പള്ളിക്കല്‍: ഒരു വീട്ടില്‍ ഭാര്യയും ഭര്‍ത്താവും റമസാന്‍ മാസം ആയതോടെ വ്രത വിശുദ്ധിയുടെ വഴിയില്‍ ആണ്. പള്ളിക്കല്‍ ബസാര്‍ പുല്പറമ്പില് നെച്ചിക്കാട്ട് വീട്ടില്‍ നാരകശ്ശേരി മനോജ് കുമാറും ഭാര്യ ശ്രീജയുമാണ് നോമ്പ് പിടിക്കുന്നത്. ഹൈന്ദവ മത വിശ്വാസികള്‍ ആയ ഇരുവരും സുഹൃത്തുക്കള്‍ വഴിയും നാട്ടുകാര്‍ വഴിയും നോമ്പിന്റെ രീതികള്‍ മനസ്സിലാക്കിയാണ് റമസാന്‍ വ്രതം എടുക്കാന്‍ തുടങ്ങിയത്. മനോജ് കുമാര്‍ മുന്‍ വര്‍ഷങ്ങളില്‍ ഇടക്കിടെ നോമ്പ് എടുക്കാറുണ്ട്. ഈ തവണ ഭാര്യ ശ്രീജ കൂടെ നോമ്പ് നോല്ക്കുവാന് തയാറായതോടെ ഇരുവരും ഈ വര്‍ഷത്തെ മുഴുവന്‍ നോമ്പും എടുത്തു വരുന്നു. സുബഹി ബാങ്കിനു മുമ്പെ അത്താഴം കഴിച്ചു മഗ്രിബ് ബാങ്ക് പള്ളികളില്‍ നിന്നും മുഴങ്ങുന്നതോടെ കാരക്ക കൊണ്ട് തന്നെ നോമ്പ് തുറക്കുന്നു. കൂലിപ്പണിക്കാരനും ഓട്ടോ ഡ്രൈവറുമായ മനോജ് കുമാറും ഭാര്യയും വരും വര്‍ഷങ്ങളിലും റമസാനില്‍ മുഴുവന്‍ നോമ്പുകളും എടുക്കണം എന്ന ആഗ്രഹത്തില്‍ തന്നെയാണ്.