണ്ട് നമ്പര്‍: 407241 01028094, IFSC: KLGB0040724 ബ്രാഞ്ച് നടുവില്‍.