ന്യൂഡല്‍ഹി: രാജ്യവ്യാപക ലോക്ക്ഡൗണിന് കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പല സംസ്ഥാനങ്ങളും ലോക്ക്ഡൗ ണ് ജൂണ്‍ 30 വരെ നീട്ടാന്‍ തീരുമാനിച്ചു. പഞ്ചാബിനും മധ്യപ്രദേശിനും പിന്നാലെ തമിഴ്നാട്, ബിഹാര്‍, ഉത്തര്‍പ്രദേശ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടിയതായി അറിയിച്ചു.
മഹാരാഷ്ട്രയില്‍ മിഷന് ബിഗിന് എഗെയ്ന് എന്ന് പേരിട്ടിരിക്കുന്ന അഞ്ചാം ഘട്ട ലോക്ക്ഡൗണില്‍ നിരവധി ഇളവുകള്‍ മഹാരാഷ്ട്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം ഘട്ടത്തില്‍ ജൂണ്‍ 3 മുതല്‍ സൈക്ലിംഗ്, ജോഗിംഗ്, ബീച്ചുകള്‍, പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, പൂന്തോട്ടങ്ങള്‍, തുടങ്ങിയ പൊതു ഇടങ്ങളില്‍ ആളുകളെ അനുവദിക്കും. രാവിലെ 5 മുതല്‍ വൈകുന്നേരം 7 വരെയാണ് ആളുകളെ അനുവദിക്കുക.
ഇലക്ട്രീഷ്യന്മാര്, കീടനിയന്ത്രണം, സാങ്കേതിക വിദഗ്ധര്‍ എന്നിങ്ങനെ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമൂഹിക അകലം പാലിച്ച് കൊണ്ട് ജോലികള്‍ പുനരാരംഭിക്കാന്‍ സാധിക്കും. 15 ശതമാനം ജീവനക്കാരെ അനുവദിച്ചുകൊണ്ട് എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ജൂണ്‍ 3 മുതല്‍ വീണ്ടും തുറക്കും. രണ്ടാം ഘട്ടത്തില്‍ ജൂണ്‍ 5 മുതല്‍ മാളുകളും മാര്‍ക്കറ്റ് കോംപ്ലക്സുകളും ഒഴികെയുള്ള എല്ലാ വിപണികളും രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വീണ്ടും തുറക്കാന്‍ അനുവദിക്കും. എന്നാല്‍ കടകളിലെ ട്രയല്‍ റൂമുകള്‍ അനുവദിക്കില്ല.
ഷോപ്പിംഗിനായി സൈക്കിള്‍ ഉപയോഗിക്കാനോ നടക്കാനോ ആളുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്. ടാക്സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവ അവശ്യ സേവനങ്ങള്‍ക്കായി മാത്രമേ ഓടാന്‍ പാടുള്ളൂ. ഡ്രൈവറും പരമാവധി രണ്ട് യാത്രക്കാരും മാത്രമേ പാടുള്ളൂ. ജൂണ്‍ 8 മുതലുള്ള മൂന്നാം ഘട്ടത്തില്‍ എല്ലാ സ്വകാര്യ ഓഫീസുകളിലും 10 ശതമാനം സ്റ്റാഫുകളുമായി പ്രവര്‍ത്തിക്കാന്‍ അനവദിക്കും. എന്നാല്‍ ഈ ഇളവുകളൊന്നും കണ്ടെയ്ന്മെന്റ് സോണുകളില്‍ ബാധകമായിരിക്കില്ല.സ്കൂളുകള്‍, കോളജുകള്‍, പരിശീലന സ്ഥാപനങ്ങള്‍, മെട്രോ റെയില്‍, സിനിമാ ഹാളുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, തീയറ്ററുകള്‍, ഓഡിറ്റോറിയം, വലിയ യോഗങ്ങള്‍, സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നീ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ അനുവദിക്കില്ല.
തമിഴ്നാട്ടില്‍ ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ കോവിഡ് തീവ്രബാധിത ജില്ലകളിലാണ് ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ തുടരുക. ഇവ ഒഴികെയുള്ള ജില്ലകളില്‍ കൂടുതല്‍ ഇളവ് ഏര്‍പ്പെടുത്തി. അറുപത് ശതമാനം യാത്രക്കാരോടെ പൊതുഗതാഗതത്തിന് അനുമതിയുണ്ട്. കണ്ടൈയ്ന്‍മെന്റ് സോണില്‍ ഒഴികെ നാളെ മുതല്‍ ഓട്ടോ ടാക്സി സര്‍വ്വീസുകള്‍ നടത്താം. ഷോറൂമുകളും വലിയ കടകളും തുറക്കാം. ഹോട്ടലുകളില്‍ ജൂണ്‍ 8 മുതല്‍ ഭക്ഷണം വിളമ്പാം. എന്നാല്‍ ആരാധനാലയങ്ങള്‍, മാള്‍, ജിംനേഷ്യം എന്നിവ തുറക്കില്ല. അമ്പത് ശതമാനം ജീവനക്കാരോടെ വ്യവസായ ശാലകള്‍ക്കും 20 ശതമാനം ജീവനക്കാരോടെ ഐടി കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. പക്ഷേ, ചെന്നൈ ഉള്‍പ്പടെ റെഡ്സോണ്‍ മേഖലയിലും കൂടുതല്‍ ഇളവ് നല്‍കുന്നത് രോഗവ്യാപനത്തിന് വഴിവയ്ക്കുമോ എന്നാണ് തമിഴ്നാട്ടില്‍ ഇപ്പോഴുയരുന്ന ആശങ്ക. ഉത്തര്‍പ്രദേശില്‍ ആരാധനാലയങ്ങള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ ജൂണ്‍ 8 മുതല്‍ തുറക്കാന്‍ അനുവദിക്കും. ബീഹാറും തീവ്രബാധിത മേഖലകളിലാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.
ആദ്യഘട്ട ലോക്ക് ഡൗണ്‍ നിലവില്‍ വന്ന മാര്‍ച്ച് 25 ന് രാജ്യത്തുണ്ടായിരുന്നത് 576 കോവിഡ് രോഗികളാണ്. 68 ദിവസത്തിനിടെ രോഗബാധിതരുടെ എണ്ണത്തിലുണ്ടായത് മുന്നൂറ് ഇരട്ടിയിലധികം വര്‍ധന. രോഗബാധ സംബന്ധിച്ച് ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ഒന്‍പതാമതുള്ള ഇന്ത്യക്ക് തൊട്ട് മുന്‍പിലുള്ള ജര്‍മ്മനിയുമായി 1151 കേസുകളുടെ വ്യത്യാസം മാത്രമേയുള്ളൂ. ഇന്ത്യയിലെ പ്രതിദിന നിരക്ക് എണ്ണായിരത്തിലധികമാകുമ്പോള്‍ ജര്‍മ്മനിയില്‍ ആയിരത്തില്‍ താഴെ കേസുകല്‍ മാത്രമേ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. മരണ നിരക്കിലും വലിയ വര്‍ധയാണ് ഉണ്ടായത്. ഒന്നാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25ന് മരണസംഖ്യ പതിനൊന്നെങ്കില്‍ നാലാംഘട്ടം അവസാനിക്കുമ്പോള്‍ 5164 പേരാണ് മരിച്ചത്.