നിസാര്‍ തളങ്കര യുഎഇ കെഎംസിസി ജന.സെക്രട്ടറി

    നിസാര്‍ തളങ്കര

    ദുബൈ: കെഎംസിസി യുഎഇ നാഷണല്‍ കമ്മിറ്റി ജന.സെക്രട്ടറിയായി നിസാര്‍ തളങ്കര നിയമിതനായി. നിലവില്‍ യുഎഇ കെഎംസിസി കേന്ദ്ര ജന.സെക്രട്ടറിയായ ഇബ്രാഹിം എളേറ്റില്‍ ദുബൈ സംസ്ഥാന കെഎംസിസി പ്രസിഡന്റായി നിയമിതനായതിനാല്‍ അദ്ദേഹം കേന്ദ്ര ജന.സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് സംസ്ഥാന മുസ്‌ലിം ലീഗ് നേതൃത്വ തീരുമാന പ്രകാരം നിസാര്‍ തളങ്കര കേന്ദ്ര ജന.സെക്രട്ടറിയായി നിയമിതനായത്. നിലവില്‍ യുഎഇ കെഎംസിസി വൈസ് പ്രസിഡന്റുമാരിലൊരാളായി സേവനമനുഷ്ഠിക്കുന്ന നിസാര്‍ രണ്ടു തവണ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ ജന.സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരിക്കുന്ന വിശാല ജനകീയ മുന്നണിയുടെ ചെയര്‍മാനാണ്. കോളജ് അലൂംനികളുടെ കോണ്‍ഫെഡറേഷനായ ‘അക്കാഫ്’ മുന്‍ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദമുള്ള നിസാര്‍ കാസര്‍കോട് ഗവ.കോളജില്‍ നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ത്ഥി ജീവിതം മുതല്‍ എംഎസ്എഫ് മുന്നണി പ്രവര്‍ത്തകനായിരുന്നു. മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സംസ്ഥാന ജന.സെക്രട്ടറിയും മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ സ്വതന്ത്ര തൊഴിലാളി യൂനിയന്‍ നേതൃനിരയിലെ പ്രമുഖ വ്യക്തിത്വവും കേരളത്തിലെ അറിയപ്പെടുന്ന എസ്ടിയു നേതാവുമായിരുന്ന മര്‍ഹൂം തളങ്കര മജീദ് സാഹിബിന്റെ മൂത്ത പുത്രനാണ്. യുഎഇ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ അറിയപ്പെടുന്ന സാമൂഹിക-സാംസ്‌കാരിക സാന്നിധ്യം കൂടിയാണ് നിസാര്‍ തളങ്കര. ഭാര്യ: സാഹിദ തെരുവത്ത്. മക്കള്‍: റസ്‌നിം, നോസിം ഫാത്തിമ (ലണ്ടന്‍ സര്‍റേ യൂണിവേഴ്‌സിറ്റി പിജി വിദ്യാര്‍ത്ഥിനി), ഹാസം (ദുബൈ മിഡില്‍ സെക്‌സ് യൂണിവേഴ്‌സിറ്റി ഫൈനല്‍ ഇയര്‍ ബിരുദ വിദ്യാര്‍ത്ഥി). മരുമക്കള്‍: അഷ്‌വാസ്, ഹാഷിര്‍.