നീറ്റ് പരീക്ഷക്ക് ദുബൈയിലും അബുദാബിയിലും സെന്റര്‍ അനുവദിക്കണമെന്ന് കെഎംസിസി

30

ഫുജൈറ: നീറ്റ് പരീക്ഷക്ക് അപേക്ഷിച്ച പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാവണമെന്ന ആവശ്യവുമായി യുഎഇ നാഷണല്‍ കെഎംസിസി ഇന്ത്യന്‍ പ്രധാനമന്ത്രിക്കും മാനവ വിഭവ ശേഷി വികസന മന്ത്രിക്കും അപേക്ഷ നല്‍കി. കോവിഡ് 19 ബാധയുടെ പ്രത്യേക സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടാതെ പരീക്ഷക്കിരിക്കാന്‍ യുഎഇയില്‍ ദുബൈയിലും അബുദാബിയിലും സെന്ററുകള്‍ അനുവദിക്കണം. ജൂലൈ 26നാണ് നീറ്റ് പരീക്ഷ നടക്കുക. നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാക്കുന്ന പ്രശ്‌നം ഗൗരവമായി കാണണമെന്നും അടിയന്തിര ഇടപെടല്‍ വേണമെന്നും നാട്ടിലെത്തി പരീക്ഷക്കിരിക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഏറെ ആശ്വാസമാകുമെന്നും കത്ത് മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ കെഎംസിസി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എച്ച്ആര്‍ഡി മന്ത്രി രമേശ് പൊക്രിയാലിനുമാണ് കെഎംസിസി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ കത്തുകളയച്ചത്.
ഇന്ത്യയില്‍ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടാന്‍ നീറ്റ് പരീക്ഷ നിര്‍ബന്ധിതമായിരിക്കെ നിലവിലുള്ള നയമനുസരിച്ച് ഇന്ത്യയില്‍ തന്നെ പരീക്ഷ എഴുതണം. എന്നാല്‍, കൊറോണ പ്രതിരോധ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലെത്താന്‍ ബുദ്ധിമുട്ടുണ്ട്. നാട്ടിലെത്തിയാലും ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ട സാഹചര്യം കൂടി കണക്കിലെടുത്ത് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ സെന്റര്‍ അനുവദിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം ശക്തമാവുകയാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ കെഎംസിസി കമ്മിറ്റികള്‍ ഇതുസംബന്ധിച്ച അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.