
കണ്ണീരുണങ്ങാതെ ബാവനഗര്‍
കാഞ്ഞങ്ങാട്: ഒരേ കട്ടിലില്‍ നിവര്‍ത്തിക്കിടത്തിയ മൂന്നുമക്കളുടെ മയ്യിത്തുകള്‍… കണ്ടവരെയൊക്കെയും കരയിപ്പിച്ചു. പരിയാരം സിഎച്ച് സെന്ററില്‍ നിന്നു കുളിപ്പിച്ചതിന് ശേഷം മയ്യിത്തുകളുമായി ആംബുലന്‍സുകള്‍ വീട്ടുമുറ്റത്തെത്തിയപ്പോള്‍ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും വേദന താങ്ങാനാവാതെ കരയുന്നുണ്ടായിരുന്നു.
വ്യാഴാഴ്ച വൈകിട്ടോടെയാണ് ബാവാനഗറില്‍ ഒരേ കുടുംബത്തിലെ മക്കളായ ബാഷിര്‍, അജനാസ്, മിസ്ബാഹ് എന്നിവര്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത്. നോമ്പുതുറയുടെ ഒരുക്കള്ക്കിടയിലാണ് കുട്ടികളുടെ മരണ വിവരം നാടറിയുന്നത്. അതിഞ്ഞാലിലെ സ്വകാര്യ ആസ്പത്രികളിലെ മോര്‍ച്ചറിയിലുണ്ടായിരുന്ന കുഞ്ഞുങ്ങളുടെ മയ്യത്ത് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. ശേഷം പരിയാരം സിഎച്ച് സെന്ററില്‍ വെച്ച് കുളിപ്പിച്ചതിനു ശേഷം ഒന്നരയോടെ ബാവ നഗറിലെ വീട്ടിലെത്തിച്ചു.
വീട്ടില്‍ വെച്ച് തന്നെ മയ്യിത്ത് നിസ്കരിച്ച ശേഷം മൂന്നരയോടെ ബാവ നഗര്‍ മുഹിയുദ്ദീന് ജുമാ മസ്ജിദില്‍ അടുത്തടുത്ത് തീര്‍ത്ത മൂന്നു ഖബറുകളിലായി മൂവരുടെയും ഖബറടക്കവും നടത്തി. മയ്യിത്ത് നിസ്കാരത്തിന് ജമാഅത്ത് വൈസ് പ്രസിഡന്റ് എഎ അബുബക്കര്‍ ഹാജി നേതൃത്വം നല്കി.
മരണവിവരമറിഞ്ഞ് രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, മുസ്്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി, മണ്ഡലം പ്രസിഡന്റ്് എംപി ജാഫര്‍, നഗരസഭ ചെയര്മാന് വിവി രമേശന്, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ മണിരാജ്, കാഞ്ഞങ്ങാട് വില്ലേജ് ഓഫീസര്‍ അബ്ദുല്‍ സലാം, മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി, മുനിസിപ്പല്‍ പ്രസിഡന്റ് അഡ്വ. എന്‍. എ ഖാലിദ്, ജനറല്‍ സെക്രട്ടറി സികെ റഹ്മത്തുല്ല, അജാനൂര്‍ പഞ്ചായത്ത് ജന. സെക്രട്ടറി ഹമീദ് ചേരക്കാടത്ത്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ ആറങ്ങാടി, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മഹ്മൂദ് മുറിയനാവി, കൗണ്‍സിലര്‍മാരായ അസൈനാര്‍ കല്ലൂരാവി, പി ഖദീജ, പ്രവാസി ലീഗ് മണ്ഡലം ട്രഷറര്‍ എ കുഞ്ഞബ്ദുല്ല എന്നിവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് ഫോണില്‍ കുടുംബത്തെ വിളിച്ചു അനുശോചിച്ചു. ഡിവൈഎസ്പി പികെ സുധാകരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തുണ്ടായിരുന്നു.