പട്ടാമ്പി: എന്‍.സി.സി ഓഫീസര്‍ ആകാനുള്ള പരിശീലനത്തിന് ശേഷം മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ നിന്ന് സംസ്ഥാന ഗവണ്മെന്റിന്റെ പ്രത്യേക അനുവാദത്തോടെ 20 അസോസിയേറ്റ് എന്‍.സി.സി ഓഫിസര്‍മാര്‍ നാട്ടില്‍ തിരിച്ചെത്തി. ഏപ്രില്‍ 9ന് കോഴ്സ് പൂര്‍ത്തീകരിച്ചു എങ്കിലും ലോക്ക് ഡൗണ്‍ നീട്ടിയത് കാരണം മെയ് 3 വരെ അവിടെത്തന്നെ തുടരുകയായിരുന്നു. എന്‍.സി.സി ഡയറക്ടറേറ്റ് ഇവരെ മടക്കി കൊണ്ടുവരുവാന്‍ ഗവണ്മെന്റിന് പ്രത്യേക അപേക്ഷ നല്‍കുകയും മുത്തങ്ങ വഴി കേരളത്തിലേക്ക് പ്രവേശനാനുമതി ലഭിക്കുകയും ചെയ്തു. നാഗ്പൂരില്‍ നിന്ന് ചൊവ്വാഴ്ച പ്രത്യേക ബസില്‍ പുറപ്പെട്ട സംഘം വ്യാഴാഴ്ച രാവിലെയാണ് കല്‍പ്പറ്റ 5 കേരള എന്‍.സി.സി ബറ്റാലിയനില്‍ എത്തിച്ചേര്‍ന്നത്.
മറ്റു ജില്ലയിലെ ഓഫീസര്‍മാരെ എന്‍.സി.സി ഏര്‍പ്പെടുത്തിയ വാഹനങ്ങളില്‍ വീടുകളിലെത്തിച്ചു. 28 ഒറ്റപ്പാലം ബറ്റാലിയനിലെ ഒരാളും കൂട്ടത്തിലുണ്ട്. 3 മാസമായി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് സൈനിക ആസ്പത്രിയില്‍ വിദഗ്ദ്ധ പരിശോധന നടത്തി കോവിഡ്19 നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയിട്ടുണ്ടെങ്കിലും ഹോം ക്വാറന്റൈനില്‍ 14 ദിവസത്തേക്ക് കൂടി തുടരും.
ഓഫീസര്‍മാരുടെ മടക്കയാത്രക്ക് എന്‍.സി.സി വകുപ്പ് മന്ത്രി കെ.ടി ജലീല്‍, രാജ്യസഭാംഗം കെ.കെ രാഗേഷ്, വാര് റൂം ഉദ്യോഗസ്ഥര്‍, നോര്‍ക്ക ഉദ്യോഗസ്ഥര്‍, എന്‍.സി.സി ഒഫീഷ്യറ്റിംഗ് അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജി.ജെ.എസ് ബഗിയാന, അഡിഷണല്‍ ഡയറക്ടര്‍ ലെഫ്.കേണല്‍ വി.ഡി ചാക്കോ, എന്‍.സി.സിയുടെ സംസ്ഥാന സര്‍ക്കാര്‍ ലെയ്സണ്‍ ഓഫീസര്‍മാരായ ക്യാപ്റ്റന്‍ സുനില്‍.പി, ഫസ്റ്റ് ഓഫീസര്‍ അനില്‍.കെ.നായര്‍ എന്നിവര്‍ നേതൃത്വം നല്കി.