നാട്ടിലേക്ക് മടങ്ങാനാവാതെ ഗുജറാത്തില്‍ കുടുങ്ങി 200 മലയാളികള്‍

കോഴിക്കോട്: നാട്ടിലേക്ക് മടങ്ങാന്‍ മാര്‍ഗമില്ലാതെ ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍കുടുങ്ങി 200 മലയാളികള്‍. ബറൂച്ചിലെ യൂനാനി ആസ്പത്രിയില്‍ ജോലി ചെയ്യുന്ന 17 കോഴിക്കോട് സ്വദേശികളടക്കമുള്ളവരാണ് തീവണ്ടിയോ മറ്റ് വാഹന സൗകര്യങ്ങളോ ലഭിക്കാതെ പ്രയാസത്തിലായത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ അതാത് സര്‍ക്കാരുകള്‍ ബസ് മുഖേന നാട്ടിലേക്ക് കൊണ്ടുപോവുന്നുണ്ട്. എന്നാല്‍ മലയാളികളെ നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തില്‍ ഇതുവരെ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് പേരാമ്പ്ര ചെമ്പ്ര സ്വദേശിയായ അസീസ് പറഞ്ഞു.
നാട്ടിലേക്ക് മടങ്ങാന്‍ സ്വകാര്യ വാഹനങ്ങള്‍ ഏര്‍പ്പാടാക്കാന്‍ ശ്രമം നടന്നെങ്കിലും വന്‍തുക ചോദിക്കുന്നതിനാല്‍ നടന്നില്ല. 1,80,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് വാഹന ഉടമകള്‍ ചോദിക്കുന്നത്. ഇന്നലെ കുറേപേര്‍ ചേര്‍ന്ന് വാഹനം ബുക്ക് ചെയ്‌തെങ്കിലും യാത്രാ പാസ് നല്‍കുന്നത് നിര്‍ത്തിവെച്ചതിനാല്‍ ഇവരുടെ യാത്ര മുടങ്ങി. ഇരു സംസ്ഥാനങ്ങളുടെയും പാസ് ശേഖരിക്കുന്നതടക്കം സങ്കീര്‍ണ നടപടിക്രമങ്ങള്‍ ഇവരെ ബുദ്ധിമുട്ടിലാക്കുന്നു. ട്രെയിന്‍ സര്‍വിസ് പുനരാരംഭിക്കാത്ത സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇവിടേക്കയച്ച തങ്ങളെ നാട്ടിലെത്തിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.