കൊയിലാണ്ടി: കോവിഡാനന്തരം കാര്‍ഷികരംഗം വലിയമാറ്റത്തിനാണ് നാട് ഒരുങ്ങുന്നത്. അതിജീവനത്തിന്റെ ഈ കാലത്ത് പുത്തന്‍മാതൃക തീര്‍ക്കുകയാണ് രണ്ട് യുവകര്‍ഷകര്‍. വയനാട്ടിലെ ഗോത്രസമൂഹം പതിറ്റാണ്ടുകളായി സംരക്ഷിച്ചു പോരുന്ന അത്യുല്പാദന ശേഷിയുള്ള രക്തശാലി, കുങ്കുമ ശാലി, മുള്ളന്‍ കയമ, ക്രൗണി, കൃഷ്ണ കൗമുദ്, തൊണ്ടി, ചോമാല, വെളിയന്‍, വെളിയന്‍ പാല, കല്ലടിയാര്യന്‍, അടുക്കന്‍ എന്നിവയടക്കം പതിനെട്ടോളം വിത്തുകള്‍ വിതച്ചാണ് സുഹൃത്തുക്കളായ ബിജു കാവിലും ടി.പി ലിജുവും കാര്‍ഷികരംഗത്ത് മുന്നേറുന്നത്.
നടുവണ്ണൂര്‍ കാവില്‍ പാടശേഖരത്തിലാണ് നെല്‍കൃഷി. നിലമൊരുക്കലും വിത്ത് വിതയും അനുബന്ധ ജോലികളെല്ലാം ഇവര്‍ തന്നെ. സഹായത്തിന് പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകത്തൊഴിലാളി ടി.പി കുഞ്ഞിക്കണാരനുമുണ്ട്. അത്യപൂര്‍വ്വമായ സ്ഥലങ്ങളില്‍ മാത്രം കൃഷി ചെയ്യുന്നതും ഏറെ ഔഷധ ഗുണങ്ങളുമുള്ളവയുമാണ് രക്തശാലിയും കുങ്കുമശാലിയും. എല്ലാ നെല്‍ വിത്തുകളും മാനന്തവാടിയിലെ ദേവ്ല എന്ന ഗോത്ര കര്‍ഷക സ്ത്രീയില്‍ നിന്നാണ് ശേഖരിച്ചത്. കഴിഞ്ഞ രണ്ട് പ്രളയകാലങ്ങളിലും വയനാടന്‍ മലമുകളില്‍ മുളപ്പിച്ച് സംരക്ഷിച്ച നെല്‍ വിത്തുകള്‍ കര്‍ഷകര്‍ക്ക് സൗജന്യമായാണ് ലഭിച്ചത്. ചുവന്ന നിറമുള്ള രക്തശാലിക്ക് നശിച്ചു പോയ കോശങ്ങളെ പുനര്‍നിര്‍മിക്കാനും രക്തം ശുദ്ധീകരിക്കാനും കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആറു മാസം കൊണ്ട് വിളവെടുക്കാന്‍ കഴിയുന്ന നെല്‍ വിത്തുകള്‍ കൂടിയാണിത്. ഒരു മീറ്ററോളം നെല്‍ച്ചെടികള്‍ വളരുമെന്നതിനാല്‍ മഴക്കാലം വെള്ളക്കെട്ടിനെ അതിജീവിക്കാന്‍ കഴിയും. നെല്ലിനങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷിയും കൂടുതലാണ്. ഗന്ധകശാല, ജീരകശാല, ചെന്താടി, ചെന്നെല്ല്, ഞവര, കൊടുവെളിയന്‍, ഓണ മുട്ടന്‍ എന്നീ നെല്‍ വിത്തുകളാണ് കൃഷി ചെയ്യുന്ന മറ്റിനങ്ങള്‍. ചേമഞ്ചേരി യു.പി സ്കൂള്‍ അധ്യാപകനും പ്രഭാഷകനുമായ ബിജു കാവില്‍ ജനശ്രീ ജില്ലാ മിഷന് വര്‍ക്കിങ് ചെയര്മാന് കൂടിയാണ്. വിഷന്‍ ഗൈഡന്‍സ് സെന്റര്‍ പ്രവര്‍ത്തകനാണ് ടി.പി ലിജു. കല്‍പ്പറ്റയിലും ഇവര്‍ കൃഷിയിറക്കിയിട്ടുണ്ട്.