മദീനയില്‍ നിന്ന് വിമാന സര്‍വീസ് ആരംഭിക്കണം: മദീന കെ എം സി സി

27

മദീന: കോവിഡ് 19 പാശ്ചാത്തലത്തില്‍ പ്രവാസ ലോകത്തെ ഇന്ത്യന്‍ സമൂഹം ജന്മനാടുകളിലേക്ക് തിരിക്കുന്ന ഈ സാഹചര്യത്തില്‍ മദീന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലെ കേരളമടക്കമുള്ള വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് വിമാന സര്‍വീസ് ആരംഭിക്കണമെന്ന് മദീന കെഎംസിസി ആവശ്യപ്പെട്ടു.
ഇന്ത്യന്‍ എംബസി സഊദിയില്‍ തയാറാക്കിയ വിമാനത്താള പോയിന്റുകളില്‍ റിയാദ്, ജിദ്ദ, ദമ്മാം എന്നിവ മാത്രമാണുള്ളത്. മദീനയിലും ആയിരക്കണക്കിന് പ്രവാസി സമൂഹം ജന്മനാടുകളിലേക്ക് യാത്രയാവാന്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ്. കോവിഡല്ലാത്ത രോഗ ങ്ങളുള്ളവരും ഗര്‍ഭിണികളും വിസിറ്റിംഗ് വിസയിലെത്തി കാലാവധി കഴിഞ്ഞവരും ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ടവരും എക്‌സിറ്റടിച്ചവരും വൃദ്ധരും കുട്ടികളുമെല്ലാം ഇതില്‍ പെടും. ഇന്ത്യന്‍ എംബസി തയാറാക്കുന്ന അടുത്ത ഷെഡ്യൂളുകളുടെ യാത്രാ ലിസ്റ്റുകളില്‍ മദീനയില്‍ നിന്നുള്ള വിമാന സര്‍വീസ് പരിഗണനയിലില്ലാത്തത് മദീന വിമാനത്താവളത്തെ മാത്രം ആശ്രയിക്കുന്ന മദീനയിലും പരിസര പ്രദേശങ്ങളായ ഖൈബര്‍, യാമ്പു, അനാക്കിയ അല്‍ മഹദ് ,ബദര്‍, അല്‍ ഉലാ പോലുള്ള സ്ഥലങ്ങളില്‍ നിന്നുള്ള പ്രവാസി സമൂഹങ്ങള്‍ക്ക് വളരെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മദീന വിമാനത്താവളം വഴി ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്നാണ് കെഎംസിസി മദീന ഘടകം ആവശ്യപ്പെടുന്നത്. ശക്തമായ കര്‍ഫ്യൂ സംവിധാനം നിലനില്‍ക്കുന്ന മദീന പോലുള്ള സ്ഥലങ്ങളില്‍ നിന്ന് നാനൂറിലധികം കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ജിദ്ദ പോലുള്ള സ്ഥലങ്ങളിലേക്ക് ഇത്തരം ആളുകള്‍ക്ക് എത്തിപ്പെടല്‍ പ്രയാസമാണ്. ഇന്ത്യന്‍ സര്‍ക്കാറും എംബസിയും കേരള സര്‍ക്കാറും ഈ വിഷയത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മദീനയിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി ആവശ്യപ്പെട്ട് നാട്ടിലേക്ക് പോകാന്‍ തയാറുള്ള പ്രവാസികളുടെ കണക്ക് വിവരങ്ങള്‍ വെച്ച് ഇന്ത്യന്‍ അംമ്പാസഡര്‍ ഡോ. ഔസാഫ് സഈദിനും ജിദ്ദ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, വിദേശ കാര്യ സഹ മന്ത്രി വി. മുരളീധരന്‍, മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി എന്നിവര്‍ക്കും ഇമെയില്‍ മുഖാന്തിരം നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്ന് മദീന കെഎംസിസി നേതാക്കളായ സൈദ് മൂന്നിയൂര്‍, ഷെരീഫ് കാസര്‍കോട്, ഗഫൂര്‍ പട്ടാമ്പി, ഹംസ പെരിമ്പലം എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം മദീന കെഎംസിസി ഈ വിഷയം കേരള പ്രതിപക്ഷ ഉപ നേതാവ് ഡോ. എം.കെ മുനീറിന്റെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനോട് ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.